Advertisment

"ഇറാൻ ആണവ രാജ്യമാകുന്നത് തടയാനുള്ള നീക്കങ്ങൾക്ക് പിന്തുണ": അണ്വായുധ നിർവ്യാപന സമ്മേളനത്തിൽ സൗദി അറേബ്യ

New Update

publive-image

Advertisment

ജിദ്ദ: ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അണ്വായുധ ശേഷി കൈവരിക്കുന്നത് തടയാൻ രാജ്യാന്തര തലത്തിൽ നടക്കുന്ന നീക്കങ്ങളെ തങ്ങൾ പിന്തുണക്കുന്നതായി സൗദി അറേബ്യ. ബുധനാഴ്ച ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള അണ്വായുധ നിർവ്യാപന സമ്മേളനത്തെ അഭിസംബോധനം ചെയ്തു കൊണ്ട് യു എന്നിലെ സൗദി പ്രതിനിധി അബ്ദുൽ അസീസ് അൽവാസിൽ പറഞ്ഞതാണ് ഇക്കാര്യം.

ഇറാൻ ആണവ കേന്ദ്രങ്ങൾ സംബന്ധിച്ച ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (ഐ എ ഇ എ) യുടെ അന്വേഷണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു കിടക്കുന്നതിൽ സൗദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഐ എ ഇ എയുമായി ഇറാൻ അനുവർത്തിക്കുന്ന സുതാര്യതയില്ലായ്മ ഐക്യരാഷ്ട്ര സഭാ ചാർട്ടറിന്റെ ലംഘനമാണ്. സമാധാന ആവശ്യങ്ങൾക്കുള്ള ആണവ എനർജിയുടെ ഉപയോഗത്തിന് സുതാര്യത അനിവാര്യമാണെന്നും അൽവാസിൽ സൂചിപ്പിച്ചു.

"ഇറാൻ എടുക്കുന്ന നിലപാടുകൾ ആണവ വ്യാപനത്തിന്റെ അപകടസാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. അണ്വായുധ നിർവ്യാപന ഉടമ്പടിയിൽ ഇസ്രായേൽ ചേരാതിരിക്കുന്നതും അപകട സാധ്യതയാണ്. അണ്വായുധ നിർവ്യാപന ഉടമ്പടി വിപുലപ്പെടുത്തുന്നതിനെയും തങ്ങൾ പിന്താങ്ങുന്നു" - സൗദി പ്രതിനിധി വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ ആണവ വ്യാപനം തടയേണ്ടത് അനിവാര്യമാണ്. മേഖലയെ അണ്വായുധ മുക്തമാക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്നും സൗദി പ്രതിനിധി തുടർന്നു.

publive-image

അതേസമയം, ഇസ്രായേൽ അണ്വായുധ നിർവ്യാപന ഉടമ്പടിയുടെ ഭാഗമാവാതിരിക്കുന്നതിനേക്കാളേറെ ഇറാൻ അണ്വായുധം കൈവശപ്പെടുത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള കൊണ്ടുപിടിച്ച നീക്കങ്ങളാണ് അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.

ഇതിന്റെ ചരട് വലി നടത്തിക്കൊണ്ടിരിക്കുന്നത് ഇസ്രായേൽ ആണുതാനും. മാസങ്ങളായി നിലച്ചു പോയ വിയന്ന ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കയും ഇറാനും സമ്മതിച്ചതാണ് ഇക്കാര്യത്തിലെ ഏറ്റവും പുതിയ സംഭവ വികാസം.

Advertisment