Advertisment

ഹരിത നേതാക്കളെയും എം.എസ്.എഫ് നേതാക്കളെയും തിരിച്ചെടുത്തതിനെ ചുറ്റിപ്പറ്റി മുസ്ലീം ലീഗിൽ ആഭ്യന്തര കലഹം; വിവാദത്തിന് എരിവ് പകർന്ന് ബ്ലാക്ക് മെയിലിങ്‌ ആരോപണവും ! നടപടി നേരിട്ട എം.എസ്.എഫ് നേതാക്കൾ പാർട്ടിയിൽ തിരിച്ചെത്തിയത്‌ മുതിർന്ന നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്താണെന്ന്‌ ആക്ഷേപം; നേതാവിനെ ഭീഷണിപ്പെടുത്തി കാൽക്കോടി വാങ്ങിയെന്നും പ്രചരണം; ആരോപണങ്ങളുടെ പ്രഭവ കേന്ദ്രം ലീഗിൻെറ സൈബർ വിഭാഗം തന്നെ

ഒരു വിഭാഗം ഉന്നത നേതൃത്വത്തിനെതിരെയും വിമർശനം ശക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങൾ കടുത്തത് നേതാക്കൾക്കിടയിലും അവിശ്വാസം പട‍ർത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

New Update
msf muslim league

കോഴിക്കോട് : ഹരിത - എം.എസ്.എഫ് വിവാദകാലത്ത് നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുത്ത് പാർട്ടിയിൽ സ്ഥാനങ്ങൾ നൽകിയതിനെതിരെ മുസ്ലീം ലീഗിനുള്ളിൽ എതിർപ്പ് രൂക്ഷമാകുന്നു. പാർട്ടിക്കുളളിലെ കലഹം മൂ‍‍‍ർച്ഛിപ്പിച്ച് കൊണ്ട് ബ്ലാക്ക് മെയിലിങ്ങ് വിവാദവും ആളിക്കത്തുകയാണ്. ഹരിത  വിവാദത്തിൽ  നടപടി നേരിട്ട എംഎസ്എഫ് നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തത്  മുതിർന്ന നേതാവിനെ ഭീഷണിപ്പെടുത്തിയാണെന്നാണ് ആരോപണം. നേതാവിനെ ഭീഷണിപ്പെടുത്തി കാൽ കോടി രൂപ വാങ്ങിയെന്ന ആക്ഷേപവും ശക്തമായി പ്രചരിക്കുന്നുണ്ട്. ബ്ലാക്ക് മെയിൽ ആരോപണം ചൂടുപിടിച്ചതോടെ ലീഗ് നേതാക്കൾക്കിടയിലും സൈബർ വിഭാഗത്തിനിടയിലും ചർച്ച കൊഴുക്കുകയാണ്.

Advertisment

ഹരിത -എം.എസ്.എഫ് വിവാദകാലത്ത് നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുത്ത് ഭാരവാഹിത്വം നൽകിയതിന് പിന്നാലെ തന്നെ പാർട്ടിക്കുളളിൽ എതിർപ്പ് തല പൊക്കിയിരുന്നു. ലീഗ് നേതാക്കളെ സ്ത്രീ വിരുദ്ധരായി ചിത്രീകരിച്ചവരാണ് ഹരിതയുടെ ഭാഗമായി പ്രവ‍‌ർത്തിച്ച  നേതാക്കൾ എന്നാരോപിച്ച് വനിതാ നേതാവ്  നൂർബിന റഷീദാണ് ആദ്യമായി പരസ്യ പ്രതികരണം നടത്തിയത്. ഇതിന് പിന്നാലെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ച ലത്തീഫ് തുറയൂരിനെതിരെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.


 പേരാമ്പ്ര, തുറയൂർ പ്രദേശങ്ങളിലാണ് സേവ് മുസ്ലിം ലീഗിൻേറത് എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാർട്ടിയെ ഒറ്റുകൊടുത്ത വഞ്ചകന് മാപ്പില്ലെന്നും ലത്തീഫിന് വേണ്ടി കുഴലൂതുന്ന നേതാക്കൻമാരുടെ താൽപര്യം എന്താണെന്ന ചോദ്യവും പോസ്റ്ററിലുണ്ട്.


 പാണക്കാട് തങ്ങൾക്കെതിരെ പറഞ്ഞത് ജീവിതകാലം മുഴുവൻ ലത്തീഫിനെ വേട്ടയാടുമെന്നും പോസ്റ്ററിൽ പറയുന്നു. പാർട്ടിയിൽ നിന്ന് മാറ്റി നി‍ർത്തിയ സമയത്ത്  നവകേരള സദസിൽ പങ്കെടുത്തയാളാണ്‌ ലത്തീഫ് . ഹരിത നേതാക്കളെ  തിരിച്ചെടുത്തതിനെ  വിമർശിച്ച് വനിതാ ലീഗ് നേതാവ് നൂർബിന റഷീദ് രംഗത്തെത്തിയതിന് പിന്നാലെ പോസ്റ്റർ പ്രതിഷേധവും വന്നത് ലീഗിനെ പിടിച്ചകുലുക്കിയിട്ടുണ്ട്. മുൻപ് ഒരിക്കലും ഉണ്ടാകാത്ത വിധം ആഭ്യന്തര പ്രശ്നങ്ങൾ ലീഗിനെ ബാധിച്ചിരിക്കുന്നു എന്ന പ്രതീതിയാണ് പുറത്തേക്ക് വരുന്നത്.

ഹരിത ലീഗുകാരായ യുവതികളെയും നടപടി നേരിട്ട എം.എസ്.എഫ് നേതാക്കളെയും എടുത്തത് സ്വാഭാവിക നടപടിയാണ് എന്നാണ് ലീഗ് നേതൃത്വത്തിൻെറ വിശദീകരണം. അടുത്തകാലത്ത് മുസ്‌ലീം ലീഗ് നേതൃത്വത്തെ ഏറെ പ്രതിസന്ധിയിലാക്കിയ പ്രശ്നമായിരുന്നു ഹരിത വിവാദം. ഹരിത നേതാക്കളോടുളള സമീപനം  ലീഗിന്റെ സ്‌ത്രീ വിരുദ്ധ നിലപാടായാണ് വിമർശിക്കപ്പെട്ടത്. ആധുനിക കാലത്തിന് ചേരാത്തതാണ് ലീഗ് നേതൃത്വത്തിൻെറ സ്ത്രീവിരുദ്ധ സമീപനം എന്നായിരുന്നു ആക്ഷേപം.


രാഷ്ട്രീയ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിവാദത്തിൽ പരസ്യ വിമർശനം ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയ  ഹരിത നേതാക്കളെയും  അവരുടെ നിലപാടുകൾക്ക്  പിന്തുണ നൽകിയ എം.എസ്.എഫ് നേതാക്കളെയും കടുത്ത അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ലീഗ്  പുറത്താക്കിയിരുന്നു.


എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് വിട്ടുവീഴ്ചക്ക് തയാറായ മുസ്ലിം ലീഗ് നേതൃത്വം  നടപടി പിൻവലിച്ചു. നേതൃതലത്തിലെ കൂടിയാലോചനകൾക്ക് ശേഷം  തിരിച്ചെത്തിയ ഹരിത - എം.എസ്.എഫ് നേതാക്കൾക്ക് യൂത്ത് ലീഗിൻെറയും  എംഎസ്എഫിൻെറയും ദേശിയ- സംസ്ഥാന,  കമ്മിറ്റികളിൽ ഭാരവാഹിത്വം നൽകി.ഇതാണ് ലീഗിനുളളിലെ ആഭ്യന്തര കലഹത്തിന് കാരണം. പാർട്ടിയിലേക്ക് മടങ്ങി എത്തിയവരും ഭാരവാഹിത്വം സ്വീകരിച്ചവരും നേതൃത്വത്തെ ബ്ലാക്ക് മെയിൽ ചെയ്താണ് സ്ഥാനമാനങ്ങൾ നേടിയതെന്നാണ് ആരോപണം.

ലീഗിൻെറ തന്നെ സൈബർ ഗ്രൂപ്പിലുകളാണ് ഈ ആരോപണത്തിൻെറ പ്രഭവ കേന്ദ്രം. പാർട്ടിയിലെ മുതിർന്ന നേതാവിന്റെ സാമ്പത്തിക ഇടപാടുകൾ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് അച്ചടക്ക നടപടി നേരിട്ടവർ ഭാരവാഹിത്വങ്ങൾ സ്വന്തമാക്കിയതന്നാണ് പ്രചരിക്കുന്ന ഒരാരോപണം. ഭീഷണിപ്പെടുത്തി  25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പ്രചാരണവും ഒപ്പം നടക്കുന്നുണ്ട്. ബ്ലാക്ക് മെയിലിങ് ആക്ഷേപം പാർട്ടി ഗ്രൂപ്പുകളിൽ കാട്ടുതീ പോലെ പരന്നതോടെ  ഭീഷണിക്ക്  വഴങ്ങിയെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഉന്നത നേതൃത്വത്തിനെതിരെയും വിമർശനം ശക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങൾ കടുത്തത് നേതാക്കൾക്കിടയിലും അവിശ്വാസം പട‍ർത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Advertisment