Advertisment

മോര്‍ഗന്റെ ഭാഗത്താണ് ന്യായം, അശ്വിന്റെ പ്രവൃത്തി നാണക്കേട്-ഷെയ്ന്‍ വോണ്‍

New Update

publive-image

Advertisment

ഷാര്‍ജ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനോടും ബൗളര്‍ ടിം സൗത്തിയോടും കയര്‍ത്ത ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍ അശ്വിനെതിരേ ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത്.

‘ഇക്കാര്യത്തിൽ രണ്ട് അഭിപ്രായത്തിനു പ്രസക്തിയില്ല. കാര്യം ലളിതമാണ്. ക്രിക്കറ്റിനു നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുത്. എന്തിനാണ് അശ്വിൻ വീണ്ടും വീണ്ടും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്? അശ്വിനെ വിമർശിക്കാൻ മോർഗന് എല്ലാ ന്യായവും ഉണ്ടായിരുന്നെന്നാണു ഞാൻ കരുതുന്നത്.’-വോണ്‍ പറഞ്ഞു.

അധിക റണ്ണിനായാണ് അശ്വിന്‍ മോര്‍ഗനുമായി ഉരസിയത്. 19–ാം ഓവറിലെ അവസാന പന്തിൽ, രാഹുൽ ത്രിപാഠിയുടെ ത്രോ ഋഷഭ് പന്തിന്റെ ശരീരത്തിൽത്തട്ടി തെറിച്ചു. ഇതു കണ്ട അശ്വിൻ പന്തിനെ രണ്ടാം റൺ ഓടാൻ വിളിക്കുകയും സഖ്യം ഒരു റൺ കൂടി നേടുകയും ചെയ്തു. എന്നാൽ ഇതു ഫെയർ പ്ലേ അല്ല എന്നു കൊൽക്കത്ത താരങ്ങൾ വാദിച്ചു.

ടിം സൗത്തി എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്തിൽ പുറത്തായ അശ്വിനെ ആദ്യം സൗത്തിയും പിന്നെ മോർഗനും പരിഹസിച്ചു. ഇതോടെയാണു മോർഗനും അശ്വിനും തമ്മിൽ വാദപ്രതിവാദം ഉണ്ടായത്. മോർഗനു നേരെ നടന്നടുത്ത അശ്വിനെ കൊൽക്കത്ത വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികാണ് പിടിച്ചു മാറ്റിയത്. ഈ ഉരസല്‍ കൊല്‍ക്കത്തയുടെ ബാറ്റിങ്ങിനിടയിലും തുടര്‍ന്നു. മോര്‍ഗനെ പുറത്താക്കിയ അശ്വിന്‍ കൊല്‍ക്കത്ത ക്യാപ്റ്റനെ പരിഹസിച്ചാണ് യാത്രയാക്കിയത്.

Advertisment