തൃശൂര്‍: തൃശൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ വീണ്ടും പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്‌ളക്‌സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാട്ടി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
തൃപ്രയാർ തേവരുടെ ചിത്രം ഫ്ളക്‌സിലുള്‍പ്പെടുത്തിയെന്നാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നാണ് ആവശ്യം. ആറ്റിങ്ങലില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ലക്സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി വന്നിരുന്നു. വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത് ഇടതുമുന്നണിയാണ്.
നേരത്തെ നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് സുനില്‍കുമാറിന് തിരിച്ചടിയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറായ തന്‍റെ ചിത്രം പ്രചാരണത്തിനായി ആരും ഉപയോഗിക്കരുത് അത് നിയമവിരുദ്ധമാണെന്ന് ടൊവീനോ തന്നെ വ്യക്തത വരുത്തിയതോടെ സുനില്‍ കുമാര്‍ ഈ ഫോട്ടോ പിൻവലിച്ചിരുന്നു.