Advertisment

വിവാദങ്ങൾക്കപ്പുറം മാർ അത്തനേഷ്യസ് യോഹാൻ എന്ന കെ.പി യോഹന്നാൻ സൃഷ്ടിച്ചെടുത്ത വിശ്വാസ സാമ്രാജ്യം. എൺപതുകളിൽ തരംഗമായ സുവിശേഷ പ്രഭാഷകൻ. തുടക്കവും ഒടുക്കവും തിരുവല്ലയുടെ മണ്ണിൽ.

New Update
H

കോട്ടയം: വിവാദങ്ങൾക്കപ്പുറം മാർ അത്തനേഷ്യസ് യോഹാൻ എന്ന കെ.പി യോഹന്നാൻ സൃഷ്ടിച്ചെടുത്തത് ഒരു വിശ്വാസ സാമ്രാജ്യം തന്നെയായിരുന്നു. മധ്യകേരളത്തിൽ എൺപതുകളിൽ തരംഗം സൃഷ്ടിച്ച സുവിശേഷ പ്രഭാഷകൻ, സുവിശേഷ പ്രഭാഷണ ശൈലിക്ക് മലയാള തനിമ സമ്മാനിച്ച വ്യക്തി അങ്ങനെ ഒട്ടേറെ വിശേഷണങ്ങൾ അദേഹത്തിന് നൽകാം. കെ.പി യോഹന്നാൻ്റെ വാക്കുകൾ കേൾക്കുവാൻ എൺപതുകളിൽ വലിയൊരു ജനക്കൂട്ടം കാതോർക്കുമായിരുന്നു. റേഡിയോയിലൂടെയായിരുന്നു അദ്ദേഹം മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. 

Advertisment

തിരുവല്ലയില്‍ 1980 ൽ രജിസ്റ്റര്‍ ചെയ്ത്  പ്രവര്‍ത്തനം ആരംഭിച്ച   യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ മിനിസ്ട്രി സുവിശേഷ പ്രഭാഷണം കൂടുതൽ ആളുകളിലേക്ക് എത്താൻ തെരഞ്ഞെടുത്തത് റേഡിയോയെ ആയിരുന്നു. 

എൺപതുകളിലെ പ്രഭാതങ്ങളിൽ  റേഡിയോയിൽ മുഴങ്ങിയിരുന്ന ശബ്ദം ഓർത്തെടുക്കുന്ന പലരും ഇന്ന് തിരുവല്ലയിലുണ്ട്. ലാളിത്യമായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര.  

ഒന്നോരണ്ടോ വാക്യങ്ങളിൽ പറയാൻ പോകുന്ന വിഷയത്തിന്റെ ആമുഖം. അതിനുശേഷം പ്രത്യേക സംഗീതത്തിന്റെ അകമ്പടിയോടെ പ്രഭാഷകൻ സ്വയം പരിചയപ്പെടുത്തുന്ന ശൈലി ഏറെ സ്വീകാര്യത നേടി. ഇന്നത്തെ ഭാഷയിൽ കെ.പി യോ ഹന്നാൻ്റെ പ്രഭാഷണം വൈറലാവുക  എന്നു പറയുന്നതിലും തെറ്റില്ല.

പിന്നീട് മധ്യകേരളത്തിലെ ക്രൈസ്തവ വീടുകളിൽ രാവിലെ ആറരയോടെ റേഡിയോ തുറന്നിരിക്കും.   ബൈബിൾ പ്രസംഗം നടത്തുകയല്ല. മറിച്ച്, ഓരോരുത്തരോടും സംസാരിക്കുന്ന രീതിയായിരുന്നു. നാട്ടിലും വീട്ടിലുമൊക്കെ നടക്കുന്ന കാര്യങ്ങൾ ഉദാഹരണങ്ങളായി പറഞ്ഞാകും ബൈബിളിലേക്കു വരുക. അതുകൊണ്ടുതന്നെ ശ്രോതാക്കളായ വിശ്വാസികളുമായി പെട്ടന്ന് വൈകാരികബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

കുടുംബത്തിലെ മൂത്തകാരണവർ സംസാരിക്കുന്ന ശൈലി അദ്ദേഹത്തെ ജനപ്രിയനാക്കി. ബൈബിളിന്റെ വലിയ വ്യാഖ്യാനങ്ങളിലേക്കൊന്നും യോഹന്നാൻ കടന്നില്ല. നിത്യജീവിതത്തിലെ സന്ദർഭങ്ങളുദ്ധരിച്ച് ഉപദേശങ്ങളായിരുന്നു കൂടുതൽ. ടെലിവിഷൻ പ്രചാരത്തിലായതോടെ തട്ടകം അതിലേക്കു മാറ്റി. അപ്പോഴേക്കും റേഡിയോവഴി അദ്ദേഹം സൃഷ്ടിച്ച ആരാധക സാമ്രാജ്യം വലുതായിക്കഴിഞ്ഞിരുന്ന. പിന്നീട് താൻ സ്ഥാപിച്ച സഭയുടെ മെത്രാനായി അദ്ദേഹം മാറി. പൗരോഹിത്യത്തിലേക്കുള്ള ചുവടുമാറ്റത്തിലൂടെ പേരും മാറി. അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത എന്ന പേരു സ്വകരിച്ചു. 

ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷ സ്ഥാനത്തിരിക്കെ അപ്രതീക്ഷിതമായിട്ടാണ്  അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരുക്കേൽക്കുന്നത്. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ മൃതദേഹം  നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിൽ എത്തിക്കുന്ന  മൃതദേഹം തിരുവല്ല കുറ്റപ്പുഴ സെന്റ് തോമസ് നഗറിലുള്ള സഭാ ആസ്ഥാനത്തേക്കാകും കൊണ്ടുവരുക.

Advertisment