Advertisment

മേയര്‍ ആര്യാ രാജേന്ദ്രനും എം.എല്‍.എ. സച്ചിന്‍ ദേവിനും മറ്റു മൂന്നു പേര്‍ക്കുമെതിരേ  കേസെടുത്ത് പോലീസ്; നടപടി കോടതി നിര്‍ദ്ദേശത്തിന്റെ  അടിസ്ഥാനത്തില്‍

ഇരുവര്‍ക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

New Update
54535333

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എം.എല്‍.എയുമായ സച്ചിന്‍ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കുമെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ഗതാഗതം തടസപ്പടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Advertisment

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മേയറും എം.എല്‍.എയും ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കെ.എസ്.ആര്‍.ടി.സി. ബസിന് കുറുകെയിട്ട് തടഞ്ഞത്. മേയറും സംഘവും കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുമായി വാക്കേറ്റവുമുണ്ടായി. സംഭവം നടന്ന ദിവസം തന്നെ ഡ്രൈവര്‍ യദു പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. 

എന്നാല്‍, പോലീസ് നടപടിയെടുത്തിരുന്നില്ല. സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ കമ്മിഷണര്‍ക്കും യദു പരാതി നല്‍കിയെങ്കിലും പോലീസ്  നടപടിയൊന്നും എടുത്തില്ല.

ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് അഭിഭാഷകനായ ബൈജു നോയല്‍ കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയില്‍ അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മേയര്‍, എം.എല്‍.എ. വാഹനത്തിലുണ്ടായിരുന്നവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. കെ.എസ്.ആര്‍.ടി.സി. ബസിന് കുറുകെ കാര്‍ നിര്‍ത്തി ബസിലെ യാത്രക്കാരെയും റോഡില്‍ തടഞ്ഞുനിര്‍ത്തി.  ഗതാഗത തടസമുണ്ടാക്കി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

Advertisment