Advertisment

മുസ്ലിം ലീഗ് - സമസ്ത ബന്ധത്തിൽ ഉലച്ചിലുണ്ടാക്കി കൊണ്ട് തിരഞ്ഞെടുപ്പ് കാലത്ത് പുതിയ വിവാദം; ഇടത് മുന്നണിയുടെ പരസ്യം പ്രസിദ്ധീകരിച്ച സമസ്ത മുഖപത്രം 'സുപ്രഭാതം' കത്തിച്ചു ! പത്രം കത്തിച്ചതിന് പിന്നിൽ മുസ്ലിം ലീഗെന്ന് ആരോപിച്ച് ഇടത് മുന്നണി; പരസ്യം സമസ്തയുടെ നിലപാടായി കാണേണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി; വിവാദം തണുപ്പിക്കാൻ  ശ്രമിക്കുമ്പോഴും തിരഞ്ഞെടുപ്പ് കാലത്ത് പരസ്യം വന്നതിൽ ലീഗിന് അതൃപ്തി

മുസ്ലിം ലീഗ് സമസ്ത ബന്ധത്തിൽ ഉലച്ചിലുണ്ടെന്ന പ്രതീതി നിലനിൽക്കുകയും അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുളള ശ്രമം സി.പി.എമ്മും നടത്തുകയും ചെയ്യുന്നതിനിടെ സുപ്രഭാതത്തിൽ ഇടത് മുന്നണിയുടെ പരസ്യം വന്നത് ലീഗിനെ അലോസരപ്പെടുത്തുന്നുണ്ട്

New Update
suprabhatham

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിൽ എത്തിനിൽക്കുന്നതിനിടെ മുസ്ലിം ലീഗിൻെറ സ്വാധീന മേഖലയിൽ ഇളക്കമുണ്ടാക്കി കൊണ്ട് പുതിയ വിവാദം. ലീഗിൻെറ വോട്ട് ബാങ്കായി അറിയപ്പെടുന്ന സമസ്തയുടെ മുഖപത്രമായ 'സുപ്രഭാതത്തിൽ' എൽ.ഡി.എഫിന് വോട്ട് അഭ്യർത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. എൽ.ഡി.എഫിന് വോട്ട് അഭ്യർത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ച  'സുപ്രഭാതം' തെരുവിൽ കത്തിച്ചതോടെ പിടിവിട്ടു പോകുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

Advertisment

തിരൂരങ്ങാടി കൊടിഞ്ഞിയിൽ നടന്ന പത്രം കത്തിക്കലിന് പിന്നിൽ മുസ്ലിം ലീഗ് പ്രവ‍ർത്തകരാണെന്ന് ആരോപിച്ച് പൊന്നാനിയിലെ  ഇടത് സ്ഥാനാർഥി കെ.എസ്. ഹംസ രംഗത്ത് വന്നതോടെ  ലീഗ് നേതൃത്വം പ്രതിരോധത്തിലായി. ഇപ്പോൾ തന്നെ അസുഖകരമായ അന്തരീക്ഷം നിലനിൽക്കുന്ന സമസ്ത- ലീഗ് ബന്ധത്തിൽ കൂടുതൽ വിളളൽ ഉണ്ടാക്കാൻ പുതിയ വിവാദം ഇടയാക്കുമോ എന്നാണ് ലീഗിനുളളിലെ ആശങ്ക.


പത്രം കത്തിച്ചയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കി കൊണ്ട് ലീഗ് നേതൃത്വം രംഗത്ത് വന്നു.


 പരസ്യം സമസ്തയുടെ നിലപാടായി കാണേണ്ടെന്ന് ചൂണ്ടിക്കാട്ടികൊണ്ട് ലീഗ് പ്രവർ‍ത്തകരുടെ വികാരം തണുപ്പിക്കാനുളള ഇടപെടലും  പി കെ കുഞ്ഞാലിക്കുട്ടി  അടക്കമുളള നേതാക്കൾ നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാൽ പ്രശ്നത്തിൽ വൈകാരിക നിലപാട് എടുക്കരുതെന്നും ജാഗ്രതയോടെ പ്രവ‍ർത്തിക്കണമെന്നും ലീഗ് നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. ലീഗ് അണികളിൽ ഭൂരിപക്ഷവും പ്രതിനിധാനം ചെയ്യുന്ന സമസ്തയെ പ്രകോപിപ്പിക്കുന്ന വിഷയമാണെന്ന് തിരിച്ചറിഞ്ഞ് ഇടത് നേതൃത്വവും വിവാദം ആളിക്കത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സമസ്തയോട് ഐക്യദാർ‍ഢ്യം പ്രകടിപ്പിക്കുന്ന പ്രസ്താവന നടത്തിക്കൊണ്ടാണ് ഇടത് നേതാക്കളുടെ ഇടപെടൽ.

അന്തസ്സായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവരാണ് സുപ്രഭാതം പത്രം കത്തിച്ചതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. സമസ്തയുടെ വിദ്യാർത്ഥി സംഘടനയും പത്രം കത്തിച്ചതിന് എതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ തകർക്കാനുള്ള നീക്കമാണ് നടന്നതെന്ന് എസ്‌കെഎസ്‌എസ്‌ എഫിൻെറ പ്രതികരണം. പത്രം കത്തിക്കൽ വൻചർച്ചയായതോടെ സുപ്രഭാതം മാനേജ്മെന്റും നിലപാട് വ്യക്തമാക്കികൊണ്ട് മുന്നോട്ടുവന്നു. പത്രം കത്തിച്ചത് അതിൻെറ വായനക്കാരോടുളള വെല്ലുവിളി ആണെന്നാണ് മാനേജ്മെന്റിൻെറ പ്രതികരണം.

എല്ലാ വിഭാഗം ജനങ്ങളെയും പാർട്ടികളെയും തുല്യമായി പരിഗണിക്കുന്ന പൊതുപത്രം എന്ന നിലയിലാണ് ഇടത് മുന്നണിയുടെ പരസ്യം സ്വീകരിക്കുകയും പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും ഒരു പാർട്ടിയുടെ പരസ്യം മാത്രമേ സ്വീകരിക്കാൻ പാടുളളു എന്ന ഇടുങ്ങിയ സമീപനം സ്വീകരിക്കാൻ ഒരു പൊതു പത്രം എന്ന നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് കഴിയില്ലെന്നും സുപ്രഭാതം മാനേജ്മെന്റ് വ്യക്തമാക്കി.

ഒരു പരസ്യം നൽകുന്നത് കൊണ്ട് ഏതെങ്കിലും വിഭാഗത്തിൻെറ വാർത്തകളോട് സുപ്രഭാതം മുഖം തിരിച്ചിട്ടില്ല. വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കാൻ മറ്റ് ഏത് പത്രത്തെയും പോലെ സുപ്രഭാതം പത്രത്തിനും സ്വാതന്ത്ര്യമുണ്ട്. ഒരു പത്രം കത്തിച്ചു കൊണ്ട്, എന്ത് സന്ദേശമാണ് ഇത്തരക്കാർ‍  സമൂഹത്തോട് വിളിച്ചുപറയുന്നത്. വായനയെ കൊല്ലാമെന്നോ അതോ വാർത്തകളെ കൊല്ലാമെന്നോ. ഈ കത്തിക്കൽ വായനക്കാരോടുളള വെല്ലുവിളിയാണ്. ജനാധിപത്യ വിശ്വാസികളും വായനക്കാരും അത് വിലയിരുത്തട്ടെയെന്നും സുപ്രഭാതം മാനേജ്മെന്റ് ഓൺലൈൻ വീഡിയോയിലൂടെ പ്രതികരിച്ചു.

മുസ്ലിം ലീഗ് സമസ്ത ബന്ധത്തിൽ ഉലച്ചിലുണ്ടെന്ന പ്രതീതി നിലനിൽക്കുകയും അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുളള ശ്രമം സി.പി.എമ്മും നടത്തുകയും ചെയ്യുന്നതിനിടെ സുപ്രഭാതത്തിൽ ഇടത് മുന്നണിയുടെ പരസ്യം വന്നത് ലീഗിനെ അലോസരപ്പെടുത്തുന്നുണ്ട്. ഒരിക്കലും ഇല്ലാത്തവിധം സമസ്ത മുഖപത്രത്തിൽ പരസ്യം നൽകാനുളള തീരുമാനം സി.പി.എം ആലോചിച്ച് ഉറപ്പിച്ചതാണെന്നും ലീഗ് നേതൃത്വം കരുതുന്നു.


 പരസ്യം നൽകുക വഴി സമസ്തയുടെ രാഷ്ട്രീയ മനസ് ഇടത് പക്ഷത്തിന് ഒപ്പമാണെന്ന് വരുത്തിതീർക്കുകയാണ് ലക്ഷ്യമെന്നും സംശയിക്കുന്നുണ്ട്.


 ഇത് ലീഗ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് വായിച്ചെടുക്കുകയും ചെയ്യാം. ''സുപ്രഭാതത്തിലെ ഇടത് മുന്നണി പരസ്യം തെറ്റില്ല. പരസ്യം കച്ചവടത്തിൻ്റെ ഭാഗമാണ്.സിപിഎമ്മുമായി കച്ചവട ബന്ധം വേണമോയെന്ന തീരുമാനിക്കേണ്ടത് സമസ്തയാണ്. എന്നാൽ ലീഗിൻെറ മുഖപത്രമായ ചന്ദ്രികയിൽ ആ പരസ്യം വരില്ല '' മുസ്ളീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു.

എന്നാൽ എക്കാലത്തും സമവായത്തിൻെറ ലൈൻ സ്വീകരിക്കുന്ന ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സാഹചര്യത്തിൻെറ ഗൗരവം മനസിലാക്കി കരുതലോടെയാണ് പ്രതികരിച്ചത്. സുപ്രഭാതം പത്രത്തിലെ എൽഡിഎഫ് പരസ്യം സംഘടനയുടെ നിലപാടായി കാണേണ്ടതില്ലെന്നും ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന എൽഡിഎഫ് പരസ്യവാചകം തമാശയാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.                                                                    

Advertisment