Advertisment

പാലായുടെ പഴയ പെരുമകേട്ട റോഡുകളൊക്കെ പഴങ്കഥ, ഇപ്പോള്‍ നിറയെ കുണ്ടും കുഴിയും. പാലായില്‍ ഇങ്ങനൊരു ഗതികേട് കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇതാദ്യം. ആറുമാസം മുമ്പ് 'ഉദ്ഘാടന ആറാട്ട് ' നടത്തിയ ബൈപ്പാസിലെ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ ഇപ്പോള്‍ കുപ്പിക്കഴുത്തിന് പുറമെ നിറയെ കുഴികളും കൂടിയുണ്ട്. ആകെ നടക്കുന്നത് 'നിര്‍ദേശം നല്‍കലും ഫോട്ടോ ഷൂട്ടും' മാത്രം ! 15 വര്‍ഷം പിന്നിലേയ്ക്ക് നടന്ന് പാലാ...

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ: ഇങ്ങനൊരു ഗതികേട് എന്തായാലും ചുരുങ്ങിയത് കഴിഞ്ഞ 30 വര്‍ഷത്തിനിടെ പാലാക്കാര്‍ക്ക് ഉണ്ടായിട്ടില്ല. ഹൈവേകള്‍ ഉള്‍പ്പെടെയുള്ള റോഡുകളില്‍ കൂടി നടുവുളുക്കാതെ യാത്ര ചെയ്യണമെങ്കില്‍ പ്രത്യേക ദൈവാനുഗ്രഹം കൂടിയേ തീരൂ...

പാലായിലെ നഗരയാത്ര കുണ്ടും കുഴികളും നിറഞ്ഞ് നരകതുല്യമാണ്. കഴിഞ്ഞ ദിവസമാണ് രോഗിയുമായി വന്ന ആംബുലന്‍സ് കുഴിയില്‍ വീണ് ടയര്‍ കീറി യാത്ര മുടങ്ങിയത്, അതും പാലാ ടൗണിലെ ഹൃദയഭാഗത്ത് സ്റ്റേഡിയം ജംഗ്ഷനില്‍. പാലായുടെ ചരിത്രത്തിലാദ്യമായിരിക്കും റോഡിന്‍റെ ശോചനീയാവസ്ഥ മൂലം ഇങ്ങനൊരപകടം.

publive-image

കഴിഞ്ഞയാഴ്ച മഴയത്ത് മഹാറാണി ജംഗ്ഷനിലെ തകര്‍ന്ന ഓടയിലേയ്ക്ക് ബൈക്ക് മറിഞ്ഞു യാത്രികന് പരിക്കേറ്റിരുന്നു.

ആരുടെയോ എന്തിന്‍റെയോ ചരിത്രം വഴിമാറിയ പാലാ ബൈപ്പാസിന്‍റെ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലെ കുപ്പിക്കഴുത്തില്‍ ഇപ്പോള്‍ വീതി കുറവ് മാത്രമല്ല, നിറയെ കുണ്ടും കുഴിയും കൂടിയാണ്. അതുകൊണ്ടുതന്നെ എപ്പോള്‍ നോക്കിയാലും ഇവിടെ വാഹനങ്ങളുടെ നീണ്ട നിര കാണാം.

ആറുമാസം മുമ്പ് സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റി മണ്ണ് നീക്കിയപ്പോള്‍ സ്ഥലത്തെ പ്രധാന ചേട്ടനും അനിയന്മാരും കൂടി വന്ന് ജെസിബിയുടെ മുതുകത്ത് കയറി 'ഫോട്ടോഷൂട്ട് ആറാട്ട് ' നടത്തി മടങ്ങിയതാണ്. ബൈപ്പാസ് മുഴുവന്‍ 'ഒലത്താന്‍' ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞതായി വിളംബരവും ഉണ്ടായിരുന്നു. കേട്ടത് ആരാണെന്നറിയില്ല, എന്തായാലും ഒന്നും സംഭവിച്ചില്ല.

publive-image

പകരം സംഭവിച്ചത് അതിനപ്പുറത്ത് പൊളിക്കാന്‍ കൂട്ടാക്കാതിരുന്ന പാലായിലെ പ്രമുഖ 'സഹോദരന്‍റെ' പഴയ കെട്ടിടം അടിയന്തിരമായി പൊളിച്ചു നീക്കാന്‍ അടിയില്‍ കൂടി നേരെ എതിര്‍ ഭാഗത്തെ ശത്രു നൈസായി പണിയൊപ്പിച്ചു. കെട്ടിട ഉടമകള്‍ക്ക് നോട്ടീസും നല്‍കി. ഇതറിഞ്ഞതോടെ കെട്ടിടം പോയി, ക്രെഡിറ്റെങ്കിലും ഇരിക്കട്ടെയെന്ന മട്ടില്‍ ഉടനെ അതിന്‍റെ അവകാശവും ഏറ്റെടുത്ത് വിളമ്പരമിറങ്ങി. ഈ വക നാണംകെട്ട പൊറോട്ടുനാടകങ്ങളല്ലാതെ പാലായില്‍ ഒന്നും നടക്കുന്നില്ല.

റോഡായിരുന്നു പ്രതാപം, ഇപ്പോള്‍ ശാപം !

പാലായുടെ പ്രതാപമെന്നാല്‍ അത് നെടുനീളെ കിടക്കുന്ന മനോഹരമായ റോഡുകളായിരുന്നു. പാലായില്‍ വരുന്ന അന്യനാട്ടുകാരൊക്കെ പാലായിലെ റോഡുകള്‍ കണ്ട് അന്ധാളിച്ചു നിന്നിട്ടുണ്ട്. എന്തിനേറെ കുറെക്കാലം കൂടി പാലാ വഴി സഞ്ചരിച്ച ഒരു മുഖ്യമന്ത്രി പറഞ്ഞത് നമുക്ക് മലബാറിലെ റോഡുകളൊക്കെ ഇതുപോലെയാക്കാന്‍ നിര്‍ദേശം കൊടുക്കുവാനായിരുന്നു.

അതൊക്കെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പഴങ്കഥയാണ്. റോഡ് അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് പാലായിലേയ്ക്ക് എത്തുന്നില്ല. അഥവാ ഏതെങ്കിലും ഒരു റോഡ് പൊതുമരാമത്ത് അധികൃതര്‍ ടാര്‍ ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞാലുടന്‍ പ്രമുഖ ജനപ്രതിനിധി ഉടന്‍ അവിടെയെത്തി ഫോട്ടോഷൂട്ടും നടത്തി, ഉദ്യോഗസ്ഥര്‍ക്ക് എല്ലാം വേണ്ടപോലെ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി ഒരു വിളംബരവും തട്ടിവിട്ട് മടങ്ങും.

അതോടെ ആ പണിയും മുടങ്ങും. കക്ഷിയുടെ ലക്ഷ്യം പണി നടത്തുകയല്ല, മുടക്കുകയാണെന്ന് വ്യക്തം. എന്നിട്ട് മറ്റേ പുള്ളി ഒന്നും നടത്താന്‍ സമ്മതിക്കുന്നില്ലെന്ന് പരാതിയും പറഞ്ഞു നടക്കുകയാണ് ലക്ഷ്യം. ഒന്നും നടക്കാത്തത് അദ്ദേഹം കാരണമാണെന്ന് പറയാമല്ലോ.

കൂത്താട്ടുകുളം റോഡ് കുളമാണ്

പാലാ-കൂത്താട്ടുകുളം റോഡ് എന്നാല്‍ അങ്ങനെ പറയുന്നത് ശരിയല്ല, അതു മുഴുവന്‍ കുണ്ടും കുഴിയുമാണ്. പാലാ-കോട്ടയം, പാലാ-ഈരാറ്റുപേട്ട റോഡുകളുടെ അവസ്ഥ അത്രയുമില്ലെങ്കിലും മോശം തന്നെ. ഏറ്റവും ഒടുവില്‍ നിര്‍മ്മിച്ച പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ-പൊന്‍കുന്നം റോഡു മാത്രമാണ് നിലവില്‍ യാത്രായോഗ്യം.

പാലായില്‍ നിന്നും ഗ്രാമങ്ങളിലേയ്ക്ക് പോകുന്ന ഇട റോഡുകളില്‍ മിക്കവയും സമയത്ത് അറ്റകുറ്റപ്പണികളില്ലാതെ തകര്‍ന്ന സ്ഥിതിയിലാണ്. പാലാ ഇപ്പോള്‍ തന്നെ ഒരു പതിനഞ്ചു വര്‍ഷം പിന്നിലായിട്ടുണ്ട്.

ചേര്‍പ്പുങ്കല്‍ പാലം പണി നടക്കുന്നിടത്തും ഇതേ ഫോട്ടോ ഷൂട്ട് പതിവാണ്. പണി നടക്കുന്നില്ലെന്ന് മാത്രം.

Advertisment