Advertisment

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് വിഷയത്തിൽ സർക്കാരിനെ തിരിച്ചടിച്ച് ഗവർണർ. നൽകിയ 18ശുപാർശകളിൽ അംഗീകരിച്ചത് 2 വിദ്യാർത്ഥി പ്രതിനിധികളെ മാത്രം. ദേശാഭിമാനി ലേഖകന്റെ പേരും വെട്ടി. സിൻഡിക്കേറ്റിൽ സി.പി.എമ്മിന് പ്രാതിനിധ്യം കുറയും. ഏകപക്ഷീയമായ തീരുമാനങ്ങൾ ഇനി നടപ്പില്ല. കാലിക്കറ്റിലെ നടപടികളെല്ലാം ഗവർണർ അറിയും.

വൈസ്ചാൻസലർ വഴി സർക്കാർ നൽകിയ 18 പേരുടെ ശുപാർയിൽ കേവലം 2 വിദ്യാർത്ഥി പ്രതിനിധികളുടെ പേര് മാത്രമാണ് ഗവർണർ അംഗീകരിച്ചത്.

New Update
governor-1140x641.gif

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് തനിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സർക്കാരിന് കാലിക്കറ്റ് സർവകലാശാലാ സെനറ്റ് വിഷയത്തിൽ തിരിച്ചടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ്ചാൻസലർ വഴി സർക്കാർ നൽകിയ 18 പേരുടെ ശുപാർയിൽ കേവലം 2 വിദ്യാർത്ഥി പ്രതിനിധികളുടെ പേര് മാത്രമാണ് ഗവർണർ അംഗീകരിച്ചത്.  സർക്കാരിന് താത്പര്യമുള്ള 18 പേരുടെ പാനലിൽ ജേർണലിസ്റ്റ് ക്വോട്ടയിലേക്ക് പാർട്ടി പത്രമായ ദേശാഭിമാനിയുടെ റിപ്പോർട്ടറുമുണ്ടായിരുന്നു. ഇതും അംഗീകരിച്ചില്ല.

Advertisment

ഗവർണർക്ക് നേരിട്ട് ലഭിച്ച ബയോഡേറ്റകളും പരിഗണിക്കപ്പെട്ടു. ശുപാർശ ചെയ്യപ്പെട്ടവരിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിനിധികളും പത്മശ്രീ ജേതാക്കളും,കോൺഗ്രസ്, ബിജെപി, മുസ്ലിംലീഗ് അനുഭാവികളുമുണ്ട്.

ഗവർണറുടെ നാമനിർദ്ദേശം വൈകിയതിനാൽ സെനറ്റ് രൂപീകരിച്ച് ആറു മാസമായിട്ടും സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. സർക്കാർ നാമനിർദ്ദേശം ചെയ്ത ആറു പേരാണ് ഇപ്പോൾ താത്കാലിക സിൻഡിക്കേറ്റിലുള്ളത്. 1988 ൽ ഗവർണറായിരുന്ന റാം ദുലാരി സിൻഹ അന്നത്തെ നായനാർ സർക്കാർ നൽകിയ ലിസ്റ്റിൽ നിന്നും പകുതി പേരെ മാറ്റി പകരം അന്ന് പ്രതിപക്ഷ നേതാവായിരുന്ന കെ.കരുണാകരൻ നൽകിയ പാനലിൽ നിന്നുള്ളവരെ കേരള സെനറ്റിലേയ്ക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.

 ഇതൊഴിച്ച് സർക്കാർ നൽകുന്ന പാനലിലുള്ളവരെയാണ് ഗവർണർമാർ നാമനിർദ്ദേശം ചെയ്യാറുള്ളത്. കാലിക്കറ്റ് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് അടുത്തമാസം നടക്കും. കേരള സർവകലാശാലാ സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്തിരുന്ന 15 പേർ ഗവർണർക്കെതിരേ നീങ്ങിയതിനെത്തുടർന്ന് അവരെ പിൻവലിച്ചിരുന്നു.

വൈസ്ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ ക്വോറം തികയ്ക്കാതെ ഗവർണറെ കബളിപ്പിച്ചതിനാണ് ഇവരെ പിൻവലിച്ചത്. ഇനി സർക്കാരിൽ നിന്ന് പട്ടിക വാങ്ങാതെ സ്വന്തം നിലയിൽ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുമെന്ന് അന്ന് ഗവർണർ പ്രഖ്യാപിച്ചിരുന്നതാണ്.

 സർക്കാർ നൽകിയ പട്ടിക നിരാകരിച്ച് ഗവർണർ സ്വന്തം നിലയിൽ 18 സെനറ്റംഗങ്ങളെ നാമനിർദ്ദേശം ചെയ്തതോടെ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിൽ ഇടത് പ്രാതിനിധ്യം കുറയും. കഴിഞ്ഞ സിൻഡിക്കേറ്റിൽ തിരഞ്ഞെടുപ്പ് നടന്ന പത്ത് സീറ്റുകളിൽ എട്ടെണ്ണം സി.പി.എമ്മും രണ്ടെണ്ണം ലീഗുമാണ് വിജയിച്ചത്. ഇത്തവണ പ്രിൻസിപ്പൽമാരുടെ 2 ക്വോട്ടയിലടക്കം 12 സീറ്റുകളിലേക്കാണ് മത്സരം. എന്നാൽ ഗവർണറുടെ പ്രതിനിധികളാരും ഇടത് അനുഭാവികളല്ലാത്തതിനാൽ അവർക്ക് പരമാവധി 9പേരെ ജയിപ്പിച്ചെടുക്കാനേ കഴിയൂ എന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ സെനറ്റിലേക്കുള്ള ഗവർണറുടെ പ്രതിനിധികളെല്ലാം സർക്കാരിന്റെ ഇഷ്ടക്കാരായിരുന്നു. വി.സി വഴി സർക്കാർ നൽകിയ പട്ടിക ഗവർണറായിരുന്ന പി.സദാശിവം അതേപടി അംഗീകരിക്കുകയായിരുന്നു

ഇത്തവണ വി.സി നൽകിയ പട്ടിക ഗവർണർ അംഗീകരിച്ചില്ല. മാത്രമല്ല, സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി, ക്രൈസ്തവ സംഘടനകൾ, ബി.ജെ.പി, ചില വ്യക്തികൾ എന്നിവരുടെയെല്ലാം ശുപാർശ സ്വീകരിക്കുകയും ചെയ്തു. ഈ പട്ടികകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി സ്വന്തം നിലയിൽ 18പേരെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു. എന്നാൽ, സിൻഡിക്കേറ്റിൽ പ്രാതിനിധ്യം അൽപ്പം കുറയുമെന്നല്ലാതെ തിരിച്ചടിയുണ്ടാവില്ലെന്നാണ് ഇടത് വിലയിരുത്തൽ.

ഗവർണറുടെ പ്രതിനിധികൾ ഇവരാണ്- എ.ആർ പ്രവീൺകുമാർ, സി.മനോജ് (ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ), എ.വി.ഹരീഷ്, വി.സി ലിന്റോ (സ്കൂൾ അദ്ധ്യാപകർ), ഡോ.പി രവീന്ദ്രൻ (ഗവേഷണം) കപില വേണു (സാംസ്കാരികം), പി.ടി.എം ഹാഷിർ അലി (ബിസിനസ്), ടി.ജെ മാർട്ടിൻ (വ്യവസായം), ബാലൻ പൂതേരി (എഴുത്ത്), എ.കെ.അനുരാജ് (ജേർണലിസ്റ്റ്), എൻ.അബ്ദുൾ കരിം (നിയമം), അഫ്സൽ സഹീർ (സ്പോർട്സ്), ഡോ.എസ്.ഫാത്തിമ, കെ.മമത (ഭാഷാ ന്യൂനപക്ഷം), സ്നേഹ സി നായർ, പി.എം അശ്വിൻ രാജ്, എം.എ.സിയാന, കെ.കെ.അനുഷ (വിദ്യാർത്ഥി പ്രതിനിധികൾ)

kerala governer
Advertisment