Advertisment

ഓണ്‍ലൈന്‍ ആപ്പുവഴി സ്ത്രീ ശബ്ദത്തില്‍ പരിചയപ്പെട്ട് ഹണിട്രാപ്പ്; യുവാവിനെ മര്‍ദിച്ച് പണവും  മൊബൈലും കവര്‍ന്ന രണ്ടുപേര്‍ പിടിയില്‍, ഒരാള്‍ ഒളിവില്‍

മൂന്നുപീടിക സ്വദേശി പെരിങ്ങാട്ടു വീട്ടില്‍ പ്രിന്‍സ് (23), നാട്ടിക സ്വദേശിയായ 17 വയസുകാരന്‍ എന്നിവരാണ് പിടിയിലായത്.

New Update
577667767777

ഇരിങ്ങാലക്കുട: കാട്ടൂരില്‍ ഓണ്‍ലൈന്‍ ആപ്പുവഴി സ്ത്രീ ശബ്ദത്തില്‍ പരിചയപ്പെട്ട് ഹണിട്രാപ്പ് കവര്‍ച്ച നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മൂന്നുപീടിക സ്വദേശി പെരിങ്ങാട്ടു വീട്ടില്‍ പ്രിന്‍സ് (23), നാട്ടിക സ്വദേശിയായ 17 വയസുകാരന്‍ എന്നിവരാണ് പിടിയിലായത്.

Advertisment

അരിമ്പൂര്‍ സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സംഭവം. യുവാവ് ഓണ്‍ലൈന്‍ ആപ്പിലൂടെ എയ്ഞ്ചല്‍ എന്ന അക്കൗണ്ടിലുള്ള സ്ത്രീയുമായി സൗഹൃദത്തിലാകുകയും സ്ത്രീ നേരിട്ട് കാണാനായി യുവാവിനെ വ്യാഴാഴ്ച രാവിലെ പത്തരയോടെ കോതറ പാലത്തിനോട് ചേര്‍ന്ന ബണ്ടിലേക്ക് വിളിച്ചു വരുത്തി. ബൈക്കില്‍ ഇവിടെയെത്തിയ യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് വളഞ്ഞ് മര്‍ദിച്ച് മൊബൈല്‍ ഫോണും പണവും കവരുകയായിരുന്നു.

ഒപ്പം സമൂഹികമാധ്യമങ്ങളിലൂടെ വിവരം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി എ.ടി.എമ്മില്‍ കൊണ്ടുപോയി 30,000 രൂപയും പിന്‍വലിപ്പിച്ച് അതും കൈക്കലാക്കി. പിന്നീട് യുവാവിനെ ബണ്ടില്‍ തന്നെ കൊണ്ടുവന്ന് മര്‍ദിച്ച് അവശനാക്കി സംഘം സ്ഥലം വിടുകയായിരുന്നു. ആദ്യം പരാതിപ്പെടാന്‍ മടിച്ചെങ്കിലും പിന്നീട് യുവാവ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. 

പരാതിക്കാരനില്‍ നിന്ന് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ പൊലീസ് സംഘം ഓണ്‍ലൈന്‍ ഫെയ്ക്ക് ആപ്പുകള്‍ പരിശോധിച്ചും പ്രതികളുടെ രൂപസാദൃശ്യങ്ങള്‍ മനസ്സിലാക്കിയും നടത്തിയ അന്വേഷണത്തിനൊടുവില്‍ വാഹനം തടഞ്ഞ് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. മൂന്നാമനെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. എസ്.ഐ ശ്രീലക്ഷ്മി, എ.എസ്.ഐ കെ.എസ്. ശ്രീജിത്ത്, വി.എസ്. ശ്യാം, ശബരീ കൃഷ്ണന്‍, ഡ്രൈവര്‍ സി.പി.ഒ. ഷൗക്കര്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Advertisment