Advertisment

കല്യാശ്ശേരി കള്ളവോട്ടില്‍ അന്വേഷണം; ഉദ്യോഗസ്ഥരെയും ഏജന്‍റിനെയും ചോദ്യം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
_2024-04_f7f17f3e-bd28-4e69-9b3a-ce9cb33049bb_MixCollage_19_Apr_2024_05_59_PM_5805.jpg

കാസർകോട്: കല്യാശ്ശേരി കള്ളവോട്ടിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. തിരഞ്ഞെടുപ്പ് ചുമതലയിൽ ഉണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെയും എൽഡിഎഫ് ഏജൻ്റും പ്രാദേശിക സിപിഐഎം നേതാവുമായ ഗണേശനേയും പൊലീസ് ചോദ്യം ചെയ്തേക്കും. ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണോ എൽഡിഎഫ് ഏജൻ്റ് പ്രായമായ സ്ത്രീയ്ക്ക് വോട്ട് ചെയ്യാനായി ബാഹ്യ ഇടപെടൽ നടത്തിയത് എന്ന കാര്യം പൊലീസ് പരിശോധിക്കും.

കളക്ടർ അന്വേഷണം പ്രഖ്യാപിച്ച വിഷയത്തിൽ ദ്രുതഗതിയിലുള്ള അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. പ്രതികളായ ആറ് പേരുടേയും മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും. ദൃക്സാക്ഷികളായവരുടെയും യഥാർത്ഥ വോട്ടറായ ദേവകിയുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തും. അതോടൊപ്പം സംഭവത്തിൽ രാഷ്ട്രീയ ആരോപണവും ശക്തിപ്പെടുകയാണ്.

പലസ്ഥലങ്ങളിലും ഏജൻ്റുമാരെ അറിയിക്കാതെയാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇടതുപക്ഷ മുന്നണിയുടെ ഏജൻ്റുമാർ മാത്രം വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിൻ്റെ വിവരങ്ങൾ കൃത്യമായി അറിയുകയും യുഡിഎഫ് ഏജൻ്റുമാരെ അറിയിക്കാതിരിക്കുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിയുടെ ആദ്യ സൂചനയാണെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. സംഭവത്തിൽ ഇടത് നേതാക്കൾ പ്രതികരണത്തിന് ഇതുവരെയും തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസമായിരുന്നു കല്ല്യാശ്ശേരിയിലെ കള്ളവോട്ടിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് പ്രായമായ സ്ത്രീയുടെ വോട്ട് ഗണേശന്‍ രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ട് കളക്ടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

Advertisment