Advertisment

ഗവര്‍ണര്‍ വിഷയത്തില്‍ യുഡിഎഫ് നിലപാട് പിന്മാറ്റമല്ല, പകരം ഗവര്‍ണറെയും സര്‍ക്കാരിനെയും ഒരേപോലെ എതിര്‍ക്കല്‍ ? ഗവര്‍ണറെ മാറ്റി സിപിഎമ്മുകാരനെ ചാന്‍സലറാക്കാനും സമ്മതിക്കില്ല. ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വെട്ടിലായെന്ന വിലയിരുത്തലിനിടെ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ നിലപാട് പറഞ്ഞ് പ്രതിപക്ഷ നേതാവ്. ഗവര്‍ണര്‍ കടമ്പയും കടന്ന് യുഡിഎഫ്

New Update

publive-image

Advertisment

തിരുവനന്തപുരം: സർവകലാശാല ചാൻസലർ സ്ഥാനത്ത് വിദ്യാഭ്യാസ വിചക്ഷണരെ നിയമിക്കുന്നതിനുളള ബില്ലിന്റെ ചർച്ചയിൽ ഗവർണക്കെതിരായ നിലപാട് കടുപ്പിച്ച് യുഡിഎഫ്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലിനെ സഭയിൽ എതിർത്തെങ്കിലും ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വയ്ക്കുന്നത് ഉൾപ്പെടെയുള്ള ഗവർണറുടെ നിലപാടുകളിൽ കടുത്ത വിമർശനമാണ് യുഡിഎഫ് നിയമസഭയിൽ നടത്തിയത്.


മുസ്ലിംലീഗിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഗവർണർക്ക് എതിരായ നിലപാട് കൂടുതൽ വ്യക്തമാക്കുന്ന സമീപനം സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതമായത്. ബിൽ സഭ പരിഗണിക്കുന്നതിന് മുന്നോടിയായി യുഡിഎഫിലെ പ്രധാന കക്ഷികളുടെ നേതാക്കൾ രാവിലെ യോഗം ചേർന്നിരുന്നു. സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലിനോടുള്ള രാഷ്ട്രീയ യോജിപ്പ് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.


ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്യുക എന്നതാണ് സംഘ പരിവാർ രാഷ്ട്രീയം ഭീതിദമായി പിടിമുറുക്കുന്ന കാലത്ത് സ്വീകരിക്കാവുന്ന രാഷ്ട്രീയ നിലപാടെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പാർട്ടി നേത്യത്വത്തിലും പ്രവർത്തകരിലും ഈ വികാരമാണുള്ളതെന്നും അദ്ദേഹം അറിയിച്ചു.

തുടർന്നാണ് ഗവർണറെയും അദ്ദേഹത്തിന്റെ നിലപാടുകളെയും വിമർശിക്കുകയും ഗവർണർക്ക് പകരം ചാൻസലർ സ്ഥാനത്ത് കമ്യൂണിസ്റ്റ് അനുകൂലികളെ നിയമിക്കാനുള്ള നീക്കത്തെ എതിർക്കുകയും ചെയ്യുക എന്ന ലൈനിലേക്ക് എത്തിയത്.

ഗവർണറുടെ സമീപനങ്ങളെ വിമർശിക്കുമ്പോൾ തന്നെ സർവകലാശാല വിഷയങ്ങളിൽ അദ്ദേഹം സ്വീകരിക്കുന്ന നിലപാട് ശരിയാണെന്ന അഭിപ്രായം ആയിരുന്നു പ്രതിപക്ഷ നേതാവ് അടക്കമുളള കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ചു പോന്നത്.

ഇതിൽ നിന്നുള്ള പ്രതിപക്ഷത്തിൻ്റെ പിന്മാറ്റമാണ് ഇന്ന് നിയമസഭയിൽ ദൃശ്യമായത്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിൽ എതിർപ്പില്ലെന്ന് അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം തന്നെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഭരണഘടനാ വിരുദ്ധമായ ഒരു അധികാര കേന്ദ്രത്തോടും പ്രതിപക്ഷത്തിന് യോജിപ്പില്ലന്നായിരുന്നു വി.ഡി.സതീശന്റെ പ്രഖ്യാപനം. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനോടും യോജിപ്പില്ല. അംഗീകരിക്കാൻ ആകില്ല. ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്നതിന് എതിരെ സർക്കാർ കോടതിയിൽ പോകണം. കോൺഗ്രസിന് രാജസ്ഥാനിലും കേരളത്തിലും വ്യത്യസ്ത നിലപാട് ഇല്ലന്നും സതീശൻ വ്യക്തമാക്കി. ഗവർണറെ തിരിച്ചു വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നതിനോടും പ്രതിപക്ഷത്തിന് യോജിപ്പാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.


സർവകലാശാല ബില്ലിനെ തുറന്ന് എതിർക്കാൻ തീരുമാനിച്ചിരുന്ന കോൺഗ്രസിന്റെ നിലപാട് മാറ്റം ഭരണപക്ഷ ബഞ്ചുകളെ അമ്പരപ്പിച്ചു. കോൺഗ്രസും മുന്നണിയും ഇങ്ങനെ മാറിയതിന് പിന്നിൽ മുസ്ലിം ലീഗിൻറെ ഇടപെടലാണ്. സർവ്വകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണറെ എന്തിന് പിന്തുണയ്ക്കണം എന്നായിരുന്നു ലീഗിൻെറ ചോദ്യം.


ലീഗ് വ്യത്യസ്ത നിലപാടെടുക്കുമെന്ന് വ്യക്തമായതോടെയാണ് കോൺഗ്രസും ആ വഴിക്ക് നീങ്ങാൻ നിർബന്ധിതരാകുകയാണ് ഉണ്ടായത്. ലീഗിന്റെ നിലപാടിനെ പിൻപറ്റി ബില്ലിനെ പിന്തുണക്കാം എന്ന അഭിപ്രായം പോലും യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിൽ ഉണ്ടായതാണ് ഉണ്ടായതാണ് സൂചന.

ഗവർണറുടെ കാവിവൽക്കരണത്തെ എതിർക്കുമ്പോൾ തന്നെ അതിന് ബദലായി കൊണ്ടുവരുന്ന സംവിധാനം എന്താണെന്ന് കൂടി പരിശോധിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി പോലും ബില്ലിൽ പറയാതെ വിദഗ്ദ്ധരെ ചാൻസലർ സ്ഥാനത്ത് നിയമിക്കാനുള്ള തന്ത്രമാണ്.

ഇത് സർവകലാശാലകളിൽ കമ്മ്യൂണിസ്റ്റ് വൽക്കരണത്തിനുളള ശ്രമമാണ്. കാവി വൽക്കരണം പോലെ കമ്മ്യൂണിസ്റ്റ് വൽക്കരണത്തെയും എതിർക്കണ്ടേത് രാഷ്ട്രീയ കടമയാണെന്ന കോൺഗ്രസ് നിലപാടിനോട് ലീഗും യോജിച്ചതോടെ സർവകലാശാല ബില്ലിനോട് സ്വീകരിക്കേണ്ട രാഷ്ട്രീയ ലൈൻ തീരുമാനിക്കപ്പെട്ടു.

സംഘ പരിവാർ അജണ്ടകളെ എതിർക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടന്ന നിലപാട് കോൺഗ്രസിനുമുണ്ട്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് ബില്ലിനെ പൂർണമായി എതിർക്കണം എന്ന് കോൺഗ്രസ് തീരുമാനിച്ചത്.

Advertisment