Advertisment

മാസപ്പടി കേസ്: ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും

New Update
highhmUntitled.jpg

കൊച്ചി: മാസപ്പടി കേസിലെ ഇഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡിയുടെ രണ്ടാം സമന്‍സ് ചോദ്യം ചെയ്ത് എംഡി ശശിധരന്‍ കര്‍ത്തയും 24മണിക്കൂറിലധികം തടഞ്ഞുവെച്ചത് നിയമ വിരുദ്ധമാണെന്ന് കാട്ടി മൂന്ന് ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദീകരണം നല്‍കിയേക്കും.

നടപടിക്രമങ്ങള്‍ നിയമപരമെന്നായിരുന്നു ഇഡിയുടെ അഭിഭാഷകന്‍ ചൊവ്വാഴ്ച നല്‍കിയ മറുപടി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും നേരിട്ട് ഹാജരാകാനാകില്ലെന്നുമാണ് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഉപഹര്‍ജിയിലെ വാദം. എന്നാല്‍ ഇഡി കഴിഞ്ഞദിവസം ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില്‍ ഉള്‍പ്പടെയുള്ള പുരോഗതിയും ഇഡി ഹൈക്കോടതിയെ അറിയിക്കും. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ അധ്യക്ഷയായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിക്കുന്നത്.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്നതോടെയാണ് വീട്ടിലെത്തി ചോദ്യം ചെയ്തത്. കൂടുതല്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു.

Advertisment