Advertisment

നവകേരള ബസ് മെയ് 5 മുതൽ സർവീസിന്; യാത്ര കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ, സർവീസ് നടത്തുക ഗരുഡ പ്രീമിയം എന്ന പേരിൽ; കോഴിക്കോട് ബെംഗളൂരു യാത്രയ്ക്ക് ഗരുഡ പ്രീമിയം ബസിന്  1171 രൂപ ടിക്കറ്റ് നിരക്ക്; എസിയും ശുചിമുറിയും ഹൈഡ്രോളിക് ലിഫ്റ്റുമുളള ബസ് യാത്രക്കാരെ ആകർഷിക്കുമെന്ന പ്രതീക്ഷയിൽ കെ.എസ്.ആർ.ടി.സി ! നവകേരള സദസിന്  വേണ്ടി വാങ്ങിയ ബസ് സർവീസിന് ഉപയോഗിക്കുന്നത് കോടി രൂപ ചെലവിട്ട് വാങ്ങിയ ബസ് വെറുതെയിടുന്നു എന്ന വിമർശനത്തിന് പിന്നാലെ

നവകേരള സദസ് ധൂർത്താണെന്ന് വിമർശിച്ച പ്രതിപക്ഷം അതിൻെറ തെളിവായി ഉയർത്തിക്കാട്ടിയത് കോടിയിൽപ്പരം രൂപ ചെലവഴിച്ച് വാങ്ങിയ ആഡംബര ബസായിരുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
navakerala bus

തിരുവനന്തപുരം: നവകേരള ബസ് സർവീസ് മെയ് 5 മുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട് ബെംഗളൂരു റൂട്ടിലാണ് 'ഗരുഡ പ്രീമിയം' എന്ന പേരിൽ സർവീസ് നടത്തുക. അന്തർ സംസ്ഥാന റൂട്ടിൽ സർവീസ് നടത്തുന്ന  ബസിൽ  26 പുഷ് ബാക്ക് സീറ്റുകൾ ഉണ്ടാകും. ആധുനിക രീതിയിലുള്ള എയർകണ്ടിഷൻ ചെയ്ത ബസ്സിൽ  ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.  

Advertisment

രാവിലെ 04.00 മണിക്ക് കോഴിക്കോടു നിന്ന് യാത്രതിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി വഴി 11.35 ന് ബെംഗളൂരുവിൽ എത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക്  02.30ന് ബെംഗളൂരുവിൽ നിന്നും ഇതേ റൂട്ടിൽ മടങ്ങി വരുന്ന ബസ്  രാത്രി 10.05 ന് കോഴിക്കോട് തിരിച്ച് എത്തും. കോഴിക്കോട് നിന്ന് സർവീസ് ആരംഭിക്കുന്ന ബസ് പിന്നീട്  കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ മാത്രമേ  നിർത്തുകയുളളു.


 കോഴിക്കോട്-ബെംഗളൂരുയാത്രയ്ക്ക് ഗരുഡ പ്രീമിയം ബസിന്  1171 രൂപയാണ് സെസ് അടക്കമുള്ള  ടിക്കറ്റ് നിരക്ക്.


ഇപ്പോൾ അറ്റകുറ്റപ്പണികൾക്ക് ശേഷം പാപ്പനംകോട്ടെ സെൻട്രൽ വർക്ക് ഷോപ്പിലുളള ബസ് ബുധനാഴ്ച വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോകും. ഈ യാത്രയിലും യാത്രക്കാരെ കയറ്റിയാകും പോകുക. 

ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ  ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് മാത്രം  ബസ്സിനുള്ളിൽ കയറുന്നതിനായി പ്രത്യേകം  തയ്യാറാക്കിയ യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള  ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസ്സിൽ സജ്ജീകരിച്ചിട്ടുണ്ട്.


 നവകേരള സദസിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കുന്നതിനായി 1.15 കോടി രൂപ ചെലവിട്ടാണ് ബസ് വാങ്ങിയത്. 


ഭാരത് ബെൻസ് കമ്പനിയുടെ ചേസിസ് വാങ്ങി ബെംഗളൂരുവിലെ പ്രശസ്ത ബസ് ബോഡി നിർമ്മാണ സ്ഥാപനമായ പ്രകാശിലാണ് ആധുനിക സൗകര്യങ്ങളോടെ ബസ് നിർമ്മിച്ചത്. കോടി രൂപ ചെലവഴിച്ച് വാങ്ങിയ ബസ്, നവകേരള സദസിന് ശേഷം കെ.എസ്.ആർ.ടി.സിയുടെ ഗാരേജിൽ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. പണം മുടക്കി വാങ്ങിയ ബസ് ഉപയോഗ ശൂന്യമാകുന്നു എന്ന വിമർശനങ്ങളെ തുടർന്നാണ് സർവീസിന് ഉപയോഗിക്കാൻ തീരുമാനിച്ചത്.

നവകേരള സദസ് ധൂർത്താണെന്ന് വിമർശിച്ച പ്രതിപക്ഷം അതിൻെറ തെളിവായി ഉയർത്തിക്കാട്ടിയത് കോടിയിൽപ്പരം രൂപ ചെലവഴിച്ച് വാങ്ങിയ ആഡംബര ബസായിരുന്നു. എന്നാൽ ബസ് പാഴ്ചെലവല്ലെന്നും മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തിൽ വെയ്ക്കാമെന്നായിരുന്നു സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻെറ പ്രതികരണം. മുഖ്യമന്ത്രിക്ക് അമാനുഷ പരിവേഷം നൽകി വീരാരാധന നടത്തുന്ന തരത്തിലുളള ബാലൻെറ പ്രതികരണം ഏറെ പരിഹാസങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു.        

Advertisment