Advertisment

വർണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിച്ചില്ല; ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഡിക്കോക്ക് പിന്മാറി

New Update

publive-image

ദുബായ്: ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡികോക്ക് പിന്മാറിയത് വര്‍ണവിവേചനത്തിനെതിരേ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കാന്‍ മടിച്ചാണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക. താരത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.

മത്സരത്തിന് മുൻപ് താരങ്ങൾ ഐക്യദാർഢ്യമർപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്(Cricket South Africa) നിർദേശിച്ചിരുന്നു. എന്നാല്‍ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച് ടീമിൽ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ വിശദീകരണമിങ്ങനെ. 'മുട്ടുകുത്തി പ്രതിഷേധിക്കാന്‍ മടിച്ച ഡികോക്കിന്‍റെ തീരുമാനം ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. ടീം മാനേജ്‌മെന്‍റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും' എന്നും ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങളാല്‍ ഡികോക്ക് മത്സരത്തിനിറങ്ങുന്നില്ലെന്നാണ് ടോസ് വേളയില്‍ ക്യാപ്റ്റന്‍ തെംബ ബവുമ പറഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ എന്തോ വലിയ ആഭ്യന്തര പ്രശ്‌നം പുകയുന്നുണ്ടെന്നായിരുന്നു കമന്റേറ്ററായ ഷെയ്ന്‍ വാട്‌സണ്‍ ഇതിനോട് പ്രതികരിച്ചത്.

ഡിക്കോക്കിന്‍റെ അസാന്നിധ്യം വെസ്റ്റ് ഇന്‍ഡീസിന് മുന്‍തൂക്കം നല്‍കും എന്നായിരുന്നു ഇതേസമയം ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ പ്രതികരണം. ഡിക്കോക്കിന് പകരം റീസ ഹെന്‍ഡ്രിക്‌സാണ് പ്ലേയിംഗ് ഇലവനിലെത്തിയത്.

Advertisment