Advertisment

ഗതാഗത നിയന്ത്രണത്തിന് റോഡിന് കുറുകെ വടം കെട്ടിയ പൊലീസിൻെറ നടപടി പൊലീസ് മേധാവിയുടെ സർക്കുലറിൻെറ ലംഘനം; സർക്കുലർ  ഇറക്കിയത് ലോകനാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന കാലത്ത്; പൊലീസ് മേധാവി സർ‍ക്കുലർ ഇറക്കിയത് ഗതാഗത നിയന്ത്രണത്തിന് റോഡിന് കുറുകെ വടമോ വയറോ കെട്ടരുതെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻെറ നിർദ്ദേശം പാലിച്ച്

ഉത്തരവുകളും നിർദ്ദേശങ്ങളും ഇല്ലാത്തതല്ല ഇത്തരം ദാരുണ അപകടങ്ങൾക്ക് വഴിവെയ്ക്കുന്നത്, മറിച്ച് അവ പാലിക്കാൻ ബന്ധപ്പെട്ട സംവിധാനങ്ങൾ കാണിക്കുന്ന വീഴ്ചയാണെന്ന പാഠവും വളഞ്ഞമ്പലത്തെ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
vadam1

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഗതാഗത നിയന്ത്രണത്തിന് റോഡിൽ വടം കെട്ടിയ പൊലീസ് നടപടി സംസ്ഥാന പൊലീസ് മേധാവിയുടെ സ‍ർക്കുലറിൻെറ ലംഘനം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻെറ ഉത്തരവ് പാലിച്ച് കൊണ്ട് 2018 ഒക്ടോബർ ഏഴിന് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ പുറത്തിറക്കിയ സർക്കുലറിൽ ഗതാഗത നിയന്ത്രണത്തിന് വടമോ വയറുകളോ സമാന വസ്തുക്കളോ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഇത് കാറ്റിൽപ്പറത്തി കൊണ്ടാണ് കൊച്ചിയിലെ സിറ്റി പൊലീസ് വളഞ്ഞമ്പലം ജങ്ഷനിൽ വടം കെട്ടി ഗതാഗതം നിയന്ത്രിച്ചത്.

Advertisment

 ഗതാഗത നിയന്ത്രണം വേണ്ടി വരുമ്പോൾ വടമോ സമാന വസ്തുക്കളോ ഉപയോഗിക്കരുതെന്ന പൊലീസ് മേധാവിയുടെ നിർദ്ദേശം ലംഘിച്ചപ്പോൾ നഗരത്തിൽ പൊലിഞ്ഞത് ഒരു മനുഷ്യജീവനാണ്.


നിർദ്ദേശം കാറ്റിൽപ്പറത്തിയുളള നിയന്ത്രണം അപകടം വിതച്ച സാഹചര്യത്തിൽ ശുചീകരണ തൊഴിലാളി മനോജ് ഉണ്ണിയുടെ മരണത്തിൻെറ ഉത്തരവാദിത്തം പൊലീസിന് തന്നെ. അത് അർഹിക്കുന്ന വകുപ്പുകൾ ചുമത്തി പൊലീസിനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 2012ൽ നിയമസഭാ സമ്മേളനം റിപോർ‍ട്ട് ചെയ്യാൻ പോകുന്നതിനിടെ ദ ഹിന്ദു തിരുവനന്തപുരം റിപ്പോർട്ടർ അനിൽ രാധാകൃഷ്ണന് റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ മുറുകി ഗുരുതരമായി പരിക്കേറ്റിരുന്നു. ഇത് ഒരു ദിനപത്രം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് 2018 ഓഗസ്റ്റിൽ ഗതാഗത നിയന്ത്രണത്തിന് റോഡിന് കുറുകെ വടമോ വയറോ കെട്ടുന്നത് തടഞ്ഞുകൊണ്ട് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിറക്കുകയും പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തത്.  

 ഗതാഗത നിയന്ത്രണത്തിന് വടങ്ങളും വയറുകളും ഉപയോഗിച്ച് അശാസ്ത്രീയ ക്രമീകരണങ്ങൾ ഏർപ്പെടുന്നതിന് എതിരായ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻെറ ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിച്ചാണ് 2018 ഒക്ടോബ‍ർ 7ന് സംസ്ഥാന പൊലീസ് മേധാവി 29/2018 എന്ന നമ്പ‍‍ർ സർക്കുലർ ഇറക്കിയത്. സർക്കുലർ‍ ഇറക്കാനുളള സാഹചര്യവും മറ്റും വിശദീകരിച്ച പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച മൂന്ന് കാര്യങ്ങളും അക്കമിട്ട് പറയുന്നുണ്ട്.


1. ഏത് പോയിന്റിൽ നിന്നാണോ ഗതാഗതം മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടാൻ പൊലീസ് താൽപര്യപ്പെടുന്നത്, അവിടെ ടേക്ക് ഡീവിയേഷൻ എന്ന സന്ദേശം പതിച്ച ബോർഡുകൾ ആവശ്യത്തിന് സ്ഥാപിച്ചിരിക്കണം.കൂടാതെ പര്യാപ്തമായ എണ്ണം പൊലീസുകാരെയും സ്ഥലത്ത് വിന്യസിക്കണം. 

2.  നിയന്ത്രണം ഏർപ്പെടുത്തുന്ന സ്ഥലത്തെ ബാരിക്കേഡോ റിഫ്ളക്ടർ പതിച്ച പോസ്റ്റോ വാഹനം ഓടിക്കുന്ന ‍ഡ്രൈവർമാർക്ക്, സ്ഥലത്ത് എത്തുന്നതിന് മുൻപ്, കുറച്ച്   ദൂരെ നിന്നേ കാണാനാകണം.

3. ഗതാഗതം നിയന്ത്രിക്കുന്നതിനോ വഴിതിരിച്ചു വിടുന്നതിനോ ഒരുകാരണവശാലും റോഡിന് കുറകെ വടമോ വയറുകളോ സമാന സ്വഭാവമുളള മറ്റ് വസ്തുക്കളൊ റോഡിന് കുറുകെ കെട്ടാൻ പാടില്ല.


എല്ലാ ജില്ലാ പൊലീസ് മേധാവികളും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻെറ ഈ നിർദ്ദേശങ്ങൾ  പാലിക്കുകയും അടിയന്തിരമായി ഫീൽഡിൽ പ്രവർത്തിക്കുന്ന ഓഫീസർമാരെ അറിയിക്കുകയും വേണം എന്ന് പറഞ്ഞു കൊണ്ടാണ് സർക്കുലർ അവസാനിക്കുന്നത്. ഇതെല്ലാം പൊലീസിൻെറ മുന്നിലുളളപ്പോഴാണ് പാവപ്പെട്ട തൊഴിലാളിയുടെ ജീവൻ അപഹരിക്കുന്ന വിധം റോഡിൽ വടം കെട്ടി ഗതാഗതം നിയന്ത്രിച്ചത്.

നിയമപാലനം നടത്തുകയും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഒരുക്കുകയും ചെയ്യാൻ ഉത്തരവാദപ്പെട്ട പൊലീസിൽ നിന്നാണ് ഈ വീഴ്ച സംഭവിച്ചത് എന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. ഉത്തരവുകളും നിർദ്ദേശങ്ങളും ഇല്ലാത്തതല്ല ഇത്തരം ദാരുണ അപകടങ്ങൾക്ക് വഴിവെയ്ക്കുന്നത്, മറിച്ച് അവ പാലിക്കാൻ ബന്ധപ്പെട്ട സംവിധാനങ്ങൾ കാണിക്കുന്ന വീഴ്ചയാണെന്ന പാഠവും വളഞ്ഞമ്പലത്തെ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

Advertisment