Advertisment

കെ. സുധാകരൻ കെപിസിസി അധ്യക്ഷ പദവിയും പാർട്ടി അംഗത്വവും രാജി വയ്ക്കാനൊരുങ്ങുന്നു ?  പ്രസിഡന്റ് പദവി തിരികെ നൽകാത്തതിൽ സുധാകരന് കടുത്ത അമർഷം ! അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാൻ ഗൂഢാലോചനയെന്ന് സംശയിച്ച് സുധാകരൻ;  സുധാകരന്റെ നീക്കം സമ്മര്‍ദ്ദ തന്ത്രമെന്ന്‌ വിലയിരുത്തല്‍ ! പുതിയ അധ്യക്ഷനെ വച്ച് നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന ആവശ്യം പാർട്ടിയിൽ ശക്തം

 അതിനിടെ സുധാകരനു പകരം ചുമതലയുള്ള എംഎം ഹസൻ തൽക്കാലം കുറച്ചു നാൾ കൂടി തുടരട്ടെയെന്നും രണ്ടു മാസത്തിന് ശേഷം പുതിയ അധ്യക്ഷനെ കണ്ടെത്താമെന്നും അഭിപ്രായം ഉയരുന്നുണ്ട്. എ ഗ്രൂപ്പും ഇതിനോട് യോജിക്കുന്നുണ്ട്.

New Update
k sudhakaran-5

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചു നൽകാത്ത നടപടിയിൽ കെ സുധാകരൻ കടുത്ത പ്രതിഷേധത്തിൽ. ഒരാഴ്ചയ്ക്കുള്ളിൽ പ്രസിഡന്റ് സ്ഥാനം തിരിച്ചു നൽകിയില്ലെങ്കിൽ കടുത്ത തീരുമാനമെടുക്കുമെന്നാണ് സുധാകരനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 

Advertisment

കെപിസിസി അധ്യക്ഷ സ്ഥാനവും പാർട്ടി അംഗത്വവും രാജി വയ്ക്കുമെന്നാണ് സുധാകരൻ ചില വിശ്വസ്തരോട് പറഞ്ഞിട്ടുള്ളതെന്നാണ് വിവരം. തന്നെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാനുള്ള ചിലരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും സുധാകരൻ സംശയിക്കുന്നുണ്ട്.


തെരഞ്ഞെടുപ്പിന് പിന്നാലെ ഏപ്രിൽ 30ന്  അധ്യക്ഷ സ്ഥാനം തിരികെ ഏറ്റെടുക്കാൻ കെ സുധാകരൻ തീരുമാനിച്ചിരുന്നെങ്കിലും എഐസിസി ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഹസൻ  താൽക്കാലിക അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ എന്നാണ് ഹൈക്കമാൻഡ് എടുത്ത തീരുമാനം. ഇക്കാര്യം സുധാകരനെ ഇന്നലെ നേതൃത്വം അറിയിച്ചിരുന്നു. 


ഇതോടെയാണ് അധ്യക്ഷ സ്ഥാനം തിരികെ കിട്ടുമോയെന്ന  സംശയം സുധാകരനുണ്ടായത്. കണ്ണൂരിൽ തോറ്റാൽ അധ്യക്ഷ പദവി പോയേക്കുമെന്നും സുധാകരന്റെ വിശ്വസ്തരും വിലയിരുത്തുന്നുണ്ട്. 

ഈ സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധത്തിലേക്കും നടപടിയിലേക്കും പോകാൻ സുധാകരൻ തീരുമാനിച്ചത്.

അതേസമയം സുധാകരന്റേത് സമ്മർദ തന്ത്രം മാത്രമാണെന്നും അതിന് വഴങ്ങേണ്ടതില്ലെന്നും എതിർ വിഭാഗവും വാദിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാലും പ്രതികൂലമായാലും സുധാകരനെ വച്ച് മുന്നോട്ട് പോകാനാവില്ലെന്നാണ് ഇവർ പറയുന്നത്.

ഐ ഗ്രൂപ്പിന്റെ പോലും പിന്തുണ ഈ വിഷയത്തിൽ സുധാകരനില്ല എന്നതും  ശ്രദ്ധേയമാണ്. രമേശ് ചെന്നിത്തല മാത്രമാണ് സുധാകരന് അധ്യക്ഷ സ്ഥാനം തിരികെ നൽകണമെന്ന് ആവശ്യപ്പെടുന്ന ഏക നേതാവ്.

 അതിനിടെ സുധാകരനു പകരം ചുമതലയുള്ള എംഎം ഹസൻ തൽക്കാലം കുറച്ചു നാൾ കൂടി തുടരട്ടെയെന്നും രണ്ടു മാസത്തിന് ശേഷം പുതിയ അധ്യക്ഷനെ കണ്ടെത്താമെന്നും അഭിപ്രായം ഉയരുന്നുണ്ട്. എ ഗ്രൂപ്പും ഇതിനോട് യോജിക്കുന്നുണ്ട്.

എന്തായാലും ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാലും പ്രതികൂലമായാലും കേരളത്തിലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഉറപ്പാണ്

Advertisment