Advertisment

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ വിജയം; അഫ്ഗാനെ 66 റണ്‍സിന് തകര്‍ത്തു;സെമി മോഹങ്ങള്‍ക്ക് നേരിയ പ്രതീക്ഷ

New Update

publive-image

Advertisment

അബുദാബി: ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്താനെ 66 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 210 റൺസ്. അഫ്ഗാന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 144 റൺസിൽ അവസാനിച്ചു.

ജയിച്ചെങ്കിലും സെമിയിലെത്താന്‍ ഇന്ത്യയ്ക്ക് നേരിയ സാധ്യത മാത്രമാണുള്ളത്. അതും അഫ്ഗാന്‍, ന്യൂസീലന്‍ഡ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. പോയിന്റിന്റെ കാര്യത്തിൽ പിന്നിലാണെങ്കിലും അഫ്ഗാനെതിരായ വിജയം ഇന്ത്യയുടെ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്താൻ ഊർജമാകും.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുമായി തിളങ്ങി. 22 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമായി 42 റണ്‍സോടെ പുറത്താകാതെ നിന്ന കരീം ജന്നത്താണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് നബി 32 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്തു.

ഹസ്രത്തുല്ല സസായ് (അഞ്ച് പന്തിൽ 13), മുഹമ്മദ് ഷഹ്സാദ് (0), റഹ്മാനുല്ല ഗുർബാസ് (10 പന്തിൽ 19), ഗുൽബാദിൻ നായിബ് (20 പന്തിൽ 18), നജീബുല്ല സദ്രാൻ (13 പന്തിൽ 11), റാഷിദ് ഖാൻ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഷറഫുദ്ദീൻ അഷ്റഫ് രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ ഒരു ടീം നേടിയ ഉയര്‍ന്ന സ്‌കോറാണിത്.

അർധസെഞ്ചുറി നേടിയ ഓപ്പണർ രോഹിത് ശർമ (74), കെ.എൽ. രാഹുൽ (69) എന്നിവരുടെ അസാമാന്യ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 14.4 ഓവറില്‍ 140 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും വെറും 22 പന്തില്‍ നിന്ന് 63 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തു.

Advertisment