Advertisment

കണ്ണൂരില്‍ ആള്‍മാറാട്ടത്തിലൂടെ വീട്ട് വോട്ട് ചെയ്യിപ്പിച്ചു; പോളിങ്  ഓഫീസര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍

ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അരുണ്‍ കെ. വിജയനാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. 

New Update
643646

കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടത്തിലൂടെ വീട്ട് വോട്ട് ചെയ്യിപ്പിച്ചെന്ന പരാതിയില്‍ പോളിങ് ഓഫിസര്‍ക്കും ബൂത്ത് ലെവല്‍ ഓഫിസര്‍ക്കും (ബി.എല്‍.ഒ) സസ്‌പെന്‍ഷന്‍. മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ വോട്ടാണ് പരാതിക്ക് ആധാരം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അരുണ്‍ കെ. വിജയനാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. 

Advertisment

ജനപ്രാതിനിധ്യ നിയമം 1951ലെ 134, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എഫ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. എല്‍.ഡി.എഫ്. പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി എന്‍. ചന്ദ്രന്റെ പരാതിയിലാണ് നടപടി. 

നിയമസഭാ മണ്ഡലം അസി. റിട്ടേണിങ് ഓഫിസര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫിസര്‍ എ.രാജ്, അസി. റിട്ടേണിങ് ഓഫിസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) ആര്‍. ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു. 

24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ തേടി. 

 

Advertisment