Advertisment

നവകേരള ബസില്‍ കയറാന്‍ തിക്കും തിരക്കും; മുഖ്യമന്ത്രിയുടെ സീറ്റിന് ആവശ്യക്കാരേറെ

ബസിന്റെ ആദ്യ സര്‍വീസിന്റെ മുഴുവന്‍ ടിക്കറ്റും ഇതിനോടകം വിറ്റുകഴിഞ്ഞു. 

New Update
6474747

തിരുവനന്തപുരം:  നവകേരള ബസിന് ഇപ്പോള്‍ ആരാധകരേറെ. ബസ് പൊതുജനങ്ങള്‍ക്കായി വിട്ടുകൊടുത്തതോടെ യാത്ര ചെയ്യാന്‍ തിക്കും തിരക്കുമാണ്. ഒറ്റ ദിവസംകൊണ്ട് വന്‍ ടിക്കറ്റ് വില്‍പ്പനയാണ് നടന്നത്. ഗരുഡ പ്രീമിയം എന്ന പേരിലാണ് നവകേരള ബസ് കോഴിക്കോട്-ബംഗളുരു റൂട്ടില്‍ നാളെ മുതല്‍ യാത്രയാരംഭിക്കുന്നത്. ബസിന്റെ ആദ്യ സര്‍വീസിന്റെ മുഴുവന്‍ ടിക്കറ്റും ഇതിനോടകം വിറ്റുകഴിഞ്ഞു. 

Advertisment

മണിക്കൂറുകള്‍ക്കുള്ളിലാണ് മുഴുവന്‍ ടിക്കറ്റും വിറ്റുപോയത്. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ എ.സി. ബസുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്‌സും നല്‍കേണ്ടിവരും. ബസ്സില്‍ 26 പുഷ് ബാക്ക് സീറ്റുകളുണ്ടെങ്കിലും നവകേരള യാത്രയിലുടനീളം മുഖ്യമന്ത്രിയിരുന്ന ഏറ്റവും മുമ്പിലെ സീറ്റാണ് എല്ലാവര്‍ക്കും വേണ്ടത്. ഇതിന് വേണ്ടി ഡിപ്പോയില്‍ വന്ന് ചോദിക്കുന്നവരുമുണ്ട്. നേരത്തെ മെയ് ഒന്നിന് തിരുവനന്തപുരത്തുനിന്ന്. കോഴിക്കോട്ടേക്ക് നടത്തിയ സര്‍വീസിലും ഇതേ സീറ്റ് നേരത്തേ ബുക്ക് ചെയ്തിരുന്നു. 

പുലര്‍ച്ചെ നാലിന് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബംഗളുരു എത്തും. ഉച്ചയ്ക്ക് 2.30ന് ബംഗളുരുവില്‍ നിന്ന് ഇതേ റൂട്ടില്‍ രാത്രി 10.05ന് കോഴിക്കോട് തിരിച്ച് എത്തും. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍. ടോയ്‌ലറ്റും കൂടുതല്‍ സൗകര്യങ്ങളുമുള്ള നവകേരള ബസ് സര്‍വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, പരാജയപ്പെട്ടാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും.

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ ഈ ബസ് വാങ്ങിയത്. അന്ന് ബസ്സിലെ ആഢംബരത്തെ ചൊല്ലി വലിയ വിവാദങ്ങളുണ്ടായിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവന്‍, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി എന്നിവയൊക്കെയുണ്ടെന്നായിരുന്നു പ്രചാരണം. ഇത് ഏറ്റെടുത്ത പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍, ബസില്‍ ശുചിമുറിയും ലിഫ്റ്റും മാത്രമാണുള്ളതെന്ന് പിന്നീട് വ്യക്തമായി. ബസിനുള്ളില്‍ കയറി ബോധ്യപ്പെടാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു.

Advertisment