Advertisment

നിരാലംബരായ ജനങ്ങൾക്ക് ആശ്വാസമരുളുന്ന പ്രവർത്തനങ്ങൾക്ക് പ്രേരണയായത് കെ.പി.യോഹന്നാന്റെ എളിയ ജീവിത പശ്ചാത്തലം തന്നെ. ആത്മീയ സൗഖ്യം പകരുന്ന പ്രഭാഷണങ്ങളിലൂടെ അവശരുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പി. വിവാദങ്ങൾ പിന്തുടർന്നെങ്കിലും യോഹന്നാന്റെ ദീർഘവീക്ഷണത്താൽ മെഡിക്കൽ കോളേജും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയർന്നു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
G

തിരുവല്ല: സാധാരണ കുടുംബത്തിൽ ജനിച്ച് ആത്മീയ വഴിയിലൂടെ ഉയരങ്ങൾ താണ്ടിയ സവിശേഷ വ്യക്തിത്വമാണ് കാലം ചെയ്ത ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻെറ ജീവിതം.

Advertisment

നിരണത്തെ കർഷകകുടുംബത്തിൽ നിന്നായിരുന്നു ബിഷപ്പ് പട്ടം നേടുന്നതിന് മുൻപ് കെ.പി.യോഹന്നാൻ എന്നറിയപ്പെട്ടിരുന്ന മാർ അത്തനേഷ്യസ് യോഹന്നാൻെറ 'ആത്മീയ യാത്ര' തുടങ്ങിയത്. നിരാലംബരായ ജനങ്ങൾക്ക് ആശ്വാസമരുളുന്ന പ്രവ‍ർത്തനങ്ങളിലേക്ക് കടക്കുന്നതിനും അവർക്ക് വേണ്ടിയുളള സ്ഥാപനങ്ങൾ തുടങ്ങുന്നതിനും അദ്ദേഹത്തിന് പ്രേരണയായത് എളിയ ജീവിത പശ്ചാത്തലം തന്നെയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ശിശു സംരക്ഷണ പദ്ധതികളിലൊന്നായ ബ്രിഡ്ജ് ഓഫ് ഹോപ്പ് ആണ് ബിലിവേഴ്സ് ചർച്ചിലൂടെ അത്തനേഷ്യസ് യോഹാൻ നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനം. ദൈവവഴിയെന്നാൽ അത് അവശരുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുകയും അവരെ കൈപിടിച്ച് ഉയർത്തുകയുമാണെന്നായിരുന്നു അദ്ദേഹത്തിൻെറ കാഴ്ചപ്പാട്. ആത്മീയ സൗഖ്യം പകരുന്ന പ്രഭാഷണങ്ങളിലും റേഡിയോ -ടി.വി പ്രക്ഷേപണങ്ങളിലും എല്ലാം അത് പ്രകടമാണ്.

ജ‍ർമ്മൻ കാരിയായ ഭാര്യ ഗിലാസുമൊത്ത് സ്ഥാപിച്ച ഗോസ്പൽ ഫോർ ഏഷ്യക്ക് കീഴിൽ ആരംഭിച്ച അത്മീയ യാത്ര എന്ന സുവിശേഷ പരിപാടിയിലൂടെയാണ് അത്തനേഷ്യസ് യൂഹാൻ ശ്രദ്ധേയനാകുന്നത്. തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ച ഗോസ്പൽ ഫോർ ഏഷ്യയാണ് പിന്നീട് ബിലീവേഴ്സ് ചർച്ച് ആയും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചായും മാറുന്നത്.

ഇന്ന് ശതകോടികളുടെ ആസ്ഥിയുളള പ്രസ്ഥാനമായി ബിലീവേഴ്സ് ചർച്ചിനെ വളർത്തിയെടുത്തതും അത്തനേഷ്യസ് യൂഹാൻെറ ദീർഘദർശനമാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ബിലീവേഴ്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോളേജാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം. എസ്.എൻ.ഡി.പി യോഗം മുൻ വൈസ് പ്രസിഡന്റും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ എം.ബി ശ്രീകുമാറിന്റെ നേതൃത്വത്തിലുണ്ടായ കോന്നി ആയുർവേദ ആശുപത്രിയും ഇപ്പോൾ ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ്.

തിരുവല്ല, തൃശൂർ എന്നിവിടങ്ങളിൽ സഭയ്ക്ക് റെഡിഡൻഷ്യൽ സ്‌കൂളുകളുണ്ട്. റാന്നി പെരുനാട് കാർമൽ എൻജിനീയറിങ് കോളേജും സഭയ്ക്ക് കീഴിലാണ്. ബിലീവേഴ്‌സ് ചർച്ചിൻെറ ഉടമസ്ഥതയിലുളള എരുമേലിക്കടുത്തുളള 2263 ഏക്കർ വിസ്തൃതിയുളള ചെറുവള്ളി എസ്റ്റേറ്റിലാണ് നിർദ്ദിഷ്ട ശബരിമല വിമാനത്താവളം വരുന്നത്.

രാഷ്ട്രീയ നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തിയരുന്ന അത്തനേഷ്യസ് യൂഹാൻ, പല നേതാക്കളുടെയും വിദേശ ചികിത്സയിലും മറ്റും സഹായഹസ്തമായിരുന്നു. അമേരിക്കയിൽ വിപുലമായ ബന്ധങ്ങളും സ്ഥാപനങ്ങളും ഉളള ബിഷപ് അത്തനേഷ്യസ് , അമേരിക്കൻ മലയാളികൾക്കും ഏറെ സേവനങ്ങൾ എത്തിച്ചു.

തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്. വളരെ പാവപ്പെട്ട സാധാരണ കുടുംബത്തിൽ ജനിച്ച കടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന കെ.പി. യോഹന്നാൻ ശതകോടികളുടെ ആസ്തിയുള്ളയാളായി വള‍ർന്നത് പടിപടിയായിട്ടാണ്. അപ്പർ കുട്ടനാട്ടിൽ ഏറെ വ്യാപകമായി താറാവ് കൃഷിയായിരുന്നു കുടുംബത്തിൻെറ വരുമാനം.

അക്കാലത്ത് മർത്തോമ സഭാ വിശ്വാസിയായിരുന്നു കുടൂംബം. തലവടിയിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. നിരണത്ത് നിന്ന് കിലോമീറ്ററുകൾ താണ്ടിയാണ് സ്കൂളിലെത്തിയിരുന്നതെന്ന് അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകർ ഇന്നും ഓർക്കുന്നു. അത്തനേഷ്യസ് യോഹാൻ കുട്ടിക്കാലം മുതൽ തന്നെ സുവിശേഷ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്നു. 1966ൽ ഉത്തരേന്ത്യയിൽ നിന്നാണ് സുവിശേഷ പ്രവർത്തനത്തിൻെറ തുടക്കം.

ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയിലായിരുന്നു അക്കാലത്ത്. വടക്കേയിന്ത്യയിലെ സുവിശേഷ പ്രവ‍ർത്തനത്തിന് ശേഷം അദ്ദേഹം അമേരിക്കയിലേക്ക് പോയി. ദൈവശാസ്ത്ര പഠനമായിരുന്നു ലക്ഷ്യം. ഡബ്ള്യു.എ. ക്രിസ്വെൽ എന്ന വിദേശിയാണ് അദ്ദേഹത്തെ അമേരിക്കയിലേക്ക് വഴികാട്ടിയത്. 1974ൽ ദൈവശാസ്ത്ര പഠനത്തിനായി ഡളളാസിൽ എത്തിയ കെ.പി.യോഹന്നാൻ അവിടെ നിന്ന് ബിരുദം കരസ്ഥമാക്കി വൈദിക ജോലികളിൽ ഏർപ്പെട്ടു. ഓപ്പറേഷൻ മൊബിലൈസേഷൻ സേവനം ചെയ്ത ഗിസല്ലയെ അത്തനേഷ്യസ് യോഹാൻ അവരുടെ ജന്മദേശമായ ജർമ്മനിയിൽവെച്ച് വിവാഹം കഴിച്ചു. ഇതും അത്തനേഷ്യസ് യോഹാൻെറ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവായി.

1978ൽ ഭാര്യയുമായി ചേർന്ന് ടെക്സാസിൽ ഗോസ്പൽ ഫോർ എഷ്യ എന്ന സ്ഥാപനം സ്ഥാപിച്ചു.ഭാര്യയോടൊപ്പം സുവിശേഷ പ്രവർത്തനം ആരംഭിച്ച അത്തനേഷ്യസ് വർഷങ്ങൾ നീണ്ട വിദേശവാസത്തിനുശേഷം 1983ൽ തിരുവല്ല നഗരത്തിനു ചേർന്ന മാഞ്ഞാടിയിൽ ഗോസ്പൽ ഏഷ്യയുടെ ആസ്ഥാനം നിർമ്മിച്ച് കർ‍മ്മഭൂമി കേരളത്തിലേക്ക് മാറ്റി. ആത്മീയയാത്രയെന്ന പേരിൽ റേഡിയോയിലൂടെ അവതരിപ്പിച്ച പ്രതിദിന സുവിശേഷ പരിപാടി അദ്ദേഹത്തെ ക്രൈസ്തവ വിശ്വാസികൾക്ക് ഇടയിൽ പ്രശസ്തനാക്കി.

പ്രത്യേക ശൈലിയിലൂടെ സുവിശേഷ പ്രഭാഷണം നടത്തുന്നതായിരുന്നു അത്തനേഷ്യസ് യോഹാൻെറ പ്രത്യേകത. സഹോദരൻമാരുമായി ചേർന്ന് ഗോസ്പൽ മിനിസ്ട്രീസ് എന്ന സംഘടന രൂപീകരിച്ചു. ഈ സംഘടന പിന്നീട് ഗോസ്പൽ ഫോർ ഏഷ്യ എന്ന് പേരുമാറി. 2003ലാണ് ബിലീവേഴ്സ് ചർച്ച് ഒരു എപിസ്കോപ്പൽ സഭയായി മാറുന്നത്.ബിഷപോ വൈദിക മേൽപ്പട്ടക്കാരൊ ഇല്ലാതിരുന്ന സഭയുടെ ആദ്യ മെത്രാനായി അത്തനേഷ്യസ് യോഹാൻ സ്വയം അഭിഷിക്തനായി.

സി.എസ്.ഐ സഭയാണ് അദ്ദേഹത്തിന് ബിഷപ് പട്ടം നൽകി വാഴിച്ചത്.അങ്ങനെയാണ് കെ.പി.യോഹന്നാൻ എന്ന സുവിശേഷ പ്രവർത്തകൻ ബിഷപ് മാർ അത്തനേഷ്യസ് യോഹാൻ എന്ന പേര് സ്വീകരിക്കുകയും ബിലീവേഴ്സ് ചർച്ചിൻെറ പരമാധ്യക്ഷൻ ആയി മാറുകയും ചെയ്തത്. എന്നാൽ കെ.പി.യോഹന്നാന് ബിഷപ് പട്ടം നൽകി അഭിഷേകം ചെയ്ത സി.എസ്.ഐ സഭയുടെ മോഡറേറ്റർ കെ.ജെ.സാമുവൽ വിവാദത്തിലായി.

വൈദികനല്ലാത്ത കെ.പി. യോഹന്നാനെ ബിഷപായി വാഴിച്ചെന്ന ആരോപണം നേരിട്ട കെ.ജെ.സാമുവലിന് പിന്നീട് മോഡറേറ്റ‍ർ സ്ഥാനം ഒഴിയേണ്ടി വന്നുവെന്നതാണ് ചരിത്രം. സ്വയം മെത്രാനായതോടെ അത്തനേഷ്യസ് യോഹാൻ ബിലീവേഴ്സ് ചർച്ചിൽ പുതിയ മെത്രാഭിഷേകങ്ങൾ നടത്തി സഭാ നേതൃത്വത്തിൻെറ അംഗബലം കൂട്ടി. 

ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അനുസ്മരിപ്പിക്കുന്ന വിധം മെത്രാപ്പൊലീത്ത ഉൾപ്പെടെ 12 ബിഷപ്പുമാരാണ് ബിലീവേഴ്സ് ചർച്ചിൻെറ കേരളത്തിലെ വിവിധ ഭദ്രാസനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സഭ വളർന്നതിനോടൊപ്പം സഭയെ ചുറ്റി വിവാദങ്ങളും വളർന്നതാണ് ബിലീവേഴ്സ് ച‍ർച്ചിൻെറ ചരിത്രം.

ആദായനികുതി വകുപ്പ് അടക്കമുളള കേന്ദ്ര ഏജൻസികൾ സഭാ ആസ്ഥാനത്തും ഇതര സ്ഥാപനങ്ങളിലും പലതവണ പരിശോധന നടത്തിയിരുന്നു. കെ.പി.യോഹന്നാന്റെ കീഴിലുള്ള സംഘടനകൾ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് സംഭാവനകൾ സ്വികരിക്കുന്നുവെന്ന ആരോപണത്തേത്തുടർന്ന് 2012ൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

വിദേശത്ത് നിന്ന് വൻതോതിൽ പണം ലഭിക്കുന്നുണ്ടെന്ന ആരോപണവും നേരിട്ടിരുന്നു. ഈ പണം ഉപയോഗിച്ച് വൻ തോതിൽ ഭൂമിവാങ്ങിക്കൂട്ടിയതായും സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെട്ടിടസമുച്ചയങ്ങൾ എന്നിവ നിർമ്മിച്ചതായും കണ്ടെത്തിയിരുന്നു. വിദേശ സംഭാവനകളുടെ സ്വീകരണം, ക്രയവിക്രയം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വിദേശരാജ്യങ്ങളിലും ബിലീവേഴ്‌സ് ചർച്ചിനെതിരെ പരാതി ഉണ്ടെന്നാണ് റിപോർട്ടുകൾ.

Advertisment