തൃശൂര്‍: പീച്ചി ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായതിന് പിന്നാലെ തിരച്ചില്‍ തുടങ്ങി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25)യെയാണ് വൈകിട്ട് കാണാതായത്. പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് യഹിയയെ കാണാതായത്. എസ്.എഫ്.ഐ. മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറിയാണ് യഹിയ.
സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തിലിറങ്ങിയ യഹിയ മുങ്ങി പോകുകയായിരുന്നു. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ പുരോഗമിക്കുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സ് അംഗങ്ങളും തിരച്ചില്‍ നടത്തുന്നുണ്ട്. മുങ്ങല്‍ വിദഗ്ധരും സ്ഥലത്തുണ്ട്.