Advertisment

കോൺഗ്രസിന് രക്ഷപ്പെടുവാനുള്ള ഉര്‍വശീ ശാപമാണ് സൂററ്റ് കോടതി വിധി. പക്ഷേ കോണ്‍ഗ്രസിന്‍റെ ഈ ഞണ്ടു സ്വഭാവം അതിനനുവദിക്കുമോ ? ശശി തരൂര്‍ ഒരു യോഗത്തില്‍ സംസാരിച്ചാല്‍ തകര്‍ന്നു വീഴുന്നതാകരുത് കോണ്‍ഗ്രസ് ജനാധിപത്യവും നേതൃസങ്കല്‍പവും. അല്പന്മാരായ സ്തുതി പാഠകരാല്‍ വലയം ചെയ്യപ്പെട്ട ഒരു നേതൃ സംവിധാനത്തിൽ നിന്നും പുറത്തുകടക്കാൻ കോൺഗ്രസിന് കഴിയണം. അതിനു മുൻപ് കേരളവും കോൺഗ്രസും നേരേയാക്കണമോ എന്ന് കർണാടക തീരുമാനിക്കും - കോൺഗ്രസിനെ സമഗ്രമായി അവലോകനം ചെയ്യുന്നു - ലേഖനം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

2019 (മെയ്)-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, ദേശീയ കക്ഷികളുടെ അടിതെറ്റിച്ച തിരഞ്ഞെടപ്പായിരുന്നു. കോണ്‍ഗ്രസും, കമ്യൂണിസ്റ്റ് പാര്‍ട്ടിയും എല്ലാം ജനങ്ങള്‍ വിധിച്ച പിഴ ഏറ്റുവാങ്ങി.

ചില പ്രാദേശിക കക്ഷികളൊഴികെ ബിജെപിയുടെ തേരോട്ടത്തില്‍ ഞെരിഞ്ഞമര്‍ന്നു. അന്ന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത് മമത, നവീന്‍ പട്നായിക്ക്, സ്റ്റാലിന്‍, ചന്ദ്രശേഖര റാവു തുടങ്ങി ഏതാനും പേര്‍ക്കു മാത്രമാണ്.

2019-ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് വര്‍ക്കിങ് കമ്മറ്റിയില്‍ രാഹുല്‍ നടത്തിയ പ്രസംഗം ഈ അവസരത്തിലെങ്കിലും കോണ്‍ഗ്രസുകാര്‍ ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കും. 'അടുത്ത അധ്യക്ഷന്‍ നെഹ്രു കുടുംബത്തിന് പുറത്തു നിന്നുമുള്ള ആരെങ്കിലും ആകട്ടെ'.


രാഹുൽ പറഞ്ഞതിന് വിരുദ്ധമായി ഒരു ഉളുപ്പുമില്ലാതെ സ്തുതിപാഠകരുടെ പ്രേരണക്കു വഴങ്ങിയാണെങ്കിലും അധ്യക്ഷ കസേരയില്‍ കയറിയിരിക്കാന്‍ സോണിയ ഗാന്ധി തന്നെ തയ്യാറായി.


ഇത്തരം ആഭാസ നാടകങ്ങളുടെ ആവര്‍ത്തനം വീണ്ടും നമ്മള്‍ കണ്ടു. എ ഐ സി സി അധ്യക്ഷ തിരഞ്ഞെുടുപ്പില്‍ ഹൈക്കമാന്‍റ് ഇടപെടില്ല എന്നു പറഞ്ഞവര്‍ തന്നെ പരസ്യമായി ആ വാഗ്ദാനം ലംഘിക്കുന്നതാണ് പിന്നീട് നമ്മള്‍ കണ്ടത്. ഇത് എല്ലാ സംഘടനകളിലും നടക്കുന്ന കേവലം സാധാരണ ഇടപെടലുകളാണ്. ആ അര്‍ത്ഥത്തില്‍ നമുക്ക് ഈ സംഭവത്തെ വേണമെങ്കില്‍ അവഗണിക്കാം.

പക്ഷെ ഇവിടെ കക്ഷി കോണ്‍ഗ്രസാണ്. രാജ്യം ഭരിച്ച കക്ഷിയാണ്. ഇനിയും ഭരിക്കാന്‍ സാധ്യതയുള്ള കക്ഷിയുമാണ്. അല്പന്മാരായ സ്തുതി പാഠകരാല്‍ വലയം ചെയ്യപ്പെട്ട ഒരു നേതൃ സംവിധാനമാണ് ഇന്ന് കോണ്‍ഗ്രസിനുള്ളത്. അതു തന്നെയാണ് കോണ്‍ഗ്രസ്സിന്‍റെ ദൗര്‍ബല്ല്യവും.


ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടുവാനുള്ള ഉര്‍വശീ ശാപമാണ് സൂററ്റ് കോടതി വിധി. ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന്‍റെ ഞണ്ടു സ്വഭാവം അനുവദിക്കുമോ ?


ഒരു പ്രഭാഷണത്തിലൂടെ മാത്രം വൈക്കം സത്യാഗ്രഹത്തിന്‍റെ ചരിത്രവും, സന്ദേശവും ലോകമെങ്ങും എത്തിക്കാന്‍ കഴിയുന്ന തരൂരിനെ പോലുള്ളവരുടെ നിർജീവ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

വയനാട്ടില്‍ സീറ്റൊഴിവുണ്ടായാല്‍ ആരു മത്സരിക്കും എന്ന ആലോചനകള്‍ വരെ തുടങ്ങിക്കഴിഞ്ഞു. രാഹുലില്‍ പ്രതീക്ഷ നഷ്ടപ്പെട്ടാല്‍ ഉപഗ്രഹങ്ങള്‍ തങ്ങളുടെ ഭ്രമണപഥം പ്രിയങ്കക്കും ചുറ്റിലുമാക്കും. ഇതൊരവസരമാണ്. കോണ്‍ഗ്രസിനെ പുനസൃഷ്ടിക്കാന്‍, പുനസംഘടിപ്പിക്കാന്‍. കോണ്‍ഗ്രസിന്‍റെ സാധ്യതകള്‍, കേരളത്തിന്‍റെ പശ്ചാത്തലത്തില്‍.


മറ്റെല്ലാ സംസ്ഥാനങ്ങളിലും തകര്‍ന്നിട്ടും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 90 ശതമാനം വിജയം നേടാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം.


publive-image

മുല്ലപ്പള്ളി രാമചന്ദ്രനും, വേണുഗോപാലുമെല്ലാം തങ്ങള്‍ വടകരയിലും ആലപ്പുഴയിലും മത്സരിക്കാനില്ല എന്ന് മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ച് പറഞ്ഞ് പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരുന്ന സമയമായിരുന്നു. അങ്ങനെയാണ് ആലപ്പുഴ സീറ്റ് മാത്രം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായത്.

കോണ്‍ഗ്രസ് ഒരു ലിബറല്‍ സ്വഭാവമുള്ള പാര്‍ട്ടിയാണെന്നു മനസ്സിലാക്കാതെ അച്ചടക്കത്തെക്കുറിച്ച് അലമുറയിടുന്ന നേതാക്കളില്‍ നിന്നും തന്നെയാണ് ഇത്തരം പ്രവര്‍ത്തികളും ഉണ്ടായത്.


ഹൈക്കമാന്‍റിന്‍റെ ആശ്രിതരായി നിന്ന് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നവര്‍ (കെ വി തോമസ്സും, ഏ കെ ആന്‍റണിയുമെല്ലാം) അച്ചടക്കമുള്ളവരും, ഇത്തരം സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ശ്രമിക്കുന്നവര്‍ പാര്‍ട്ടി വിരുദ്ധരും ആകും. തരൂര്‍ തന്നെ ഉദാഹരണം.


publive-image

കേരളത്തില്‍ ഇരു മുന്നണികളും ശക്തി സംഭരിക്കുന്നത് സമുദായിക ചേരുവകളുടെ വിജയത്തിലൂടെയാണ്. കരുണാകരനെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെ വക്താവാക്കി നിഷ്ക്രിയനാക്കിയതിനു ശേഷം പിന്നീടു വന്നവര്‍ സമുദായ പ്രീണന പരിപാടിയില്‍ തങ്ങളുടെ സമുദായത്തെ മാത്രം പരിഗണിക്കുന്നവരായി മാറിയതുകൊണ്ട് കേരളം അംഗീകരിക്കുന്ന നേതാവായി മാറുവാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല എന്നതാണ് വസ്തുത.

വിമോചന സമരെത്ത തടര്‍ന്നു രൂപപ്പെട്ട സമുദായ ശാക്തിക ചേരികള്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ ഇന്നും നിലനില്‍ക്കുന്നു. കൊണ്‍ഗ്രസ് പിളര്‍ന്ന് കേരളാകോണ്‍ഗ്രസ് ഉണ്ടായതു മുതലാണ് സമുദായ ശക്തികളുടെ ബലാബലത്തില്‍ മാറ്റം വന്നത്.

അതുവരെ മുസ്ളീം, ക്രിസ്ത്യന്‍, നായര്‍ വിഭാഗങ്ങള്‍ ഭൂരിഭാഗവും യുഡിഎഫ്-ഭാഗത്തു നിന്നു. മറുഭാഗത്ത് ജാതിയടിസ്ഥാനത്തില്‍ ഏറ്റവും പ്രബല ജാതിയായ ഈഴവരും, പിന്നോക്ക വിഭാഗങ്ങളും എല്‍ ഡി എഫിനൊപ്പവും നിലകൊണ്ടു.


കഴിഞ്ഞ കാലത്ത് അതായത് 2014-നു ശേഷം മേല്‍പറഞ്ഞ സമവാക്യങ്ങളില്‍ കാതലായ മാറ്റം വരുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ഇസ്ളാമിക് പൊളിറ്റിക്സിലാണ്ടായ മാറ്റം കേരളത്തിലെ മുസ്ളീം സമ്മതിദായകരെ കാര്യമായി സ്വാധീനിച്ചു.


ബി ജെ പി യെ ഒരുഭീകരരൂപിയായി ചിത്രീകരിച്ച് അവര്‍ക്കെതിരെ പോരാടാന്‍ തങ്ങള്‍ക്കേ കഴിയൂ എന്നു ജനങ്ങളെ വിശ്വസിപ്പിക്കുന്നതില്‍ ഇടതു പക്ഷം വിജയിച്ചു.

2019-ല്‍ അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമായത് ഈ പ്രചരണത്തിന് ആക്കം കൂട്ടി. കോഴിക്കോടും മലപ്പുറത്തും നടത്തിയ ബീഫ് ഫെസ്റ്റിവലും മറ്റും സാധാരണ മുസ്ളീമിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. അതുപോലെ കേരളാ കോണ്‍ഗ്രസ് (മാണി) മുന്നണി വിട്ടതും യു ഡി എഫ് അടിത്തറയില്‍ വീണ വിള്ളലിന്‍റെ ആഴം വര്‍ദ്ധിപ്പിച്ചു.

publive-image


കാലാകാലങ്ങളായി തങ്ങളോടൊപ്പം നിലയുറപ്പിച്ചിരുന്ന ചില വിഭാഗങ്ങള്‍ തങ്ങളെ കയ്യൊഴിയുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനേ യു ഡി എഫ് നേതാക്കള്‍ക്ക് കഴിയുമായിരുന്നൊള്ളൂ.


നിലപാട് രാഷ്ട്രീയത്തേക്കാള്‍ സമുദായ പിന്തുണയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടു പോയ നേതാക്കള്‍ക്കുള്ള തിരിച്ചടി കൂടിയായിരുന്നു 1921-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.

കോണ്‍ഗ്രസിന്‍റെ നൈസര്‍ഗിക രാഷ്ട്രിയ കാഴ്ചപ്പാടിനെ, ജനാധിപത്യം, മതേതരത്വം എന്നീ കാഴ്ചപ്പാടുകളെ അവഗണിച്ച നേതാക്കള്‍ തന്നെയാണ് കോണ്‍ഗ്രസിന് ഈ ദുര്‍വിധി സമ്മാനിച്ചത്. ഇതേ നേതാക്കള്‍ ഇന്നും സംഘടനയില്‍ മേല്‍ക്കൈക്കുവേണ്ടി മുറവിളി കൂട്ടുന്നുണ്ട്.

സ്വന്തം നയപരിപാടികളേക്കാള്‍ മോദിയുടേയും, പിണറായിയുടേയും വീഴ്ചകള്‍ മുതലാക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് അണിയറയില്‍ മെനയുന്നത്. ആ സമീപനത്തില്‍ തെറ്റു കാണാനാവില്ല. അത് സ്വാഭാവികവുമാണ്.

രാഹുലിനെതിരായ മാനനഷ്ടക്കേസ്സും അതിനെ തുടര്‍ന്ന് ശരവേഗത്തിലെടുത്ത തുടര്‍ നടപടികളും ആരെയും അമ്പരപ്പിക്കുന്നതാണ്. അതുപോലെ മറ്റൊരു കേസായിരുന്നു ലക്ഷദ്വീപ് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമായ മുഹമ്മദ് ഫൈസലിന്‍റെത്.

publive-image


വിധി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അയോഗ്യനാക്കുക, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക തുടങ്ങിയ നിയമനടപടികള്‍ ശരവേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ അധികാര കേന്ദ്രങ്ങള്‍ക്കു കഴിഞ്ഞു എന്നത് നിയമനടപടികളുടെ ചരിത്രത്തിലെ ഒരു മഹാസംഭവം ആയി മാത്രമെ കാണാനാവുകയൊള്ളു.


ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളെ കോടാനുകോടികള്‍ വെട്ടിച്ച് വിദേശ രാജ്യങ്ങളില്‍ സ്വൈര വിഹാരം നടത്താന്‍ ഒത്താശ ചെയ്തു കൊടുത്തവര്‍ ലോക്സഭാ സെക്രട്ടററിയേറ്റിന്‍റെയൊ തിരഞ്ഞെടുപ്പ് കമ്മീഷന്‍റേയൊ കഴിവെങ്കിലും കാണിച്ചിരുന്നെങ്കില്‍ നമ്മുടെ സമ്പദ് വ്യവസ്ഥ വര്‍ഷങ്ങള്‍ക്കു മുന്നേ ലോക രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനെത്തെത്തുമായിരുന്നു.

ഇവിടെ അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതങ്ങളെ നിറവേറ്റുവാന്‍ ഉദ്യോഗസ്ഥവൃന്ദം സദാ ജാഗരൂകരാണ്. അതുകൊണ്ടാണ് സൂറത്ത് കോടതിയുടെ വിധിവന്ന ഉടന്‍ തന്നെ തുടര്‍നടപടികള്‍ വേഗത്തിലാക്കിയത്.


ഈ നടപടികളോടുകൂടി മോദിമാരുടെ മാനം വീണ്ടെടുത്തോ ? നാലു വര്‍ഷത്തോളോം മാനം നഷ്ടപ്പെട്ട് ജീവിച്ചതിന് ആരാണു കാരണക്കാര്‍ ? നിയമ നടപടികള്‍ വേഗത്തിലാക്കുവാന്‍ എന്തു കൊണ്ട് അവര്‍ ശ്രമിച്ചില്ല ? അത്ര അടിയന്തിര സ്വാഭാവമുള്ളതായിരുന്നൊ ആ വിധി ?


മോദിയോടും രാഹുലിനോടും പ്രത്യേകിച്ച് പ്രതിബദ്ധതയില്ലാത്ത കോടാനുകോടി ജനങ്ങള്‍ ഈ ചോദ്യം സ്വയം ചോദിക്കും. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ജനസ്വാധീനം വീണ്ടെടുക്കാനുള്ള ഒരവസരമായി ഇപ്പോഴത്തെ സംഭവവികാസങ്ങളെ വിനയോഗിക്കാം. അതിന് കോണ്‍ഗ്രസ് നേതാക്കളും സംഘടനയും ജനാധിപത്യം പ്രസരിപ്പിക്കണം.

ശശി തരൂര്‍ ഒരു യോഗത്തില്‍ സംസാരിച്ചാല്‍ തകര്‍ന്നു വീഴുന്നതാകരുത് കോണ്‍ഗ്രസ് ജനാധിപത്യവും നേതൃസങ്കല്‍പവും. ജനാധിപത്യത്തിനു വേണ്ടി പോരാടുവാന്‍ ജനങ്ങള്‍ തയ്യാറാണ്. ആ ജനാധിപത്യ ബോധം പ്രകടിപ്പിക്കുന്ന നേതാക്കളോടൊപ്പം ജനങ്ങളുമുണ്ടാവും.


സംഘടനാ തിരഞ്ഞെടുപ്പു പോലുള്ള ആഭാസ നാടകങ്ങളിലൂടെ ജനങ്ങളെ കബളിപ്പിച്ച് കാര്യം നേടുവാന്‍ ശ്രമിച്ചാല്‍ വമ്പന്‍ തിരിച്ചടികള്‍ നേരിടാന്‍ തയ്യാറാവുക. കര്‍ണാടക പ്രഭവ കേന്ദ്രമാവുമോ ?


publive-image

കേരളത്തിന്‍റെ വികലമായ രാഷ്ട്രീയ ചിത്രത്തിന് അല്‍പമെങ്കിലും ദിശാ ബോധം നല്‍കുവാന്‍ കര്‍ണാടക ജനതക്കു കഴിയും. കോണ്‍ഗ്രസ്സിനു അനുകൂലമായി വ്യക്തമായ ജനവിധി ഉണ്ടായാല്‍ കേരളത്തിലും അതിന്‍റെ പ്രതിഫലനങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.

കോണ്‍ഗ്രസ്സില്‍ നിന്നും അകന്നു പോയ മുസ്ളീം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ കോണ്‍ഗ്രസ്സിലേക്കു തന്നെ മടങ്ങി വന്നേക്കാം. ആ സാഹചര്യത്തില്‍ ഇവിടെ ആവര്‍ത്തിക്കുക 2021 ആയിരിക്കില്ല, 2019 ആയിരിക്കും. അതുപോലെ മറിച്ചും സംഭവിക്കാം.

തിരിച്ചുവരവിനു സാധ്യതയുള്ള കര്‍ണാടകയില്‍ കൂടി നിലംപൊത്തിയാല്‍ ഇനി ഈ കക്ഷിക്ക് വോട്ടു ചെയ്തിട്ട് കാര്യമില്ല എന്ന് കേരളത്തിലെ വോട്ടര്‍മാരും തീരുമാനിക്കും. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും 2021 ആവര്‍ത്തിക്കുക തന്നെ ചെയ്യും.


ഇടതുപക്ഷം തുടങ്ങുന്നതു തന്നെ ഈഴവ- പിന്നോക്ക വിഭാഗങ്ങളുടെ ബഹു ഭൂരിപക്ഷത്തിന്‍റേയും ശക്തമായ പിന്തുണ ഉറപ്പിച്ചു കൊണ്ടാണ്. അത് എന്തു മാത്രം വിപുലപ്പെടുത്താമെന്ന് 1967-ല്‍ നമ്പൂതിരിപ്പാട് കാണിച്ചു തന്നു.


publive-image

ആര്‍ ശങ്കറെ പോലെ കരുത്തനായ ഈഴവ നേതാവ് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നിട്ടു കൂടി കോണ്‍ഗ്രസ്സിന് അത്ര ഉറപ്പുള്ള ഒരു സാമുദായിക അടിത്തറ ഇല്ലാതെ പോയി. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഉണ്ടായ അഭിപ്രായ വിത്യാസങ്ങളില്‍ (ഓര്‍ത്തഡോക്സ്- യാക്കോബായ) വ്യക്തമായ നിലപാടെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു.

ഇങ്ങനെ സമുദായ സമവാക്യങ്ങളുടെ പൊളിച്ചെഴുത്തിലൂടെ എല്ലാ കക്ഷികളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുവാന്‍ തുടങ്ങിയപ്പോള്‍ സരിതയും, സോളാറും, കിറ്റുമെല്ലാം കേരളത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന വിഷയങ്ങളായി.

അതോടൊപ്പം അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങള്‍ ജനങ്ങളുടെ ബോധമണ്ഡലത്തില്‍ നിന്നു തന്നെ തുടച്ചു നീക്കുവാന്‍ രാഷ്ട്രീയ നേതൃത്വത്തിന്‍റെ സംഘടിത ശ്രമത്തിനു കഴിഞ്ഞു.

ഈ അഴിയാക്കുരുക്ക് ആര്‍ക്കാണ് അഴിക്കാന്‍ കഴിയുക. കേരളം ഉറ്റുനോക്കുന്നത് അതിനാണ്.

Advertisment