Advertisment

ചാണ്ടി ഉമ്മന്‍ എംഎൽഎക്കെതിരെ കൂരോപ്പട പഞ്ചായത്തിലെ ബൂത്ത് കമ്മിറ്റിയില്‍ പരാതി; ചാണ്ടി ഉമ്മന്റെ പ്രവർത്തനം പാർട്ടി അറിയാതെയാണെന്ന് ആരോപണം

ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പുതുപ്പള്ളിയിൽ കോൺഗ്രസിനുള്ളിൽ പാളയത്തിൽ പട. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഭാഗമായ കൂരോപ്പട പഞ്ചായത്തിലെ 62-ാം ബൂത്ത് കമ്മിറ്റിയാണ് എംഎൽഎ ചാണ്ടി ഉമ്മനെതിരെ പ്രമേയം അവതരിപ്പിച്ചത്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
kooroppada congress

കോട്ടയം :  ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പുതുപ്പള്ളിയിൽ കോൺഗ്രസിനുള്ളിൽ പാളയത്തിൽ പട.  പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഭാഗമായ കൂരോപ്പട പഞ്ചായത്തിലെ 62-ാം ബൂത്ത് കമ്മിറ്റിയാണ് എംഎൽഎ ചാണ്ടി ഉമ്മനെതിരെ പ്രമേയം അവതരിപ്പിച്ചത്.  പാർട്ടി പ്രവർത്തകർ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഭവനങ്ങൾ സന്ദർശിക്കുമ്പോൾ എംഎൽഎയുടെ സമീപനത്തെക്കുറിച്ച് ആളുകൾ ഗൗരവതരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു എന്നാണ് പ്രമേയത്തിൽ പറയുന്നത്.  

Advertisment

ബൂത്തിലെ മരണവീടുകളെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി എംഎൽഎ ഓഫീസിൽ അറിയിച്ചിട്ടും എംഎൽഎയുടെ സാന്നിധ്യം ഇവിടങ്ങളിൽ ഉണ്ടാവാത്തത്  ഗുരുതര വീഴ്ച ആണ് എന്നാണ് പ്രവർത്തകരുടെ ആക്ഷേപം.  തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എംഎൽഎയുടെ സമീപനത്തിൽ മാറ്റം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. 16 പ്രതിനിധികൾ പങ്കെടുത്ത ബൂത്ത് കമ്മിറ്റിയാണ് ആക്ഷേപമുയർത്തിയിരിക്കുന്നത്.

kooroppada congress1

യുഡിഎഫ് നിയോജകമണ്ഡലം ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റ്‌ എന്നിവരുടെ സാന്നിധ്യത്തിലാണ്  എംഎൽഎയ്ക്കെതിരെ ഗുരുതര ആക്ഷേപങ്ങൾ  ഉയർത്തി പ്രമേയം അവതരിപ്പിച്ചത്.  

ഈ സംഭവത്തോട് കൂടി  പാർട്ടിക്കുള്ളിൽ ചാണ്ടി ഉമ്മന് എതിരെ  നടക്കുന്ന നിശബ്ദ വിപ്ലവം മറനീക്കി പുറത്തുവരികയാണ്.  നിയോജകമണ്ഡലത്തിലെ ശക്തരായ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പിന്തുണയും ഇത്തരം നീക്കങ്ങൾക്ക് പിന്നിലുണ്ട് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

 എന്നാൽ പ്രാദേശിക നേതൃത്വത്തിന്റെയും, എം എൽ എ ഓഫീസിന്റെയും ഏകോപനം ഇല്ലായ്മയാണ്  എംഎൽഎയുടെ കാര്യപരിപാടികളിൽ പാളിച്ചയുണ്ടാവാൻ കാരണമെന്നും ഒരു വിഭാഗം പ്രവർത്തകർ  ചൂണ്ടിക്കാട്ടുന്നുണ്ട്.  ഇത് എംഎൽഎ ക്കെതിരെ ഉപയോഗിക്കാൻ കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിൽ  ചിലർ  ശ്രമിക്കുന്നത് കൊണ്ടാണ് ഇപ്പോഴത്തെ പൊട്ടിത്തെറി ഉണ്ടായതെന്നും ഒരു വിഭാഗം പ്രവർത്തകർ വിലയിരുത്തുന്നു. അതേസമയം, ആരോപണം അടിസ്ഥാനരഹിതമെന്നും, ഇതിന് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും നിയോജകമണ്ഡലം കണ്‍വീനര്‍ കുഞ്ഞ് പുതുശേരി പറഞ്ഞു.

Advertisment