Advertisment

ഗില്ലിന് സെഞ്ചറി, ഗുജറാത്തിന് ജയം; ബാംഗ്ലൂർ ഐപിഎലിൽനിന്നു പുറത്ത്

New Update

publive-image

Advertisment

ബെംഗളൂരു: പ്ലേഓഫ് ഉറപ്പിക്കാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആറു വിക്കറ്റ് തോൽവി വഴങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎലിൽനിന്നു പുറത്തായി. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച മുംബൈ ഇന്ത്യൻസ്, നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്നു.

ബാംഗ്ലൂർ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മറികടന്നത്. ജയത്തോടെ 20 പോയിന്റായ ഗുജറാത്തിന് കൂടുതൽ ആത്മവിശ്വാസത്തോടെ ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാം. സെഞ്ചറി തികച്ച ഓപ്പണർ ശുഭ്മാൻ ഗിൽ (52 പന്തിൽ 104*), വിജയ് ശങ്കർ (35 പന്തിൽ 53) എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായത്. മറുപടി ബാറ്റിങ്ങിൽ, വൃദ്ധിമാൻ സാഹയും (14 പന്തിൽ 12), ശുഭ്മാൻ ഗില്ലും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഗുജറാത്തിനു നൽകിയത്. മൂന്നാം ഓവറിൽ സാഹയെ പുറത്താക്കി സിറാജ് ബാംഗ്ലുരിനു ബ്രേക്ക്ത്രൂ നൽകി.

എന്നാൽ രണ്ടാം വിക്കറ്റിൽ ഗില്ലും വിജയ് ശങ്കറും ഒന്നിച്ചതോടെ മത്സരം ബാംഗ്ലൂർ കൈവിട്ടു. ഇരുവരും ചേർന്ന് 123 റണ്‍സാണ് കൂട്ടിച്ചേർ‌ത്തത്. എട്ടു സിക്സും അഞ്ചും ഫോറും സഹിതമാണ് ശുഭ്മാൻ ഗിൽ സീസണിലെ രണ്ടാം സെഞ്ചറി തികച്ചത്. രണ്ടു സിക്സും ഏഴും ഫോറുമാണ് വിജയ് ശങ്കറിന്റെ ബാറ്റിൽനിന്നു പിറന്നത്. 15–ാം ഓവറിൽ വി.വൈശാഖാണ് വിജയ് ശങ്കറിനെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ, പിന്നാലെയെത്തിയ ദസുൻ‌ ശനകയും (പൂജ്യം) പുറത്തായി. 18–ാം ഓവറിൽ ഡേവിഡ് മില്ലറിനെയും (7 പന്തിൽ 6) സിറാജ് പുറത്തായതോടെ ഗുജറാത്ത് ചെറുതായൊന്നു പരുങ്ങി.

അവസാന ഓവറിൽ എട്ടു റൺസാണ് ഗുജറാത്തിന് വിജയത്തിനായി വേണ്ടിയിരുന്നത്. എന്നാൽ വെയ്‌ൻ പാർണൽ എറിഞ്ഞ ആദ്യ പന്തു തന്നെ വൈഡായി. അടുത്ത പന്ത് നോബോൾ ആയതോടെ വിജയലക്ഷ്യം ആറു പന്തിൽനിന്ന് ആറ് എന്ന നിലയിലായി. 98* എന്ന റൺസിൽ നിന്ന ഗിൽ അടുത്ത പന്ത് സിക്സർ പറത്തിയതോടെ ഗുജറാത്തിന് മിന്നും ജയം. കൂടാതെ ഗില്ലിന് സീസണിലെ രണ്ടാം സെഞ്ചറിയും. രാഹുൽ തെവാത്തിയയെ (5 പന്തിൽ 4*) പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വി.വൈശാഖ്, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴത്തി.

Advertisment