രാഷ്ട്രീയ പ്രമുഖന്‍റെ മകനായ നടന്‍ നിഖിലിനുവേണ്ടി സഞ്ചരിക്കുന്ന ജിനേഷ്യം വരുന്നു. 1.75 കോടി വീതം വിലയുള്ള മൊബൈല്‍ ജിംനേഷ്യവും ആഡംബര കാരവനും നടനായി ഒരുക്കുന്നത് കേരളത്തില്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Monday, April 9, 2018

കോതമംഗലം: ലൊക്കേഷന്‍ എവിടെയായാലും പതിവ് വ്യായാമം മുടങ്ങാതിരിക്കാന്‍ ആഡംബര കാരവന് പിന്നാലെ സഞ്ചരിക്കുന്ന ജിനേഷ്യവും സിനിമലോകത്തേക്ക് വരുന്നു. ഇന്ത്യയിലെ ആദ്യത്തെ ചലിക്കുന്ന ജിനേഷ്യം കൂടിയാണിതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

കന്നഡ നടന്‍ നിഖില്‍ കുമാരസ്വാമിക്ക് വേണ്ടി 1.75 കോടി രൂപ വിലയുള്ള ഈ ആഡംബര ജിംനേഷ്യം നിര്‍മിച്ചിരിക്കുന്നത് കോതമംഗലം ഓജസിലാണ്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനും കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമാണ് നിഖില്‍.

ഇദ്ദേഹത്തിനു വേണ്ടി ബെഡ്‌റൂം, റസ്റ്റ് റൂം, ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഓവന്‍ എന്നിവയുള്ള 1.75 കോടിയുടെ ആഡംബര കാരവനും ഇവിടെ പണിയുന്നുണ്ട്. 75 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി കഴിഞ്ഞു.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, അനൂപ് മേനോന്‍, പ്രിയദര്‍ശന്‍ തുടങ്ങി സിനിമാലോകത്തേക്ക് ഉള്‍പ്പെടെ 40 കാരവന്‍ ഓജസില്‍ നിര്‍മിച്ചിട്ടുണ്ട്.

വാഹനത്തേക്കാള്‍ വിലകൂടിയതാണ് ജിനേഷ്യം. ജിനേഷ്യത്തിനു മാത്രം ഒരു കോടി രൂപയും വാഹനത്തിന് 75 ലക്ഷം രൂപയുമാണ് നിര്‍മാണ ചെലവ്. ഏഴ് ലക്ഷം രൂപയുടെ ബോഡി ബൈക്ക് ഉള്‍പ്പെടെ മള്‍ട്ടിപ്പര്‍പ്പസ് ജിം ഉപകരണങ്ങളെല്ലാം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തവയാണ്.

റിമോട്ട് കണ്‍ട്രോള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ജിം, ഡോര്‍, സ്റ്റംപ്പ് എന്നിവ പ്രവര്‍ത്തിക്കുന്നത്. എയര്‍കണ്ടീഷന്റ് ജിനേഷ്യത്തിന്റെ ഇരുവശവും കണ്ണാടിയും താഴെ റബ്ബറൈസ് മാറ്റും മുകളിലും വശത്തു നിന്നും കണ്ണഞ്ചിപ്പിക്കുന്ന എല്‍.ഇ.ഡി. പ്രകാശവും ബോസ് സൗണ്ട് സിസ്റ്റവും കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ്.

ജിനേഷ്യത്തോട് ചേര്‍ന്ന് ആധുനിക സൗകര്യത്തോടെയുള്ള ബാത്തുറൂമും ഉണ്ട്. ജിമ്മിലെ വ്യായാമം കഴിഞ്ഞാല്‍ കുളിക്കാനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹീറ്റര്‍, ഫാന്‍, ഫ്‌ളൈറ്റില്‍ ഉപയോഗിക്കുന്നതരം ക്ലോസെറ്റ്, ഷവര്‍ തുടങ്ങിയവ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യത്ത് നിന്നാണ് മള്‍ട്ടിജിം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. രണ്ട് എല്‍.സി.ഡി. ടെലിവിഷനും പുറംകാഴ്ചയ്ക്കായി സി.സി.ടി.വി. സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. മൂന്നു മാസംകൊണ്ടാണ് ആഡംബര ജിം വാഹനം നിര്‍മിച്ചത്.

ഓജസ് എം.ഡി. ബിജു കുര്യാക്കോസ് തന്നെയാണ് വാഹനത്തിന്റെ ബോഡിയും ജിനേഷ്യവും ഡിസൈന്‍ ചെയ്തിരിക്കുന്നത്. മൊബൈല്‍ ജിം തിങ്കളാഴ്ച രാവിലെ കര്‍ണാടകയിലേക്ക് തിരിക്കും. അച്ഛന്‍ മുന്‍ മുഖ്യമന്ത്രിയും വല്യച്ഛന്‍ മുന്‍ പ്രധാനമന്ത്രിയുമാണെന്ന സവിശേഷതയുള്ള ഏക നടനാണ്‌ നിഖില്‍ .

 

×