Advertisment

മാണിയും വീരേന്ദ്രകുമാറും വിട്ടുപോയി. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നേതൃത്വമൊഴിഞ്ഞു. യുഡിഎഫ് ബി ടീമായി മാറിക്കഴിഞ്ഞു. നേതാക്കളുടെ പിന്മാറ്റത്തിന് പിന്നിലെ രഹസ്യം ചെന്നിത്തലയെ അംഗീകരിക്കാനുള്ള വിമുഖതയോ? യുഡിഎഫ് നേരിട്ടത് കടുത്ത പ്രതിസന്ധി

New Update

തിരുവനന്തപുരം:  കേരളാ കോണ്‍ഗ്രസ് - എമ്മിന് പിന്നാലെ രണ്ടാമത് ഘടകകക്ഷിയായ ജനതാദള്‍ - യു കൂടി മുന്നണി വിട്ടതോടെ യു ഡി എഫിന്റെ നില പരുങ്ങലില്‍. ഒപ്പം യു ഡി എഫ് നേതൃത്വ സ്ഥാനത്ത് രമേശ്‌ ചെന്നിത്തലയുടെ നായകത്വം ചോദ്യം ചെയ്യപ്പെടുക കൂടിയാണ്.

Advertisment

മാണിയും വീരേന്ദ്രകുമാറും യു ഡി എഫിനെ കൈവിട്ടതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തില്‍ നിന്നും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പിന്മാറിയതും ചില അതൃപ്തികളുടെ പേരിലാണെന്നത് യു ഡി എഫില്‍ പരസ്യമായ രഹസ്യമാണ്.

publive-image

രമേശ്‌ ചെന്നിത്തലയുടെ നേതൃത്വം അംഗീകരിച്ച് തങ്ങള്‍ക്കൊപ്പംമുള്ള നേതാവായി ചെന്നിത്തലയെ കാണാന്‍ മൂന്ന്‍ നേതാക്കളും ഒരുക്കമായിരുന്നില്ല. അതിന് അനുയോജ്യമായ സാഹചര്യം ലഭിച്ചപ്പോള്‍ സംസ്ഥാന രാഷ്ട്രീയം ഉപേക്ഷിച്ച് പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് പോയതിന് പല കാരണങ്ങള്‍ ഉള്ളതില്‍ ഒന്ന് ചെന്നിത്തലയുടെ നേതൃത്വത്തോടുള്ള അതൃപ്തിക്കുറവാണെന്നാണ് വിലയിരുത്തല്‍.

ഉമ്മന്‍ചാണ്ടി തുടക്കത്തിലെ മാറി നില്‍ക്കുകയായിരുന്നു. ഫലത്തില്‍ യു ഡി എഫ് പണ്ടുണ്ടായിരുന്ന യു ഡി എഫിന്റെ ബി ടീമായി മാറിക്കഴിഞ്ഞു.

ഹൈക്കമാന്റ് വിലയിരുത്തുന്നത് ചെന്നിത്തലയുടെ നേതൃപാടവത്തെ 

ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും മാണിയും വീരേന്ദ്രകുമാറും ഇല്ലാത്ത യു ഡി എഫ് എന്ന അവസ്ഥ ഐക്യജനാധിപത്യ മുന്നണി രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുന്ന വിടവ് ചെറുതല്ല. യു ഡി എഫിലെ രണ്ടാം നിരയുടെ ഊര്‍ജ്ജസ്വലതയേയാണ് ഇത് ബാധിക്കുന്നത്.

ഘടകകക്ഷികളെ നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നത് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിന് കളങ്കമായി മാറിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്റും ഈ സാഹചര്യത്തെ ഗൌരവമായാണ് കാണുന്നത്.

വീരേന്ദ്രകുമാറിനെ മുന്നണിയില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് കഴിവിന്റെ പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്തതാണ്. ഘടകകക്ഷിയെന്ന നിലയില്‍ അര്‍ഹതയില്ലാതിരുന്നിട്ടും രാജ്യസഭാ സീറ്റ് നല്‍കിയത് ഏത് വിധേയയും വീരേന്ദ്രകുമാറിനെ മുന്നണിയില്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു.

വീരനെ ചുമന്നത് യു ഡി എഫിന് നഷ്ടക്കച്ചവടം 

ജനതാദളിന്‍റെ വരവ് യു ഡി എഫിന് വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടില്ലെന്നായിരുന്നു യുഡിഎഫിന്റെ പൊതുവേയുള്ള വിലയിരുത്തല്‍. ജനതാദള്‍ ശക്തികേന്ദ്രമായ വടകരയില്‍ ഒഞ്ചിയം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുകൂടി കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിക്കാനായില്ല. വടകര കഴിഞ്ഞാല്‍ ദളിന്റെ ശക്തികേന്ദ്രമായിരുന്ന പാലക്കാട്ടെ ചിറ്റൂരില്‍ ആദ്യ തെരഞ്ഞെടുപ്പില്‍ കെ കൃഷ്ണന്‍കുട്ടി കോണ്‍ഗ്രസിലെ അച്യുതനെതിരുമായിരുന്നു.

കഴിഞ്ഞ തവണ കൃഷ്ണന്‍കുട്ടി എല്‍ ഡി എഫിലെത്തി യു ഡി എഫിനെ പരാജയപ്പെടുത്തുകയും ചെയ്തു. ചിറ്റൂരിലെ ജനതാദള്‍ എന്നാല്‍ കൃഷ്ണന്‍കുട്ടി എന്നതായിരുന്നു അവസ്ഥ. കോണ്‍ഗ്രസ് വിജയിച്ചിരുന്ന കല്പറ്റയില്‍ എം വി ശ്രേയസ്കുമാര്‍ വിജയിച്ചത് ദലിന്‍റെ ശക്തികൊണ്ടായിരുന്നെന്ന് പറയാനും വയ്യ.

അവിടെ വീരേന്ദ്രകുമാറിന്റെ കുടുംബാംഗങ്ങള്‍പോലും വീരനും ശ്രേയസ് കുമാറിനും വോട്ട് ചെയ്യാറില്ല.

മാത്യുഭൂമി വച്ച് വീരന്‍ വിലപേശി

മാതൃഭൂമി മാധ്യമ ഗ്രൂപ്പിന്റെ പിന്തുണയായിരുന്നു യു ഡി എഫ് വീരനെ ഒപ്പം കൂട്ടുമ്പോള്‍ പ്രതീക്ഷിച്ച മറ്റൊരു നേട്ടം. എന്നാല്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും യു ഡി എഫ് സര്‍ക്കാരിനുമെതിരെ ഏറ്റവുമധികം ചെളിവാരിയെറിഞ്ഞത് മാതൃഭൂമി ചാനലും പത്രവുമായിരുന്നു.

കെ പി മോഹനനെ മന്ത്രിയാക്കിയതായിരുന്നു അന്ന് വീരന്റെ പിനക്കത്തിന് പ്രധാന കാരണം. യു ഡി എഫിലെ മാണി, കുഞ്ഞാലിക്കുട്ടി മേധാവിത്വത്തോടുള്ള എതിര്‍പ്പായിരുന്നു മറ്റൊരു കാരണം. എങ്ങനെയെങ്കിലും സി പി എമ്മിനെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു മൂന്നാമത് കാരണം. അങ്ങനെ സര്‍ക്കാരിനെതിരായ എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ പോരാട്ടത്തിന്റെ അമരത്ത് മാതൃഭൂമി മാധ്യമ വിഭാഗവും ഉണ്ടായിരുന്നു.

ഇതൊക്കെയായിട്ടും വീരനെ ഉള്‍ക്കൊള്ളാന്‍ തയാറായ മുന്നണിയ്ക്ക് ശക്തമായ തിരിച്ചടി നല്‍കിയാണ്‌ വീരന്റെ മടക്കയാത്ര. വീരന്‍ ചതിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയാലും അതിശയോക്തിയില്ല.  വീരന്‍ പോയാല്‍ കെ പി മോഹനനെ ഏത് വിധേനയും ഒപ്പം നിര്‍ത്തണമെന്ന യു ഡി എഫിന്റെ തന്ത്രം പാളിയതാണ് ചെന്നിത്തലയ്ക്ക് ഏറ്റവും വലിയ തിരിച്ചടി.

അവസാന നിമിഷം വരെ കെ പി മോഹനന്‍ യു ഡി എഫിനൊപ്പം നില്‍ക്കുമെന്ന് ധാരണ ഉണ്ടായിരുന്നെങ്കിലും അവസാനം ആ നീക്കവും പാളി. മോഹനനെ കൂടെ നിര്‍ത്താന്‍ കഴിയാതെ പോയത് യു ഡി എഫ് നേതൃത്വത്തിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. വീരന് നല്‍കിയ രാജ്യസഭാസീറ്റും യുഡിഎഫിന് നഷ്ടമായി

മാണിയോട് പറയാം, മാണി വന്നാല്‍ വരാമെന്ന് പി ജെ ജോസഫും

കേരളാ കോണ്‍ഗ്രസിനെ മടക്കിക്കൊണ്ടുവരണമെന്ന യു ഡി എഫിന്റെ ലക്ഷ്യവും ഫലം കാണാനിടയില്ല. മാണിയുടെ വിഷയവും ചെന്നിത്തല തന്നെയാണ്. ചെന്നിത്തലയുമായി സംസാരിക്കാന്‍ പോലും മാണിയും പാര്‍ട്ടിയും ഒപ്പമല്ല.

അവിടെയും പ്രതീക്ഷ കേരളാ കോണ്‍ഗ്രസ് പിളര്‍ത്തുകയെന്നതാണ്. എന്നാല്‍ പാര്‍ട്ടി പിളര്‍ത്തി മാറി നിന്നുകൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തിന് ഇനി ഒരുക്കമല്ലെന്നാണ് പി ജെ ജോസഫിന്റെ നിലപാട്. മാണിയോട് പറയാം, മാണി കേള്‍ക്കുമെങ്കില്‍ യു ഡി എഫില്‍ വരാം. ഇല്ലെങ്കില്‍ ഞാനും മാണിക്കൊപ്പം പോകുക തന്നെ ചെയ്യുമെന്നാണ് ജോസഫ് പറയുന്നത്. അതോടെ ആ സാധ്യതയും അടഞ്ഞു.

പ്രൊഫ. എന്‍ ജയരാജനും റോഷി അഗസ്റ്റിനും കെ എം മാണിയെ വിട്ടുള്ള ഒരു നീക്കത്തിനും ഒരുക്കമല്ല. പിന്നെയുള്ള ആകെ പ്രതീക്ഷ മോന്‍സ് ജോസഫ് മാത്രമാണ്. കൂറുമാറ്റ വിഷയം ഉള്ളതിനാല്‍ മോന്‍സിന് മനസറിയിക്കാന്‍ അടുത്ത ഇലക്ഷന്‍ വരെ കാത്തിരിക്കണം. അതുവരെ ഞാണിന്മേല്‍ കളി കളിക്കണം.

മാണിയെ വിട്ടുകളിയ്ക്കാന്‍ പഴയ കടുത്തുരുത്തിയല്ല ഇപ്പോഴത്തേത്. അതിനാല്‍ കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്തി ഒരു കഷണത്തെയെങ്കിലും ഒപ്പം കൂട്ടാമെന്ന പ്രതീക്ഷയും ആസ്ഥാനത്താണ്. പിന്നെ ആകെയുള്ളത് അനൂപ്‌ ജേക്കബ്ബിന്റെ കേരളാ കോണ്‍ഗ്രസും ആര്‍ എസ് പിയുമാണ്. ആര്‍ എസ് പിയുടെ കാര്യത്തിലും ഉറപ്പില്ല.  ഇതോടെ യു ഡി എഫ് രാഷ്ട്രീയം കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്.

അവശേഷിക്കുന്ന പരീക്ഷണം വി ടി ബല്‍റാം, ഷാഫി പറമ്പില്‍ പോലുള്ള യുവനിരയാണ്. അല്ലെങ്കില്‍ കെ മുരളീധരന്‍, കെ സുധാകരന്‍ പോലുള്ള ഡൈനാമിക് നേതൃത്വം. അല്ലാതെ ഈ തോണി മറുകര തേടുക പ്രയാസമാണെന്ന് നേതാക്കള്‍ അടക്കം പറഞ്ഞുതുടങ്ങി.

oomman chandy km mani Kunjallikutty veerendrakumar
Advertisment