Advertisment

ഡോക്ടർമാരുടെ നേരെ തുടരെയുണ്ടാകുന്ന ആക്രമണങ്ങൾ അതീവഗൗരവതരം. ലക്ക്കെട്ടവൻമാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ ഹൗസ് സർജൻമാരുടെയും വനിതാ ഡോക്ടർമാരുടെയും മുന്നിലേക്ക് ഇട്ട് കൊടുക്കരുത്. ഡോക്ടർ വന്ദനാ ദാസിന്റെ അരും കൊലയിൽ ജനങ്ങളും രോഷാകുലരാകുന്നു

New Update

publive-image

Advertisment

വന്ദന ദാസ് എന്ന ഹൗസ് സർജന്റെ കൊലപാതകം ആരോഗ്യവകുപ്പിന്റെ സമ്പൂർണ്ണ പരാജയം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ നിയോഗിയ്ക്കപ്പെടുന്ന ഡോക്ടർമാരുടെ ജീവനെടുക്കുന്ന അക്രമികളെ വെടിവച്ച് വീഴ്ത്തണം.

അദ്ധ്യാപകവൃത്തിയ്ക്ക് അപമാനമുണ്ടാക്കിയ സന്ദീപ് എന്ന ക്രിമിനലിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിടാൻ വിദ്യാഭ്യാസ വകുപ്പ് ഒട്ടും താമസിയ്ക്കരുത്. ഇയാളെക്കൊണ്ട്, ഇയാളെപ്പോലെയുള്ള സാമൂഹിക വിരുദ്ധരെക്കൊണ്ട് വീട്ടുകാർക്കും സമൂഹത്തിനും എന്ത് ഗുണമാണ് ഉണ്ടായിട്ടുള്ളത്, ഇനി ഉണ്ടാവുക എന്ന് നിയമ വിദഗ്ദ്ധർ ചിന്തനം ചെയ്ത് മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ഇയാൾ പഠിപ്പിച്ച വിദ്യാർത്ഥികളുടെ ഭാവി എന്താകും. ഇയാളുടെ സഹപ്രവർത്തകർ ഇയാളെക്കൊണ്ട് എത്രമാത്രം പൊറുതിമുട്ടിയിട്ടുണ്ടാകും. ഇയാളെ മാത്രമല്ല ഇയാളുടെ ലഹരി കൂട്ടാളികളെക്കൂടി പോലീസ് വലയിലാക്കണം.

നാട്ടിൽ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജനങ്ങൾക്ക് നേരെ അക്രമങ്ങളും കൈയേറ്റങ്ങളും വർദ്ധിച്ചു വരുന്ന കാലഘട്ടമാണ്. രാഷ്ട്രീയ ബന്ധങ്ങൾ ക്രിമിനലുകൾക്ക് തണൽവിരിയ്ക്കുന്നതാണ് അക്രമങ്ങൾ വർദ്ധിയ്ക്കുവാൻ കാരണം.

നാടിനും വീടിനും കൊള്ളരുതാത്തവൻമാർ ലഹരിയ്ക്ക് അടിമകളായി അതിക്രമം കാട്ടുന്നത് സർവ്വസാധാരണമാണ്. ഇങ്ങനെ ഉള്ളവൻമാരെ പരിശോധിയ്ക്കാൻ വൈദ്യവിദ്യാർത്ഥികളെ, പ്രത്യേകിച്ച് പെൺകുട്ടികളെയും മറ്റ് വനിതാ ഡോക്ടർമാരെയും നിയോഗിച്ച ആരോഗ്യവകുപ്പ് ആണ് വന്ദനാ ദാസിന്റെ മരണത്തിന് ഒന്നാമത് ഉത്തരവാദി.

സന്ദീപിനെ ആശുപത്രിയിൽ എത്തിച്ച പോലീസ് ഉദ്യോഗസ്ഥരും ഇതിൽ ഉത്തരവാദികളാണ്. സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചിട്ട് ഉദാസീനരായി പോലീസ്. ഒരു പക്ഷെ ഇങ്ങനെ ഒരതിക്രമം ഇയാളുടെ ഭാഗത്ത് നിന്ന് പോലീസ് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷേ പോലീസ് വളരെ ജാഗരൂകരാകേണ്ടതായിരുന്നു. ഈ അലംഭാവം ഒരു കുടുംബത്തിന് ഒരിയ്ക്കലും പകരം വെക്കാൻ കഴിയാത്ത തീരാനഷ്ടമാണ് ഉണ്ടാക്കിയത്.

ആരോഗ്യവകുപ്പ് മന്ത്രി രാജിവെച്ചത് കൊണ്ട് മാത്രം ഈ പ്രശ്നം തീരില്ല. വിവരമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചർച്ച ചെയ്ത്, ഇനി ഒരു അത്യാഹിതം ഡോക്ടർമാർക്ക് നേരെയോ ആരോഗ്യമേഖലയിൽ ജോലിചെയുന്നവർക്ക് നേരെയോ ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിയ്ക്കണം.

നന്ദനയുടെ കാര്യത്തിൽ മന്ത്രി തന്നെ പറഞ്ഞു, " ആ മോൾക്ക് എക്സ്പീരിയൻസ് ഇല്ല" എന്ന്. അതറിയാവുന്ന മന്ത്രി, ഹൗസ് സർജൻമാരെക്കൊണ്ടും വനിതാ ഡോക്ടർമാരെക്കൊണ്ടും ലഹരിയ്ക്ക് അടിമകളായവരെ പരിശോധിപ്പിയ്ക്കരുത് എന്ന് ഇന്ന് തന്നെ ഉത്തരവിറക്കണം.

പോലീസിന്റെ സാന്നിധ്യത്തിൽ ആകണം പരിശോധന. പരിശോധനയ്ക്ക് വിധേയനാകുന്ന ആളുടെ കൈയ്യിൽ വിലങ്ങ് വെക്കണം. മറ്റ് ജീവനക്കാർക്കും ഇവരുടെ ഉപദ്രവം ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിയ്ക്കണം. അതിക്രമം കാട്ടുന്നവനെ വെടിവച്ചിടാൻ പോലീസിന് നിർദ്ദേശം കൊടുക്കണം. ഇനി ഒരു അതിക്രമവും കൊലപാതകവും ഒരു ഡോക്ടറുടെ നേരെയും ആരോഗ്യമേഖലയിൽ ജോലിചെയുന്നവരുടെ നേരെയും ഉണ്ടാകരുത്.

ഒരു ക്രിമിനൽ തല്ലിക്കൊഴിച്ചത് ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമല്ല, ഏക മകൾ ഡോക്ടറായി കാണാൻ ആഗ്രഹിച്ച മാതാപിതാക്കളുടെ ധ്യാന തപസ്സിനെ കൂടിയായിരുന്നു.

പ്രതിഷേധങ്ങളും പ്രകടനങ്ങളും വളരെപ്പെട്ടെന്ന് ഇല്ലാതാകും എന്ന് എല്ലാവർക്കും അറിയാം. അടുത്ത ഒരു സംഭവം ഉണ്ടാകുമ്പോൾ വീണ്ടും പ്രതിഷേധം ഉയരും. മാതൃകാപരമായ ശിക്ഷാ നടപടികൾ സന്ദീപിൽ നിന്ന് ആരംഭിയ്ക്കട്ടെ. നട്ടെല്ലുള്ള ഒരു പോലീസുകാരന്റെ തോക്കിലെ വെടിശബ്ദം കേൾക്കാനായി ജനം കാത്തിരിയ്ക്കുന്നുണ്ട്.

Advertisment