Advertisment

നെയ്യാറ്റിന്‍കര: അനാഥരായ കുട്ടികള്‍ക്ക് വീടും സംരക്ഷണവും സര്‍ക്കാര്‍ നല്‍കും, അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

New Update

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥനും വീട്ടമ്മയും മരിച്ച സംഭവത്തില്‍ അനാഥരായ കുട്ടികള്‍ക്ക് വീടും സംരക്ഷണവും സര്‍ക്കാര്‍ നല്‍കും. ഇതുസംബന്ധിച്ച അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് സര്‍ക്കാര്‍ വീട് വെച്ചു നല്‍കും. സംരക്ഷണവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Advertisment

publive-image

സര്‍ക്കാരിന്റെ ഉറപ്പില്‍ വലിയ പ്രതീക്ഷയില്ലെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സഹായിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നല്ലതാണ്. അച്ഛനും അമ്മയും ഉറങ്ങുന്ന ഈ മണ്ണില്‍ തന്നെ താമസിക്കാനാണ് ഇഷ്ടം.

ഇതിന് എല്ലാവരും സഹായിക്കണം. പൊലീസും മറ്റും ഇനിയും കള്ളക്കേസെടുത്ത് തങ്ങളെ വേട്ടയാടുമെന്ന് പേടിയുണ്ടെന്നും രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നു.

കുട്ടികള്‍ക്ക് സഹായഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. പഠന ചെലവും യൂത്ത് കോണ്‍ഗ്രസ് വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും അറിയിച്ചു.

അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്.

താന്‍ തീ കൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ കൈകൊണ്ട് തട്ടിയത് കാരണമാണ് തനിക്കും ഭാര്യക്കും തീ പിടിച്ച് പൊള്ളലേറ്റതെന്നും ആശുപത്രിയില്‍ വെച്ച് രാജന്‍ പറഞ്ഞിരുന്നു. മരിച്ച രാജന്റെ മൃതദേഹം മറവുചെയ്യാന്‍ മകന്‍ കുഴിയെടുക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തടയുന്നതിന്റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.

neyyattinkara suicide
Advertisment