Advertisment

സിദ്ധാര്‍ത്ഥന്റെ മരണത്തിലെ സത്യം കണ്ടെത്താന്‍ റിട്ട. ഹൈക്കോടതി ജഡ്ജിയും, മുന്‍ പൊലീസ് ഉദ്യോഗസ്ഥനും എത്തും; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം ഗവര്‍ണറുടെ അന്വേഷണ കമ്മീഷന്‍ പരിശോധിക്കും; കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത് മൂന്ന് മാസത്തിനകം

ദാരുണ സംഭവമൊഴിവാക്കുന്നതിൽ വി.സിക്കുണ്ടായ വീഴ്ച പ്രത്യേകമായി അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങളൊഴിവാക്കാനുള്ള ശുപാർശകളും കമ്മിഷൻ നൽകും.

New Update
H

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥന്റെ ദാരുണ മരണത്തിലെ സത്യം കണ്ടെത്താൻ റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ്, വയനാട് സ്പെഷ്യൽ ബ്രാഞ്ചിലെ റിട്ട. ഡിവൈ.എസ്.പി വി.ജി കുഞ്ഞൻ എന്നിവരുടെ  അന്വേഷണ കമ്മിഷനെ നിയോഗിച്ച് ഗവർണർ. വി.സിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം കമ്മിഷൻ അന്വേഷിക്കും. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം. വെറ്ററിനറി വാഴ്സിറ്റി ആക്ടിലെ സെക്ഷൻ 9(7), 9(9) എന്നിവ പ്രകാരമാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്.

Advertisment

അന്വേഷണ വിഷയങ്ങൾ:

  •  സിദ്ധാർത്ഥിന്റെ ദാരുണ മരണത്തിനിടയാക്കിയ ഭരണപരമായ പിഴവുകൾ.
  • റാഗിംഗും അക്രമവും തടയുന്നതിൽ വൈസ്ചാൻസലർ, ഡീൻ അടക്കം വെറ്ററിനറി സർവകലാശാലാ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ
  •  കുറ്റക്കാർ ആരൊക്കെ ?
  • മരണത്തിന് മുൻപും ശേഷവുമെടുത്ത നടപടികളിലെ വീഴ്ചകൾ
  • വാഴ്സിറ്റി ആക്ട്, സ്റ്റാറ്റ്യൂട്ട് പ്രകാരവും യു.ജി.സിയുടെ റാഗിംഗ് വിരുദ്ധ നിയമങ്ങൾ പ്രകാരവും സ്വീകരിക്കേണ്ട നടപടികളെടുക്കുന്നതിലെ വീഴ്ച

ദാരുണ സംഭവമൊഴിവാക്കുന്നതിൽ വി.സിക്കുണ്ടായ വീഴ്ച പ്രത്യേകമായി അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങളൊഴിവാക്കാനുള്ള ശുപാർശകളും കമ്മിഷൻ നൽകും. സർവകലാശാലയും വി.സിയും കമ്മിഷന് എല്ലാ സഹായവും നൽകണം. കമ്മിഷന്റെ ചെലവുകൾ വാഴ്സിറ്റി വഹിക്കണം.


വൈസ്ചാൻസലറും രജിസ്ട്രാറും നൽകിയ റിപ്പോർട്ടുകളിൽ നിന്ന് ഗുരുതരമായ പിഴവുകൾ വ്യക്തമാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. സർവകലാശാലാ അധികൃതർ സമയത്ത് വിഷയത്തിലിടപെട്ടില്ല. ഭരണപരമായ വീഴ്ചകൾ, യൂണിവേഴ്സിറ്റി ക്യാമ്പസിലെ റാഗിംഗും ക്രിമിനൽ നടപടികളും തടയുന്നതിൽ അധികൃതർക്കുണ്ടായ വീഴ്ച എന്നിവ അന്വേഷിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സിറ്റിംഗ് ജഡ്ജിയുടെ സേവനം തേടിയെങ്കിലും ലഭിച്ചിരുന്നില്ല.

Advertisment