Advertisment

കോൺഗ്രസ്സ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ അപ്രതീക്ഷിത നീക്കം. കെ മുരളീധരൻ വടകരയിൽനിന്ന് മാറി തൃശൂരിൽ മത്സരിക്കും. സിറ്റിങ് എം.പി. ടി.എൻ. പ്രതാപൻ മത്സരിക്കില്ലെന്ന് സൂചന. മുരളീധരനെ തൃശ്ശൂരിൽ ഇറക്കിയത് പദ്മജയുടെ ബിജെപി പ്രവേശനത്തിന് ചുക്കാൻ പിടിച്ച സുരേഷ് ഗോപിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ ! ആലപ്പുഴയിൽ കെ.സി. വേണുഗോപാലും കണ്ണൂരിൽ കെ സുധാകരനും മത്സരിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
G

ന്യൂഡൽഹി: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അപ്രതീക്ഷിത നീക്കം.പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തിൽ തൃശ്ശൂരിൽ കെ മുരളീധരനെ രംഗത്തിറക്കാനാണ് കോൺഗ്രസ്സ് തീരുമാനം.

Advertisment

വടകരയിൽനിന്ന് കെ. മുരളീധരനെ തൃശ്ശൂരിലേക്ക് മാറ്റും. സിറ്റിങ് എം.പി. ടി.എൻ. പ്രതാപൻ മത്സരിക്കില്ലെന്നാണ് സൂചന. തൃശ്ശൂരിലെ സ്ഥാനാർഥി സുരേഷ് ഗോപി ഇടപെട്ടിട്ടാണ് പദ്മജയുടെ ബിജെപി പ്രവേശനം എന്നിരിക്കെ മുരളീധരനെ തൃശ്ശൂരിൽ മത്സരിപ്പിക്കുന്നത് മികച്ച രാഷ്ട്രീയ തന്ത്രമായാണ് വിലയിരുത്തുന്നത്.

ലഭ്യമാകുന്ന സൂചനകൾ പ്രകാരം ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ സ്ഥാനാർഥിയായേക്കും. വടകരയിൽ ഷാഫി പറമ്പിലാകും സ്ഥാനാർഥി. മത്സരരംഗത്തുനിന്ന് മാറിനിൽക്കാൻ ആഗ്രഹിച്ചെങ്കിലും കണ്ണൂരിൽ സുധാകരൻ തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. വയനാട്ടിൽ രാഹുൽ ഗാന്ധിയും മത്സരിക്കുമെന്നാണ് സൂചന. 

വ്യാഴാഴ്ച രാത്രി എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപംനൽകിയത്. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.കെ. ശിവകുമാർ, കേരളത്തിന്റെ സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ ഹരീഷ് ചൗധരി, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Advertisment