Advertisment

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; എംഎം വർഗീസ് ഇന്ന് വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായേക്കും

New Update
1421335-mm-varghese1.webp

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇന്ന് വീണ്ടും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായേക്കും. കേസിൽ ബുധനാഴ്ച്ച വീണ്ടും ഹാജരാകാൻ നിർദേശിച്ച് തിങ്കളാഴ്‌ച്ച ഇഡി എം എം വർഗീസിന് നോട്ടീസയച്ചിരുന്നു. എന്നാൽ മെയ് ദിനം ആയതിനാൽ ഹാജരാകാൻ കഴിയില്ലെന്ന വർഗീസിന്റെ മറുപടി ഇഡി തള്ളി. തിരിച്ചടക്കാൻ വേണ്ടി വർഗീസ് ഇന്നലെ ബാങ്കിൽ എത്തിച്ച പാർട്ടിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.

തൃശ്ശൂരില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച പണം തിരിച്ചടക്കാനായി കൊണ്ടുവന്നപ്പോഴാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്ക് ജീവനക്കാര്‍ അറിയിച്ചതിനേത്തുടർന്ന് ബാങ്കിൽ എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുക്കുകയായിരുന്നു. കണക്കില്‍ പെടാത്ത പണമെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. നടപടികൾ തുടരുമെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചത്. അതേസമയം എം എം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരാകുന്നുണ്ടെങ്കിലും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്.

കഴിഞ്ഞ ദിവസം എംഎം വർഗീസിനെ ഒൻപത് മണിക്കൂറിലേറെ ഇ ഡി ചോദ്യം ചെയ്തിരുന്നു. സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും സ്വത്ത് വിവരങ്ങളാണ് ചോദ്യം ചെയ്യലിൽ ഇഡി ചോദിച്ചറിഞ്ഞത്. ഇത് ഏഴാം തവണയാണ് വർഗീസിനെ ഇഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ഏരിയാ കമ്മിറ്റികളുടെ അടക്കം വിവിധ പാർട്ടി കമ്മിറ്റികളുടെ പേരിലുള്ള മുഴുവൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്. കരുവന്നൂർ ബാങ്കിൽ നിന്ന് ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കരുവന്നൂർ കള്ളപണ ഇടപാട് കേസിൽ വർഗീസിന് പുറമെ സിപിഐഎം നേതാക്കളായ പികെ ബിജു, എസി മൊയ്തീൻ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.

Advertisment