Advertisment

കേരള കോണ്‍ഗ്രസിലെ പടലപ്പിണക്കം തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്നു കെ.പി.സി.സി; തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കവേ കേരള കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധി എതിരാളികള്‍ക്ക് ആയുധം കൊടുക്കുകയായിരുന്നു എന്ന് വിലയിരുത്തല്‍ ! സജി മഞ്ഞക്കടമ്പനെ യു.ഡി.എഫില്‍ നിലനിര്‍ത്തണമെന്നു പൊതുവികാരം

മഞ്ഞക്കടമ്പന്‍ ഇന്ന് വീണ്ടും കോട്ടയത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് മോന്‍സ് ജോസഫിനെതിരെ ആഞ്ഞടിച്ചു. മോന്‍സ് ജോസഫിന്‍റെ ധിക്കാരപരമായ സമീപനവും ധാര്‍ഷ്ഠ്യവും കാരണമാണ് മുന്നണി വിടേണ്ടിവന്നതെന്ന് മഞ്ഞക്കടമ്പന്‍ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
Saji Manjakadambil

കോട്ടയം: യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പന്റെ രാജി തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കവേ കേരള കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധി എതിരാളികള്‍ക്ക് ആയുധം കൊടുക്കുകയായിരുന്നുവെന്ന്‌ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 

Advertisment

കേരള കോണ്‍ഗ്രസില്‍ രൂപപ്പെട്ട പടലപ്പിണക്കം തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന മുന്നറീപ്പ് കെ.പി.സി.സി. നേതൃത്വം നേതാക്കള്‍ക്കു നല്‍കി. സജി മഞ്ഞക്കടമ്പന്‍ രാജിവെയ്‌ക്കേണ്ടി വന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫിനെ ധരിപ്പിച്ചു. 

യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചെങ്കിലും സജി മുന്നണി വിടുമെന്നു കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നില്ല. ജില്ലയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ സജിയുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. കേരള കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാന്‍ മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയാണു രാജി വെയ്ക്കാന്‍ കാരണമെന്നാണു സജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 

ഇതിനിടെ കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനവും, യു.ഡി.എഫ് കോട്ടയം ചെയര്‍മാന്‍ സ്ഥാനവും രാജിവച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്ത് വന്നതും യു.ഡി.എഫ് ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.


കോട്ടയം ജില്ലയിലെ ജോസഫ് വിഭാഗം പാര്‍ട്ടിയുടെ ഒന്നാമനാണു രാജിവച്ചത്. അതൊരു ചെറിയ കാര്യമായി കാണാന്‍ കഴിയില്ലെന്നും, പാര്‍ട്ടിയിലെ വിശ്വാസമാണു സജിക്കു നഷ്ടമായതെന്നും ജോസ് കെ. മാണി പറഞ്ഞു. 


സജി മാത്രമല്ല നിരവധി നേതാക്കള്‍ ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ത്യാഗം ചെയ്ത ആളാണു സജിയെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പരാമര്‍ശം. സജി രാജി വെച്ച യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തേക്കു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്തിയെ ഇന്നലെ തന്നെ തെരഞ്ഞെടുത്തത് വീണ്ടും വിവാദങ്ങള്‍ ഒഴിവാക്കുന്നതിനാണ്. 

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കര്‍ശന നിര്‍ബന്ധത്താലാണു മണിക്കൂറുകള്‍ക്കുള്ളില്‍ ഇ ജെ. അഗസ്തിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.

പ്രശ്‌നങ്ങളൊക്കെ കേരള കോണ്‍ഗ്രസ് തന്നെ പരിഹരിക്കട്ടെ,  രാജി ഒഴിവാക്കണോയെന്നു തീരുമാനിക്കേണ്ടതു സജി മാത്രമാണ്. മടങ്ങി വന്നാല്‍ ബാക്കി ആലോചിക്കാമെന്നു യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

അതിനിടെ മഞ്ഞക്കടമ്പന്‍ ഇന്ന് വീണ്ടും കോട്ടയത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് മോന്‍സ് ജോസഫിനെതിരെ ആഞ്ഞടിച്ചു. മോന്‍സ് ജോസഫിന്‍റെ ധിക്കാരപരമായ സമീപനവും ധാര്‍ഷ്ഠ്യവും കാരണമാണ് മുന്നണി വിടേണ്ടിവന്നതെന്ന് മഞ്ഞക്കടമ്പന്‍ പറഞ്ഞു.

Advertisment