Advertisment

മറിയക്കുട്ടിക്കും അന്നയ്ക്കും വാഗ്ദാനം ചെയ്ത 'പെന്‍ഷന്‍ തുക' വീട്ടിലെത്തിച്ച് സുരേഷ് ഗോപി

പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

New Update
suresh gopi mariyakutty.jpg

ഇടുക്കി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ അടിമാലി ടൗണില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയോടും അന്നയോടും വാക്ക് പാലിച്ച് സുരേഷ് ഗോപി. മറിയക്കുട്ടിക്കും അന്നയ്ക്കും വാഗ്ദാനം ചെയ്ത 'പെന്‍ഷന്‍ തുക' വീട്ടിലെത്തിച്ച് നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി. തൻ്റെ എം പി പെന്‍ഷനില്‍ നിന്നുള്ള ഒരു വിഹിതം എല്ലാ മാസവും ഇരുവര്‍ക്കും നല്‍കുമെന്ന് നേരത്തെ ഇരുവരെയും സന്ദര്‍ശിച്ച ഘട്ടത്തില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. സുരേഷ് ഗോപി നല്‍കിയ പണം ബി ജെ പി പ്രവര്‍ത്തകരാണ് ഇരുവർക്കും വീട്ടിലെത്തി കൈമാറിയത്.

പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറിൽ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലിൽ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു. അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്സർലണ്ടിലാണെന്നും പ്രചരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ വസ്തുതാപരിശോധന നടത്താതെ ദേശാഭിമാനി ദിനപത്രം വാർത്തയാക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ സുരേഷ് ഗോപി അടിമാലിയിലെ വീട്ടിലെത്തി മറിയക്കുട്ടിയെയും അന്നയെയും കണ്ടിരുന്നു. തൻ്റെ എം പി പെന്‍ഷനില്‍ നിന്നുള്ള ഒരു വിഹിതം എല്ലാ മാസവും ഇരുവര്‍ക്കും നല്‍കുമെന്ന് അന്ന് സുരേഷ് ഗോപി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് തുടർന്നാണ് ആദ്യ സഹായം ബി ജെ പി പ്രവര്‍ത്തകര്‍ വഴി സുരേഷ് ഗോപി ഇരുവരുടെയും കൈകളില്‍ എത്തിച്ചത്. 1600 രൂപ വീതം സുരേഷ് ഗോപി മറിയക്കുട്ടിക്കും അന്നക്കും നല്‍കി. സുരേഷ് ഗോപിക്ക് നന്ദി അറിയിക്കുന്നതായി ഇരുവരും പറഞ്ഞു.

ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി വി എന്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള ബി ജെ പി പ്രവര്‍ത്തകരായിരുന്നു സഹായം മറിയക്കുട്ടിക്കും അന്നയ്ക്കും വീട്ടിലെത്തിച്ച് നല്‍കിയത്. അടുത്ത മാസം മുതല്‍ തുക മറിയക്കുട്ടിയുടെയും അന്നയുടേയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുമെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു.

suresh gopi iduki
Advertisment