Advertisment

സൗന്ദര്യ സങ്കൽപ്പങ്ങൾ തിരുത്തി അലക്‌സാന്ദ്ര; അറുപതാം വയസ്സിൽ മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് കിരീടം

New Update
a6c5-083cd5d8e773_stool__30_.jpg

ബ്യൂണസ് ഐറിസ്: സൗന്ദര്യ മത്സരത്തിലെ എല്ലാ മുന്‍വിധികളേയും വാര്‍പ്പുമാതൃകകളേയും പൊളിച്ചെഴുതി അര്‍ജന്റീനയില്‍ നിന്നുള്ള അറുപതുകാരി അലക്‌സാന്ദ്ര മരീസ റോഡ്രിഗസ്. ബ്യൂണസ് ഐറിസ് പ്രവിശ്യയുടെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടി അലക്‌സാന്ദ്ര ചരിത്രമെഴുതി. സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു അറുപതുകാരി കിരീടം നേടുന്നത്. അണിയുലാ പ്ലാറ്റ നഗരത്തില്‍ നിന്നുള്ള അലക്‌സാന്ദ്ര അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയും കൂടിയാണ്.

മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്റീന മത്സരത്തില്‍ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നത് അലക്‌സാന്ദ്രയാകും. അതില്‍ വിജയിച്ചാല്‍ മെക്‌സിക്കോയില്‍ സെപ്റ്റംബര്‍ 28ന് നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ അര്‍ജന്റീനയെ പ്രതിനിധീകരിക്കുന്നതും ഈ അറുപതുകാരിയായിരിക്കും.

'ശാരീരികമായ അളവുകൾ മാത്രമല്ല സൗന്ദര്യം എന്നതിന്റെ ഉദാഹരണമാണ് എന്റെ വിജയം. പുതിയൊരു തുടക്കം കുറിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്.' -അലക്‌സാന്ദ്ര പറയുന്നു. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മാറ്റുരയ്ക്കുന്ന മറ്റൊരു പ്രായം കൂടിയ മത്സരാര്‍ഥി ഡൊമിനികന്‍ റിപ്പബ്ലിക്കിന്റെ ഹൈദി ക്രൂസാണ്. 47 വയസാണ് ഹൈദിയുടെ പ്രായം. നേരത്തെ സൗന്ദര്യ മത്സരത്തില്‍ 18നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ 2023ല്‍ ഈ നിയമം മാറ്റുകയും 18 വയസ് മുതല്‍ എത്ര വയസ്സ് വരേയുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുകയും ചെയ്തു.

Advertisment