Advertisment

50 പുതിയ വിമാനത്താവളങ്ങളെന്ന ബജറ്റ് പ്രഖ്യാപനം ശബരിമല വിമാനത്താവളത്തിന് ഗുണം. മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 20 ലക്ഷത്തിലേറെ വിദേശമലയാളികൾക്കും അഞ്ചുകോടി ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന പദ്ധതി. എതിർപ്പുകൾ നീക്കി പദ്ധതി യാഥാ‌ർത്ഥ്യമാക്കാൻ സർക്കാർ

New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം ശബരിമല വിമാനത്താവള പദ്ധതിക്ക് ഗുണകരമാണ്. മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 20 ലക്ഷത്തിലേറെ വിദേശമലയാളി കുടുംബങ്ങൾക്കും അഞ്ചുകോടി ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന വിമാനത്താവളത്തിന്റെ സാങ്കേതിക-സാമ്പത്തിക-പരിസ്ഥിതി ആഘാത പഠനങ്ങൾ തുടങ്ങിയിട്ടുണ്ട്.

കുന്നും മലകളുമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമല്ലെന്ന് സിവിൽഏവിയേഷൻ ഡയറക്ടർ ജനറൽ സംശയമുന്നയിച്ചിരുന്നു. 3000 മീറ്റർ നീളത്തിൽ റൺവേ എസ്റ്റേറ്റിൽ നിർമ്മിക്കാനാവുമെന്നും ഇതിനായി ഒ.എൽ.എസ് സർവേ തുടങ്ങിയെന്നും സർക്കാർ ഡി.ജി.സി.എയെ അറിയിച്ചിട്ടുണ്ട്. റൺവേയ്ക്കായി 3500 മീറ്റർ നീളത്തിലുള്ള മൂന്ന് പ്രദേശങ്ങൾ സർവേയിൽ കണ്ടെത്തും. കേന്ദ്രനയത്തിന് അനുകൂലമായാൽ പദ്ധതിക്ക് അനുമതി വേഗത്തിൽ ലഭിക്കും.

മംഗളുരു, കരിപ്പൂർ എന്നിവിടങ്ങളിലേതുപോലെ അപകടകരമായ ടേബിൾടോപ്പ് റൺവേ കുന്നിടിച്ചുനിരത്തി നിർമ്മിക്കേണ്ടി വരുമെന്ന് ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയിരുന്നു. ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി നിരത്തി സമതലമാക്കുമ്പോൾ കുഴികളുണ്ടാവില്ലെന്നും ടേബിൾടോപ്പ് റൺവേ വേണ്ടിവരില്ലെന്നുമാണ് സർക്കാരിന്റെ മറുപടി.

88 കിലോമീറ്റർ അകലെ നെടുമ്പാശേരി, 120 കിലോമീറ്ററിൽ തിരുവനന്തപുരം വിമാനത്താവളങ്ങളുള്ളതിനാൽ സിഗ്നലുകൾ കൂടിക്കലരാനിടയുണ്ടെന്ന വിമർശനം സാങ്കേതികമായി ശരിയല്ലെന്നും എയർസ്പേസ് അലോക്കേഷൻ ഡിസൈൻ സാങ്കേതികവിദ്യയുപയോഗിച്ച് ഇത് തടയാമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


150 കിലോമീറ്റർ പരിധിയിൽ പുതിയ വിമാനത്താവളങ്ങൾ പാടില്ലെന്ന നിബന്ധനയെ, മംഗളുരു, കരിപ്പൂർ വിമാനത്താവളങ്ങൾക്കിടയിൽ കണ്ണൂരിൽ പുതിയ വിമാനത്താവളം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് കേരളം എതിർത്തത്.


ചെറുവള്ളി എസ്റ്രേറ്റ് വിമാനത്താവളത്തിന് അനുയോജ്യമാണെന്ന സൈറ്റ് റിപ്പോർട്ട്, പദ്ധതിരേഖയ്ക്ക് അംഗീകാരം, പാരിസ്ഥിതിക അനുമതി എന്നിവ കേന്ദ്രസർക്കാർ നൽകേണ്ടതുണ്ട്. സൈറ്റ് ക്ലിയറൻസ് നടത്തുന്നതിൽ എതിർപ്പില്ലെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്. സാമൂഹ്യ ആഘാത പഠനം, മണ്ണുപരിശോധന തുടങ്ങിയ നിരവധി കടമ്പകളുമുണ്ട്.

ഭൂമിയേറ്റെടുക്കലിനും പ്രാരംഭപ്രവർത്തനങ്ങൾക്കും സിയാൽ മോഡൽ കമ്പനി രൂപീകരിക്കും. സംസ്ഥാനം മുൻഗണന നൽകുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിത്. 2017ലാണ് സാങ്കേതിക-സാമ്പത്തിക-പരിസ്ഥിതി ആഘാത പഠനത്തിനും കേന്ദ്രാനുമതി നേടിയെടുക്കാനുമായി ലൂയ് ബഗ്ർ കൺസൾട്ടൻസിക്ക് 4.6കോടിയുടെ കരാർ നൽകിയത്.

2018ൽ ചെറുവള്ളി എസ്റ്റേറ്റിലെത്തി പരിശോധിക്കാതെ ഡിജിറ്റൽ സർവേയിലൂടെ കേന്ദ്രത്തിന് നൽകാനുള്ള 38 പേജുള്ള പഠനറിപ്പോർട്ട് അമേരിക്കൻ കമ്പനി തയ്യാറാക്കി. ചെലവ് ഒരുകോടി രൂപ. 2020ൽ ഡിജിറ്റൽ ഭൂരേഖകളും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ചുണ്ടാക്കിയ റിപ്പോർട്ട് കൺസൾട്ടൻസിയുടെ ഒപ്പുപോലുമില്ലാതെ കേന്ദ്രത്തിനയച്ചു. 2021ൽ പഠനറിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്നും ടേബിൾടോപ്പ് റൺവേയ്ക്ക് അനുമതി നൽകാനാവില്ലെന്നും ഡി.ജി.സി.എ എതിർപ്പുന്നയിച്ചു. ഇതിന് മറുപടി നൽകി എതിർപ്പുകൾ നീക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്.

പദ്ധതി പ്രദേശത്തിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച തർക്കം കോടതിയിലാണെങ്കിലും പാരിസ്ഥിതികാഘാത പഠനം ഉൾപ്പെടെയുള്ള മറ്റു നടപടകളുമായി സർക്കാർ മുന്നോട്ടു പോകും. സിവിൽ കേസ് വേഗത്തിലാക്കി ഉടമസ്ഥാവകാശ തർക്കം പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ സാദ്ധ്യതാ പഠനത്തിനും വിശദമായ പദ്ധതി രേഖയ്ക്കുമായി ബഡ്ജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പദ്ധതി സംബന്ധിച്ച് കേന്ദ്രസർക്കാർ ചോദിച്ച ചില കാര്യങ്ങളിൽ വ്യക്തത വരുത്തി വിശദമായ റിപ്പോർട്ട് ഉടനെ സമർപ്പിക്കും. റൺവേയുടെ നീളമാണ് ഇതിൽ പ്രധാനം. സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രാഥമിക പദ്ധതി രേഖയിൽ റൺവേയുടെ നീളം 2.7 കിലോമീറ്റായിരുന്നു.

എന്നാൽ, അന്താരാഷ്ട്ര വിമാനത്താവളത്തിന് ആവശ്യമായ റൺവേയുടെ കുറഞ്ഞ നീളം 3.2 കിലോമീറ്ററാണ്. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളിലേതു പോലെ 3.4 കിലോമീറ്റർ റൺവേ ശബരിമല വിമാനത്താവളത്തിന് വേണ്ടിവരും. ഇതിനായി വീണ്ടും സർവേ നടത്തി റൺവേയുടെ ദിശയിൽ മാറ്റം വരുത്തും.


വിമാനത്താവളത്തിന് 2250കോടി ചെലവുണ്ടാവുമെന്നാണ് സാദ്ധ്യതാ പഠന റിപ്പോർട്ടിലുള്ളത്. ഭൂമിയേറ്റെടുക്കാൻ 570കോടി വേണം. മലകളും ഗർത്തങ്ങളുമുള്ള എസ്റ്റേറ്റ് നിരപ്പാക്കിയെടുക്കാൻ 723 കോടി ചെലവിടണം. 2700 മീറ്റർ നീളത്തിൽ റൺവേയുണ്ടാക്കാനാണ് പദ്ധതി. 2030ൽ 24.5 ലക്ഷവും 2050ൽ 64.2 ലക്ഷവും യാത്രക്കാരുണ്ടാവും. 60 വർഷം കൊണ്ട് വിമാനത്താവളം ലാഭകരമാവും.


2025ൽ 52 കോടിയും 2050ൽ 524 കോടിയുമാണ് പ്രവർത്തന ചെലവ്. 2025ൽ 122 കോടി, 2050ൽ 1662 കോടി എന്നിങ്ങനെയാവും വരുമാനം. 2035ഓടെ ആദ്യഘട്ട നിർമ്മാണവും 2048ഓടെ രണ്ടാംഘട്ട നിർമ്മാണവും പൂർത്തിയാക്കാനാവുമെന്നും അമേരിക്കൻ കമ്പനി ലൂയി ബഗ്ർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

Advertisment