Advertisment

സഹോദരങ്ങളോട് പിണങ്ങി ഒളിച്ചിരുന്ന് ആറു വയസുകാരിയുടെ കുസൃതി, കുട്ടിയെ കാണാനില്ലെന്ന് വാര്‍ത്ത പരന്നതോടെ നാടൊന്നാകെ കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍; ഒടുവില്‍ വീട്ടില്‍ നിന്നുതന്നെ കുട്ടിയെ കണ്ടെത്തിയതോടെ ആശ്വാസം

കുട്ടിയെ കാണാതായിട്ട് രണ്ടര മണിക്കൂര്‍ ആയപ്പോയേക്കും വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു.

New Update
4242

മണിമല: സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി. പിന്നാലെ മൂന്ന് മണിക്കൂറുകള്‍ കുട്ടിക്കായി പ്രദേശവാസികളുടെ പരക്കം പാച്ചില്‍. ഒടുവില്‍ സഹോദരങ്ങളോട് പിണങ്ങി വീട്ടില്‍ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തിയതോടെ മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസം.

Advertisment

ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ തന്നെ ആശങ്കയിലാക്കിയ സംഭവം. മണിമലയിലെ ഒരു വീട്ടില്‍ അന്യസംസ്ഥാനക്കാരായ രണ്ടു സ്ത്രീകളെത്തി പോയതിനു പിന്നാലെ ആ വീട്ടിലെ ആറു വയസുകാരിയെ കാണാതായതാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ഉടനെ വീട്ടുകാര്‍  ബന്ധുക്കളേയും അയല്‍വാസികളേയും വിവരമറിയിച്ചു. 

വീട്ടുകാരും  ബന്ധുക്കളും വീടിന്റെ സകല സ്ഥലവും അരിച്ചുപെറുക്കി വീട്ടിനുള്ളില്‍ കുട്ടിയില്ലെന്ന് ഉറപ്പാക്കി. തുടര്‍ന്നു നവമാധ്യമങ്ങളില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതായുള്ള സന്ദേശം പ്രചരിച്ചതോടെ നൂറുകണക്കിന് ആള്‍ക്കാര്‍ വീട്ടിലേക്ക് ഒഴുകിയെത്തി. സമീപത്തെ സി.സി.ടിവി കാമറ പരിശോധിച്ചപ്പോള്‍ രണ്ടു സ്ത്രീകള്‍ കെട്ടുമായി പോകുന്നത് കാണാമെങ്കിലും വ്യക്തത കുറവായതിനാല്‍ ഇവര്‍ തന്നെ തട്ടിക്കൊണ്ട് പോയതായി പലരും ഉറപ്പിച്ചു.

മാധ്യമ പ്രവര്‍ത്തകരും  മണിമല പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡു മെമ്പറും പോലീസും സ്ഥലത്തെത്തി. കുട്ടിയെ കാണാതായിട്ട് രണ്ടര മണിക്കൂര്‍ ആയപ്പോയേക്കും വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ വാരിയെടുത്ത് ചുടുചുംബനങ്ങളാല്‍ പൊതിയുമ്പോഴും മാതാവിന്റെ കണ്ണില്‍ നിന്നും ആനന്ദാശ്രുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു.  എന്തിനാണ് ഇവരെല്ലാം കരഞ്ഞ് വിളിച്ചിട്ടും ഒളിച്ചിരുന്നതെന്ന ചോദ്യത്തിന് സഹോദരങ്ങളോട് പിണങ്ങി പാത്തിരുന്നതാണെന്നായിരുന്നു കുട്ടിയുടെ മറുപടി. 

 

Advertisment