Advertisment

രാഹുൽ റോഡ് ഷോയിൽ കോൺഗ്രസ് കൊടിയില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനം രാഷ്ട്രീയ കൗശലം; മുൻപ് ബിജെപി ഉന്നയിച്ച വിമർശനം മുഖ്യമന്ത്രി ഏറ്റെടുത്തത് കോൺഗ്രസിന്റെ വിശ്വാസ്യത ഇളക്കാൻ ! സംഘപരിവാർ സമ്മർദ്ദത്തിന് വഴങ്ങുന്നു എന്ന ആക്ഷേപം ന്യൂനപക്ഷ വോട്ടർമാരിൽ ചലനം ഉണ്ടാക്കുമെന്ന് പ്രതീക്ഷ; ബി.ജെ.പി ഉന്നയിച്ച ആരോപണം മുഖ്യമന്ത്രി ഏറ്റെടുത്തുവെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

എന്നാൽ കൊടി വിമർശനത്തിൻെറ ചരിത്രം പരിശോധിക്കമ്പോൾ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഇപ്പോൾ ഉന്നയിക്കുന്ന രാഷ്ട്രീയ ലൈൻ ഇടതുപക്ഷത്തിന് ചേർന്നതല്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

New Update
pinarayi vijayan rahul gandhi

തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക സമർപ്പണത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസ് പതാകയില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നിൽ  രാഷ്ട്രീയ കൗശലം. ബി.ജെ.പിയുടെയും സംഘപരിവാറിൻെറയും സമ്മർദ്ദത്തിന് വഴങ്ങുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതായിരുന്നു കൊടി ഉപേക്ഷിച്ചു എന്ന വിമർശനത്തിലൂടെ മുഖ്യമന്ത്രിയും സി.പി.എമ്മും ലക്ഷ്യമിട്ടത്. ബി.ജെ.പിക്ക് എതിരായ ദേശീയ ബദലായി കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നവരിൽ അവിശ്വാസത്തിൻെറ വിത്ത് വിതയ്ക്കുകയാണ് ഈ നീക്കത്തിന് പിന്നിലെ കൗശലം.

Advertisment

കൃത്യമായി പറഞ്ഞാൽ ദേശീയ ബദലായി കണ്ട് കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനപക്ഷത്തെ, പ്രത്യേകിച്ച് കേരളത്തിലെ മുസ്ലീം സമൂഹത്തിൽ കോൺഗ്രസിനോട് അവിശ്വാസം ഉണ്ടാക്കി എടുക്കുകയാണ് മുഖ്യമന്ത്രി ലക്ഷ്യമിട്ടത്. വിശ്വാസപരമായ വിഷയങ്ങളിൽ സംഘപരിവാറിന് വഴങ്ങി തീരുമാനമെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിൽ മൃദുഹിന്ദുത്വം ആരോപിക്കുന്നത് പോലെയുളള നീക്കമായിരുന്നു ഇതും.


എന്നാൽ കൊടി വിമർശനത്തിൻെറ ചരിത്രം പരിശോധിക്കമ്പോൾ മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും ഇപ്പോൾ ഉന്നയിക്കുന്ന രാഷ്ട്രീയ ലൈൻ ഇടതുപക്ഷത്തിന് ചേർന്നതല്ലെന്ന വിമർശനവും ഉയരുന്നുണ്ട്.


 കാരണം 2019 - ൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോയിൽ കണ്ട മുസ്ലീം ലീഗിൻെറ പതാകയെ പാകിസ്ഥാൻ പതാകയെന്ന് ആരോപിച്ച് പ്രചരണം അഴിച്ചുവിട്ടത് ബി.ജെ.പിയായിരുന്നു. ഇപ്പോൾ 2024ൽ റോഡ് ഷോയിൽ കൊടികൊളുന്നുമില്ലെന്ന ആരോപണം ഉയർത്തി മുഖ്യമന്ത്രി രംഗത്ത്

വരുമ്പോൾ ഫലത്തിൽ ബി.ജെ.പിയുടെ ആരോപണം സി.പി.എം ഏറ്റെടുക്കുന്നത് പോലെയായി. മുഖ്യമന്ത്രിയുടെ കൊടി വിമർശനത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വന്ന കോൺഗ്രസ് നേതാക്കളും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

'' വയനാട്ടിലെ റോഡ് ഷോയിൽ ആരും കൊടി ഒന്നും മറച്ചു വെച്ചിട്ടില്ല. കഴിഞ്ഞ തവണ പ്രശ്നമാക്കിയത് ബിജെപിയാണ്. ഇപ്പോൾ മുഖ്യമന്ത്രിയാണ് പറയുന്നത്. മുഖ്യമന്ത്രി ബിജെപിയെ സഹായിക്കുകയാണ്. ഞങ്ങൾക്ക് ഞങ്ങളുടെ കൊടിയോട് ബഹുമാനമാണ്. രാഹുൽ ഗാന്ധിയുടെ പടമുള്ള പ്ലക്കാടുകളാണ് റോഡ് ഷോയിൽ ഉയർത്തിയത്. രാഹുൽ ഗാന്ധിയെ നേരിടാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ ആരോപണം ഉന്നയിക്കുന്നത്. നരേന്ദ്രമോദിയെ തൃപ്തിപ്പെടുന്നതിനു വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി നിരന്തരം വിമർശനം ഉന്നയിക്കുന്നത്. കോൺഗ്രസിന്റെ കൊടിയിൽ പിണറായി വിജയൻ വലിയ ആവേശം ഒന്നും കാണിക്കേണ്ട. ഞങ്ങളുടെ കൊടിയേറ്റി ഞങ്ങൾ നോക്കിക്കോളാം. അതിന് മുഖ്യമന്ത്രിയുടെ ഉപദേശം ഒന്നും ഞങ്ങൾക്ക് വേണ്ട'' കോൺഗ്രസ് സംസ്ഥാന പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല പ്രതികരിച്ചു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ തളളിക്കളഞ്ഞ് രംഗത്ത് വന്നിരുന്നു. മോദിയെ പറ്റി മിണ്ടാൻ ഭയമുള്ള പിണറായിയുടെ ഉപദേശം വേണ്ടെന്നായിരുന്നു കെ.സി.വേണുഗോപാലിൻെറ  തിരിച്ചടി.  

വയനാട് മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസിൻ്റെയോ മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെയോ കൊടികൾ ഇല്ലാത്തതാണ് മുഖ്യമന്ത്രി വിമർശനത്തിന് ആയുധമാക്കിയത്. 2019 ലെ പ്രചരണത്തിൽ ലീഗ് കൊടികൾ ഉയർന്നപ്പോൾ പാകിസ്ഥാൻ പതാകയെന്നായിരുന്നു ബിജെപി പ്രചരണം.

അത്തരം വിമർശനങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തവണത്തെ റോഡ് ഷോയിൽ കോൺഗ്രസ് ഉൾപ്പെടെ  ഒരു പാർട്ടികളുടെയും കൊടി വേണ്ടന്ന് വെച്ചത്. ഇത് മനസിലാക്കിയാണ് മർമ്മാണി പ്രയോഗം എന്ന മട്ടിൽ മുഖ്യമന്ത്രിയുടെ പ്രഹരം വന്നത്. കൊടി ഉപേക്ഷിച്ചു എന്ന കോൺഗ്രസിന് എതിരായ സിപിഎം വിമർശനത്തിന് പിന്നിലെ ലക്ഷ്യം മുസ്ലിം ലീഗ് കൂടിയാണ്. കഴിഞ്ഞ തവണത്തെ പ്രചരണം ഒഴിവാക്കാൻ എല്ലാ കൊടികളും ഒഴിവാക്കിയപ്പോൾ, മാറ്റിനിർത്തപ്പെട്ടത് ലീഗിൻെറ ഹരിത പതാക കൂടിയാണ്. ഈ വിഷയത്തിൽ ലീഗിൻെറ പ്രതികരണം ക്ഷണിച്ചുവരുത്തുക എന്നത് കൂടിയാണ് മുഖ്യമന്ത്രിയുടെ തന്ത്രം. 

Advertisment