Advertisment

കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പിസി തോമസിന്‍റെ 'പാലാ' സന്ദര്‍ശനത്തില്‍ തട്ടി കേരള കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും വിവാദത്തില്‍; സജി മഞ്ഞക്കടമ്പന്‍റെ രാജിക്കു പിന്നാലെ പിസി തോമസ് ജോസ് കെ മാണിയുടെ വസതിയിലെത്തിയതില്‍ 'അപകടം' മണത്ത് യുഡിഎഫ്; പിസി തോമസ് ചുവടുമാറിയാല്‍ കോട്ടയത്ത് നിര്‍ണായകമാകും !

പിസി തോമസ് വസതിയിലെത്തിയ വിവരം അറിഞ്ഞ ഉടന്‍ കോട്ടയത്ത് സ്മൃതി സംഗമത്തിലായിരുന്ന കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണി അദ്ദേഹത്തെ വിളിച്ച് ഫോണില്‍ ക്ഷേമാന്വേഷണം നടത്തുകയും ചെയ്തിരുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
jose k mani pc thomas

പാലാ: കേരള കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ അഡ്വ. പിസി തോമസ് പാലായില്‍ ജോസ് കെ മാണിയുടെ വസതിയില്‍ നടത്തിയ സന്ദര്‍ശനം കേരള കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത തിരിച്ചടിയായി. 2001 -ല്‍ കേരള കോണ്‍ഗ്രസ് എം വിട്ടശേഷം കെഎം മാണിസാര്‍ മരിച്ച അവസരത്തിലല്ലാതെ പിസി തോമസ് കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ കാലുകുത്തിയിട്ടില്ല.

Advertisment

അതിനാല്‍ തന്നെ 25 വര്‍ഷങ്ങള്‍ക്കു ശേഷം കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ കോട്ടയത്ത് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഘട്ടത്തില്‍ പിസി തോമസ് എതിര്‍ പക്ഷത്തുള്ള ജോസ് കെ മാണിയുടെ വസതിയിലെത്തിയതിനെ അവിചാരിതമായി എന്ന് വിലയിരുത്താനാകില്ല.

പിസി തോമസിന്‍റെ പിതാവ് മുന്‍ മന്ത്രി പിടി ചാക്കോയും ജോസ് കെ മാണിയുടെ മാതാവ് കുട്ടിയമ്മ മാണിയും സഹോദരിമാരുടെ മക്കളാണ്. പിസി തോമസിനെ സംബന്ധിച്ച് കുട്ടിയമ്മ മാണി അമ്മായിയാണ് (പിതാവിന്റെ സഹോദരി). പക്ഷേ ആ ബന്ധുത പോലും മറന്നായിരുന്നു പിളര്‍പ്പും ഭിന്നതയും നിലനിന്നത്. 2004 -ല്‍ പിസി തോമസും ജോസ് കെ മാണിയും തമ്മിലായിരുന്നു മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിലെ പോരാട്ടം. അന്ന് വിജയവും തോമസിനൊപ്പമായിരുന്നു. പിന്നീടിന്നുവരെ പിസി തോമസ് കെഎം മാണി സാറുമായോ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുമായോ സമരസപ്പെട്ടിട്ടില്ല.

മാണി സാറിന്‍റെ മരണ ശേഷം കേരള കോണ്‍ഗ്രസ് - എമ്മില്‍ പിളര്‍പ്പ് ഉണ്ടാകുകയും പാര്‍ട്ടിയും ചിഹ്നവും ജോസ് കെ മാണിക്കു ലഭിക്കുകയും ചെയ്തപ്പോള്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് മല്‍സരിക്കാന്‍ ഒരു പാര്‍ട്ടിപോലുമില്ലാതെ പകച്ചു നിന്ന പിജെ ജോസഫിന് രജിസ്ട്രേഷനുള്ള സ്വന്തം പാര്‍ട്ടി നല്‍കി സംരക്ഷണം നല്‍കിയതും പിസി തോമസായിരുന്നു. അന്നും സ്വന്തം സഹോദരന്‍ ജോസ് കെ മാണിക്കെതിരായിരുന്നു പിസി തോമസിന്‍റെ നിലപാട്.


അതിനാല്‍ ഇത്തവണ കോട്ടയത്ത് പിസി തോമസ് മല്‍സരിക്കണമെന്നതായിരുന്നു ജോസഫ് വിഭാഗത്തിലെ മുന്‍ ധാരണ. എന്നാല്‍ അതിനു ഘടകവിരുദ്ധമായി ഫ്രാന്‍സിസ് ജോര്‍ജിനാണ് സീറ്റ് ലഭിച്ചത്. അതില്‍ തോമസിന് കടുത്ത അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ഈ സാഹചര്യത്തിലാണ് പിസി തോമസ് ഇന്ന് ജോസ് കെ മാണിയുടെ വസതിയിലെത്തിയതിന് രാഷ്ട്രീയ പ്രാധാന്യം കല്പിക്കുന്നത്. മാണി സാറിന്‍റെ ഓര്‍മ്മദിവസമായ ഇന്ന് അമ്മായിയെ സന്ദര്‍ശിക്കാനാണ് വസതിയിലെത്തിയതെന്നാണ് വിശദീകരണമെങ്കിലും യുഡിഎഫ് കേന്ദ്രങ്ങള്‍ അതത്ര വിശ്വാസത്തിലെടുക്കുന്നില്ല.

പിസി തോമസ് വസതിയിലെത്തിയ വിവരം അറിഞ്ഞ ഉടന്‍ കോട്ടയത്ത് സ്മൃതി സംഗമത്തിലായിരുന്ന കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണി അദ്ദേഹത്തെ വിളിച്ച് ഫോണില്‍ ക്ഷേമാന്വേഷണം നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, ജോസ് കെ മാണിയും തോമസും തമ്മില്‍ ഏതാനും നാളുകളായി വളരെ അടുപ്പത്തിലുമാണ്. ഇതാണ് പിസി തോമസിന്‍റെ സന്ദര്‍ശനത്തില്‍ യുഡിഎഫിനെ അലട്ടുന്നത്.

ജോസഫ് വിഭാഗത്തില്‍ ചെയര്‍മാന്‍ കഴിഞ്ഞാലുള്ള വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പദവിയാണ് പിസി തോമസിനുള്ളതെങ്കിലും ഫ്രാന്‍സിസ് ജോര്‍ജിന് കോട്ടയം സീറ്റ് നല്‍കിയപ്പോഴുള്ള ധാരണ പ്രകാരം പാര്‍ട്ടി 'പ്രോട്ടോക്കോള്‍' മാറിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പിജെ ജോസഫിന്‍റെ വസതിയില്‍ വച്ചുണ്ടാക്കിയ ധാരണ പ്രകാരം പാര്‍ട്ടിയിലെ രണ്ടാമന്‍റെ സ്ഥാനം എക്സി. ചെയര്‍മാനായ മോന്‍സ് ജോസഫിനാണ്‌. മൂന്നാമനായി ഫ്രാന്‍സിസ് ജോര്‍ജിനെയും നാലാമനായി ജോസഫിന്‍റെ മകന്‍ അപു ജോണ്‍ ജോസഫിനെയും മാറ്റിയതോടെ പിസി തോമസും ജോയ് എബ്രഹാമും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അസംതൃപ്തരാണ്.

ജോയ് എബ്രാഹത്തിന്‍റെ സെക്രട്ടറി ജനറല്‍ സ്ഥാനത്തിനും തെരഞ്ഞെടുപ്പിനു ശേഷം മാറ്റം ഉണ്ടാകും എന്നാണ് സൂചന.

Advertisment