Advertisment

വന്ദനയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്, ഏക മകൾ മരിച്ചെന്ന കാര്യം ഇതുവരെ ഉൾക്കൊള്ളാൻ വന്ദനയുടെ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ല

New Update
Dr Vandana new.jpg

ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദനദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍... 2023 മെയ് ഒമ്പതിന് അവള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പതിവുപോലെ ഡ്യൂട്ടിക്ക് എത്തി. ഡ്യൂട്ടിയില്‍ ഇരിക്കുമ്പോള്‍ പുലര്‍ച്ച നാലരയോടെയാണ് ലഹരിക്കടിമയായ സന്ദീപിനെ പോലീസുകാര്‍ അവിടെ എത്തിക്കുന്നത്. കാലിലെ മുറിവ് തുന്നി കെട്ടാന്‍ ആണ് പോലീസ് കൊണ്ടുവന്നത്. കൈവിലങ്ങ് വച്ചിരുന്നില്ല.

മുറിവ് തുന്നി കെട്ടുന്നതിനിടെ പ്രകോപിതനായ പ്രതി മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് വന്ദനയെ ആഞ്ഞുകുത്തി. ഒന്നല്ല ആറ് തവണ. വന്ദനയുടെ കഴുത്തിലും മുതുകിലും പിന്നില്‍ നിന്നും കുത്തി. നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവര്‍ത്തകരും ഏറെ പണിപ്പെട്ട് അക്രമാസക്തനായ പ്രതിയെ കീഴടക്കി. ശേഷം വന്ദനയെ ആശുപത്രിയിലേക്ക് മാറ്റി പരിക്ക് അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയ വന്ദനയുടെ മരണം പകല്‍ ഒമ്പതിന് സ്ഥിരീകരിക്കുന്നു.

കേസിൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചതിന്റെ പ്രതീക്ഷയിലാണ് വന്ദനയുടെ കുടുംബം. നീതിന്യായ വ്യവസ്ഥയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് പിതാവ് മോഹൻദാസ് മീഡിയവണിനോട് പറഞ്ഞു.

ഏക മകൾ മരിച്ചെന്ന കാര്യം ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല വന്ദനയുടെ മാതാപിതാക്കൾക്ക്. കടുത്തുരുത്തി നമ്പിച്ചിറക്കാലായിൽ മോഹൻദാസിൻ്റെയും വസന്തകുമാരിയുടെയും ജീവിതം മുന്നോട്ട് പോകുന്നത് പ്രിയ മകളുടെ ഓർമകളിലാണ്. വന്ദന ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും പഠനമുറിയിൽ ഒരുക്കി വെച്ചിരിക്കുകയാണ് ഇവർ. സ്റ്റെതസ്കോപ്പ്, കോട്ട്, പുസ്തകങ്ങൾ,പേന വാച്ച് എന്നിവയെല്ലാം മുറിയിലുണ്ട്.

കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുമ്പോൾ നീതി പുലരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.സിബിഐ അന്വേഷണ ആവശ്യപ്പെടുള്ള കുടുംബത്തിൻ്റെ ഹർജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു. കൊല്ലം കോടതിയിലാണ് നിലവിൽ കേസിൻ്റെ വിചാരണ നടപടികൾ നടക്കുന്നത്. അമ്മയുടെ നാടായ തൃക്കുന്നപ്പുഴയിൽ പാവപ്പെട്ട രോഗികൾക്കായി സൗജന്യ ക്ലിനിക്ക് എന്നത് വനന്ദയുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹം പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

 

Advertisment