Advertisment

മോദിക്കും പിണറായിക്കും ഒരേ സ്വരം; എതിര്‍ക്കുന്നവരുടെയെല്ലാം സമനില തെറ്റിയെന്ന് തോന്നുന്നതും ഒരു അസുഖമാണ്; സംഘപരിവാറിനൊപ്പം സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചവരാണ് ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്ന് ഇപ്പോള്‍ പറയുന്നത് ! കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്‌

2019 മുതല്‍ കോണ്‍ഗ്രസ് പൗരത്വ നിയമത്തെ എതിര്‍ക്കുകയാണ്. പൗരത്വ നിയമം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പരസ്യമായി പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ 35 ദിവസവും പിണറായി വിജയന്‍ നുണ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
vd satheesan 8Untitled.jpg

മലപ്പുറം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റും നേടി ഐക്യജനാധിപത്യ മുന്നണി കേരളത്തില്‍ ഉജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദേശീയതലത്തില്‍ വിസ്മയകരമായ മാറ്റങ്ങളും ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകും. രാജ്യത്ത് കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അദ്ഭുതകരമായ മാറ്റമുണ്ടാകും. വര്‍ഗീയ ഫാഷിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, രാജ്യത്തെ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നുണ്ട്. മതേതര കേരളത്തിലും യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Advertisment

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇരുവരുടെയും പ്രസ്താവനകള്‍ ഒരേ കേന്ദ്രത്തില്‍ നിന്നും തയാറാക്കിയതാണോയെന്നു പോലും സംശയിച്ചു പോകും. രണ്ടു പേരുടെയും ലക്ഷ്യം രാഹുല്‍ ഗാന്ധിയാണ്. 2014 മുതല്‍ രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യാന്‍ ബി.ജെ.പി നടത്തുന്ന പദ്ധതികള്‍ ഇപ്പോള്‍ പിണറായി വിജയനും സി.പി.എമ്മും ഏറ്റെടുത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ പത്ത് വര്‍ഷം മുന്‍പ് മോദിയും ബി.ജെ.പിയും പ്രചരിപ്പിച്ചിരുന്നത് കേരളത്തില്‍ സി.പി.എമ്മും പിണറായി വിജയനും ആവര്‍ത്തിക്കുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു.

ഇവര്‍ക്ക് ഒരേ സ്വരമാണ്. രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ മത്സരിക്കാതെ കേരളത്തിലേക്ക് ഒളിച്ചോടിയെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ഇന്ന് അതേ വാചകം തന്നെ പിണറായി വിജയനും ആവര്‍ത്തിച്ചു. ആര് ഏത് സീറ്റില്‍ മത്സരിക്കണമെന്നതും പ്രചരണം എങ്ങനെയാകണം എന്നതും അതത് പാര്‍ട്ടികളാണ് തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് പ്ലക്കാര്‍ഡ് പിടിക്കണോ കൊടി പിടിക്കണമോ എന്നത് സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ ഓഫീസില്‍ തീരുമാനിക്കപ്പെടേണ്ടതല്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ബി.ജെ.പിയേക്കാള്‍ അലോസരമുണ്ടാക്കുന്നത് സി.പി.എമ്മിനാനാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

എന്റെ സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നവകേരള സദസിന്റെ സമയത്തും ഒന്‍പത് തവണയാണ് എന്റെ സമനില തെറ്റിയെന്നു പറഞ്ഞിട്ടുണ്ട്. ഒരു കോടി ആളുകള്‍ക്ക് ഏഴ് മാസമായി പെന്‍ഷന്‍ നല്‍കാതെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഞെളിഞ്ഞ് നടക്കുന്നത്. അത് പറയാതിരിക്കാനാണ് പൗരത്വ നിയമം, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എന്നൊക്കെ പറയുന്നത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഒരു ആശുപത്രികളിലും മരുന്നില്ല. 1500 കോടി രൂപ കുടിശികയാക്കിയതിനാല്‍ കാരുണ്യ കാര്‍ഡ് ഒരു സ്വകാര്യ ആശുപത്രികളും സ്വീകരിക്കുന്നില്ല. മാവേലി സ്റ്റോറുകളില്‍ സാധനങ്ങളില്ല.

40000 കോടി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുണ്ട്. ഖജനാവില്‍ അഞ്ച് പൈസ പോലുമില്ല. കേരളം മുഴുവന്‍ ജപ്തി നടപടികളാണ്. ഇതിനൊക്കെ വിമര്‍ശിക്കുമ്പോഴാണ് എന്റെ സമനില തെറ്റിയെന്നു മുഖ്യമന്ത്രി പറയുന്നത്. ലാവലിന്‍ കരാര്‍ ഉണ്ടാക്കരുതെന്ന് ഫയലില്‍ എഴുതിയ ധനകാര്യ സെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന് ഫയലില്‍ എഴുതിയ വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയന്‍. നിയമസഭയിലും ആര് എതിര്‍ത്താലും അവരുടെയൊക്കെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ആര് എതിര്‍ത്താലും സമനില തെറ്റി എന്ന് വിചാരിക്കുന്നത് തന്നെ ഒരു അസുഖമാണ്. അതിനാണ് ഡോക്ടറെ കാണിക്കേണ്ടതെന്നും സതീശന്‍ പരിഹസിച്ചു.

പ്രതിപക്ഷ നേതാവ് നുണ പറഞ്ഞെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയാണ് നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം പറഞ്ഞത്. പൗരത്വ നിയമം പാര്‍ലമെന്റില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് എം.പിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്ന നുണയാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ഇതിന് മറുപടിയായി ഡോ. ശശി തരൂര്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന്റെ വീഡിയോ മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു.

ബില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നെന്നും കോണ്‍ഗ്രസ് വോട്ട് ചെയ്തില്ലെന്നുമായിരുന്നു അടുത്ത നുണ. ഇതിന് മറുപടിയായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങല്‍ വോട്ട് ചെയ്തതിന്റെ പാര്‍ലമെന്റ് രേഖകള്‍ അയച്ചുകൊടുത്തു. അപ്പോള്‍ പച്ചക്കള്ളം പറയുന്നത് ആരാണ്? നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞത് ആരാണ്?  2019 മുതല്‍ കോണ്‍ഗ്രസ് പൗരത്വ നിയമത്തെ എതിര്‍ക്കുകയാണ്. പൗരത്വ നിയമം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പരസ്യമായി പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ 35 ദിവസവും പിണറായി വിജയന്‍ നുണ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്നതാണ് പുതിയ മുദ്രാവാക്യം. എന്താണ് ഇടതിന് ഇന്ത്യയില്‍ കാര്യം? ഇന്ത്യ എന്ന ആശയത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് യോജിച്ചിട്ടുള്ളത്? സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ല. ക്വിറ്റ് ഇന്ത്യ സമരത്തിന് എതിരായിരുന്നു. സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ചു. കല്‍ക്കത്ത തീസിസ് കൊണ്ടു വന്ന് രാജ്യത്തെ അട്ടിമറിക്കാന്‍ പോലും ശ്രമിച്ചു. സംഘപരിവാര്‍ ശക്തികളെക്കാള്‍ കൂടുതല്‍ ഗാന്ധിജിയെയും നെഹ്‌റുവിനെയും എതിര്‍ത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. സ്വതന്ത്ര്യം കിട്ടി 73 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ പതാക പാര്‍ട്ടി ഓഫീസില്‍ ഉയര്‍ത്താന്‍ പോലും സി.പി.എം തീരുമാനിച്ചത്.

 ഇന്ത്യ എന്ന ആശയത്തെ സി.പി.എമ്മോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ഒരു കാലത്തും അംഗീകരിച്ചിരുന്നില്ല. അന്ന് സംഘപരിവാര്‍ ശക്തികള്‍ക്കൊപ്പമായിരുന്നു സി.പി.എമ്മും. ആര്‍.എസ്.എസിന്റെ വോട്ട് എല്ലാ കാലത്തും വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.എസ്.എസ് വോട്ട് വാങ്ങി ജനപ്രതിനിധിയായ ആളാണ് പിണറായി വിജയന്‍. എന്നിട്ടാണ് ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്ന് പറയുന്നത്. കോണ്‍ഗ്രസ് ഇല്ലെങ്കില്‍ എങ്ങനെയാണ് ഫാഷിസ്റ്റ്- വര്‍ഗീയ വിരുദ്ധ പ്ലാറ്റ്‌ഫോം ഉണ്ടാകുന്നത്.

മുസ്ലീം വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള ശ്രമമാണ് പിണറായി വിജയന്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയത് ആരാണ് ? പഴയതൊന്നും ആരും മറക്കരുത്. 1987-ല്‍ ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് ആരാണ്? സി.എ.എ സമരത്തിന് എതിരായ എത്ര കേസുകളാണ് പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചത് ? തമിഴ്‌നാട് സര്‍ക്കാര്‍ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് സി.എ.എ പ്രക്ഷോഭങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത്. കേരളത്തില്‍ കേസുകള്‍ പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകാത്തത് ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണോ ? ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായപ്പോള്‍ മതേതര ഭാരതത്തിന്റെ ചങ്കിലേറ്റ കുത്തെന്നാണ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്.

വേങ്കര തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ജയിച്ചപ്പോള്‍ മലപ്പുറത്തിന്റേത് വര്‍ഗീയ മനസെന്നാണ് പിണറായി മന്ത്രിസഭയിലെ അംഗമായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. പ്രസ്താവന തിരുത്താന്‍ ഇതുവരെ തയാറായോ ? മലപ്പുറത്തിന് വര്‍ഗീയ മനസാണെന്നു തന്നെയാണോ സി.പി.എമ്മിന്റേയും അഭിപ്രായം. നിങ്ങളുടെ പാരമ്പര്യമൊന്നുംഞങ്ങളെക്കൊണ്ട് സി.പി.എം പറയിപ്പിക്കരുത്. പൗരത്വ നിയമത്തിനെതിരെ കേസു കൊടുത്തതും മുസ്ലീ ലീഗാണ്. സി.പി.എമ്മിന് ഇതില്‍ എന്ത് കാര്യമാണുള്ളത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പിയെ പോലെ വര്‍ഗീയധ്രുവീകരണമുണ്ടാക്കാനാണ് സി.പി.എമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വടകരയില്‍ ബോംബ് പൊട്ടി സി.പി.എമ്മുകാരന്റെ കൈ പോകുകയും സ്ഥാനാര്‍ത്ഥി പൊട്ടിച്ച നുണ ബേംബ് ചീറ്റിപ്പോകുകയും ചെയ്തു. വീഡിയോ ക്ലിപ്പ് ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് സ്ഥാനാര്‍ത്ഥി ഇപ്പോള്‍ പറയുന്നത്. പൊടി കയറി അസുഖം വന്നതുകൊണ്ടാണ് കരഞ്ഞതു പോലെ തോന്നിയതെന്നുമാണ് പറയുന്നത്. സ്ഥാനാര്‍ത്ഥി പൊലീസിന് നല്‍കിയ പരാതിയില്‍ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ഉണ്ടെന്ന് പറയുകയും ചെയ്തു പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഷാഫി പറമ്പിലാണ് വീഡിയോ ഉണ്ടാക്കിയതെന്ന് എം.വി ഗോവിന്ദനും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഞങ്ങളാണ് സൈബര്‍ ആക്രമണം നേരിട്ടത്. എന്തൊരു അഭിനയമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നടത്തിയത്.

 എവിടെ വീഡിയോ എന്ന് ചോദിച്ചപ്പോള്‍ പോസ്റ്റര്‍ ആണെന്നാണ് പറയുന്നത്. അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നു പറഞ്ഞ് വൈകാരികമായ തരംഗമുണ്ടാക്കാന്‍ വേണ്ടിയുള്ള നുണ ബോംബായിരുന്നു ഇത്. ഇപ്പോള്‍ പാനൂരിലെ ബോംബും നുണ ബോംബും പൊട്ടി. എത്ര പേരാണ് ഇതിന്റെ പേരില്‍ ചീത്ത കേട്ടത്. നുണയാണെന്ന് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞ സാഹചര്യത്തില്‍ വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. മോദിയുടെ സത്‌പേരിന് കളങ്കം ചാര്‍ത്തിയെന്നു കാട്ടി ഒരു ചെറുപ്പക്കാരനെതിരെ കേസെടുത്ത പിണറായി വിജയനാണ് മതേതരത്വം പഠിപ്പിക്കുന്നതും മോദി വിരുദ്ധത പറയുന്നതും. മോദിക്കെതിരെ സംസാരിച്ചാല്‍ കേസെടുക്കും. പക്ഷെ യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ മാത്രം കേസെടുക്കില്ല.

കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ കരട് നോക്കാന്‍ പിണറായി വിജയനെ ഏല്‍പ്പിച്ചിട്ടില്ല. കള്ള വീഡിയോ വച്ച് പോണ്‍ഗ്രസ് എന്ന തലക്കെട്ടുണ്ടാക്കി അപമാനിച്ച മഞ്ഞപ്പത്രമാണ് ദേശാഭിമാനി. നിങ്ങള്‍ കോണ്‍ഗ്രസിനെതിരെ ഇഷ്ടമുള്ള തലക്കെട്ടുണ്ടാക്കാം. 19 സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന സി.പി.എമ്മാണോ മോദിയെ താഴെയിറക്കാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും പോകുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാനുള്ള തത്രപ്പാടാണ് സി.പി.എം കാട്ടുന്നത്. സംഘപരിവാര്‍ അക്രമികള്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയും വൈദികനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ തെലങ്കാന സര്‍ക്കാര്‍ കേസ് എടുത്തില്ലെന്നാണ് കഴിഞ്ഞ ദിവസം ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതിയത്. അതേ പത്രത്തിന്റെ പതിനൊന്നാം പേജില്‍ 12 പേര്‍ക്കെതിരെ കേസെടുത്തെന്ന വാര്‍ത്തയുമുണ്ട്. കേസെടുത്തത് റിപ്പോര്‍ട്ട് ചെയ്തത് എഡിറ്റോറിയല്‍ എഴുതിയ ആള്‍ അറിഞ്ഞില്ല. എന്തൊരു തമാശ പത്രമാണത്.

കോഴിക്കോട് ബീച്ചില്‍ 40 മിനിട്ട് സംസാരിച്ച രാഹുല്‍ ഗാന്ധി 38 മിനിട്ടും ബി.ജെ.പിക്ക് എതിരെയാണ് സംസാരിച്ചത്. ആ പ്രസംഗത്തെ സി.പി.എം ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. എന്നെ ഇ.ഡി 55 മണിക്കൂര്‍ ചോദ്യം ചെയ്‌തെന്നും അദാനിക്കെതിരെ സംസാരിച്ചതിന് പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയെന്നും വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. നിരന്തരമായി ബി.ജെ.പിക്കെതിരെ പോരാട്ടം നടത്തുന്ന തനിക്കെതിരെ കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുകയാണ്. കുറച്ചു സമയം മോദിക്കെതിരെ പറയാനും മുഖ്യമന്ത്രി തയാറാകണം. മോദിക്കെതിരെ നിലപാടെടുത്ത എല്ലാ രാഷ്ട്രീയക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലുമാണ്. എന്നിട്ടും കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇതുവരെ ഒരു സമന്‍സ് പോലും നല്‍കിയിട്ടില്ല. നിങ്ങള്‍ക്ക് സംഘപരിവാര്‍ നിലപാടാണോ അതോ അവര്‍ക്കൊപ്പമാണോ എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെന്നാണ് സി.പി.എം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടിയായിരുന്നോയെന്ന് സംശയമുണ്ട്. പക്ഷെ ബി.ജെ.പിക്ക് അവിടെ ഒരു നേട്ടവും ഉണ്ടാകില്ല. തൃശൂരില്‍ യു.ഡി.എഫ് വിജയിക്കും. രണ്ട് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് വൃത്തികേടുകളൊക്കെ നടന്നത്. പൂരം തൃശൂരിന്റെ മാത്രമല്ല കേരളത്തിന്റെ മതേതര ഉത്സവമാണ്. ഹൈക്കോടതി എല്ലാ തര്‍ക്കങ്ങളും തീര്‍ത്തതുമാണ്. എന്നിട്ടാണ് മനപൂര്‍വം അലങ്കോലപ്പെടുത്തിയത്. ഇപ്പോള്‍ കമ്മിഷണര്‍ മാത്രമാണ് കുറ്റക്കാരന്‍. കമ്മീഷണറെന്നാല്‍ സര്‍ക്കാരാണ്. രണ്ട് മന്ത്രിമാര്‍ക്കും മുകളിലാണോ കമ്മിഷണര്‍ ? ഇതുവരെ ചെയ്യാത്ത രീതിയിലാണ് പൊലീസ് പ്രശ്‌നമുണ്ടാക്കിയത്. രണ്ട് മാസം മുന്‍പ് തന്നെ പൂരം അലങ്കോലമാക്കാനാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും ശ്രമിച്ചത്. രണ്ടു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന സംഭവത്തില്‍ കമ്മിഷണര്‍ മാത്രം എങ്ങനെയാണ് കുറ്റക്കാരനാകുന്നത് ?

ബി.ജെ.പി ഭീതിയിലാണ് മുഖ്യമന്ത്രി എല്ലാം ചെയ്യുന്നത്. കരുവന്നൂരില്‍ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിലാണ് സി.പി.എം. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണോ കരുവന്നൂരില്‍ പാവങ്ങളുടെ പണം നഷ്ടപ്പെട്ട വിവരം പ്രധാനമന്ത്രി ഇപ്പോഴാണോ അറിയുന്നത് ? എല്ലാം നോര്‍മല്‍ ആയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സി.പി.എം സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുടെ അറിവോടെയാണ് കരുവന്നൂരില്‍ പാവങ്ങളുടെ പണം തട്ടിയെടുത്തത്. തട്ടിപ്പിനെ കുറിച്ച് 2017 മുതല്‍ പിണറായി വിജയന് അറിയാം.

300 കോടി കൊള്ളയടിച്ചതിനെ കുറിച്ച് പാര്‍ട്ടി കമ്മിറ്റിയാണോ അന്വേഷിക്കേണ്ടത്. പാവങ്ങളുടെ പണം തട്ടിയെടുത്ത് വെളിപ്പെടുത്താത്ത അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. അതാണ് പുറത്ത് വരേണ്ടത്. ഇ.ഡി അന്വേഷണം എന്ന പേരില്‍ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണ്. വിജിലന്‍സ് എന്ത് അന്വേഷണമാണ് നടത്തിയത്? തട്ടിപ്പ് നടത്തിയവരുടെ സ്വത്ത് ജപ്തി ചെയ്ത് പാവങ്ങള്‍ക്ക് നഷ്ടമായ പണം നല്‍കിയോ ? നികുതി പണത്തില്‍ നിന്നാണ് ഇപ്പോള്‍ നല്‍കുന്നത്.

യു.ഡി.എഫിന്റെ എല്ലാ പരിപാടികളിലും എല്ലാ പാര്‍ട്ടികളുടെയും കൊടികളുണ്ട്. ഇന്ത്യ മുന്നണിയിലും യു.ഡി.എഫിലും പ്രധാന ഘടകകക്ഷിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്. ലീഗ് ബന്ധം മറച്ചു വയ്ക്കാനാണ് കൊടി ഒളിപ്പിക്കുന്നതെന്നാണ് സ്മൃതി ഇറാനിയും പിണറായി വിജയനും പറയുന്നത്. ഒരേ സ്ഥലത്താണ് ഇരുവരുടെയും പ്രസ്താവന തയാറാക്കുന്നത്. ലീഗ് ബന്ധം മറച്ചുവയ്ക്കാനായിരുന്നെങ്കില്‍ ദേശീയതലത്തില്‍ ലീഗിനെ ഇന്ത്യ മുന്നണിയുടെ ഭാഗമാക്കുമായിരുന്നോ ? ഇന്ത്യ മുന്നണിയുടെ എല്ലാ യോഗങ്ങളിലും ലീഗ് നേതാക്കള്‍ പങ്കെടുക്കാറുണ്ട്. യു.ഡി.എഫിന്റെ എല്ലാ പരസ്യത്തിലും ലീഗ് കൊടിയുണ്ട്.  വയനാട്ടില്‍ ഉള്‍പ്പെടെ കേരളം മുഴുവന്‍ കൊടികള്‍ വച്ചിട്ടുണ്ട്. ലീഗിന് ഇല്ലാത്ത പരാതി ദേശാഭിമാനി ഉന്നയിക്കേണ്ടെന്നും സതീശന്‍ ആഞ്ഞടിച്ചു.

ഇന്ത്യ മുന്നണിയുമായി പ്രകാശ് കാരാട്ടും സിതാറാം യെച്ചൂരിയും നന്നായി സഹകരിക്കുന്നുണ്ട്. കേരള ഘടകത്തിന്റെ ചെലവില്‍ കേന്ദ്ര കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിപ്പിക്കുന്നത് കൊണ്ടാണ് ആ പാവങ്ങള്‍ ഇവിടെ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ പറയുന്നത്. മോദിയെയും ബി.ജെ.പിയെയും കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.എം ദേശീയ നേതാക്കള്‍ എതിര്‍ത്തപ്പോഴും ഒരക്ഷരം മിണ്ടാതിരുന്നത് പിണറായി വിജയന്‍ മാത്രമാണ്. പേടിച്ചിട്ടാണ് പിണറായി മിണ്ടാത്തത്.

പരാതി നല്‍കിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഉണ്ടാകുന്നത്. എങ്ങനെയെങ്കിലും നടന്നു പോകട്ടെയെന്ന നിലപാടാണ് കമ്മിഷന്. അത് ശരിയല്ല. ബാലറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുകയെന്നത് സുതാര്യവും സത്യസന്ധവുമായ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന ഘടകമാണ്. അതല്ല നടക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വ്യാപക തട്ടിപ്പ് നടന്നതിന്റെ അടിസ്ഥാനത്തിലാണ് സീല്‍ഡ് ബാലറ്റും രാഷ്ട്രീയ പാര്‍ട്ടികളുടെ ബി.എല്‍.എമാരും വേണമെന്ന് ആവശ്യപ്പെട്ടത്. എന്നിട്ടും കമ്മിഷന്‍ ശരിയായ സമീപനമല്ല കാട്ടുന്നത്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനവികാരമുണ്ട്. അധികാരത്തില്‍ എത്തിയാല്‍ എന്ത് ചെയ്യുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. സിറ്റിങ് എം.പിയായ രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജയെ ബിനോയ് വിശ്വം എന്തിനാണ് മത്സരിപ്പിക്കുന്നത്?  പിണറായിയുടെ പൊലീസ് കേരളത്തെ നാണം കെടുത്തിയെന്നും പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനമുണ്ടെന്നും പറഞ്ഞ ആനി രാജയ്ക്ക് വേണ്ടിയാണ് പിണറായി വിജയന്‍ ഇപ്പോള്‍ പ്രചരണം നടത്തുന്നത്. അതുതന്നെയാണ് ബിനോയ് വിശ്വത്തിനുമുള്ള മറുപടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment