Advertisment

എം.ഡി.എം.എയാണ് ഇപ്പോഴത്തെ വില്ലന്‍; മയക്കുമരുന്നിനുള്ള പണം ഇല്ലാതെവരുമ്പോള്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്കാരായി മാറുന്നു, പെണ്‍കുട്ടികളാണെങ്കില്‍ അനാശാസ്യം! അഡിക്ടായി കഴിഞ്ഞാല്‍ സാധാരണഗതിയില്‍ മോചനമില്ല എന്നതാണിതിന്‍റെ അപകടം. ഒടുവില്‍ ജയിലിലോ ആത്മഹത്യയിലോ ചെന്നവസാനിക്കും; നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താം, അതിന് അവരെ അവിശ്വസിക്കാം; ദിവസവും ബാഗുകള്‍ പരിശോധിക്കുക, ഒസിബി പേപ്പറും, ഐബോറിക് തുള്ളിമരുന്നും കണ്ടാല്‍ പിടികൂടുക- നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത്കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ഒരു അധ്യാപികയുടെ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി മാറിയത് അതില്‍ ഉള്‍ക്കൊള്ളുന്ന അപകടാവസ്ഥ ഭയാനകമായതുകൊണ്ടാണ്. അവര്‍ പറയുന്നു: രണ്ടു ജീപ്പുകളില്‍ എക്സൈസുകാര്‍ സ്കൂളിലെത്തിയത് 9 കുട്ടികളുമായാണ്. അവര്‍ ഒരു പെട്ടിക്കടയില്‍ നിന്ന് മയക്കുമരുന്നു വാങ്ങുകയായിരുന്നു. 2 വര്‍ഷമായി സ്ഥിരം ഉപയോഗിക്കുന്നവര്‍. 7 -ാം ക്ലാസ്‌ മുതല്‍ ഈ ജോലി തുടങ്ങിയവര്‍ ഒടുവില്‍ കച്ചവടക്കാരനുമായി മാറി. ഒരു പെണ്‍കുട്ടിയെ ബസില്‍ വച്ചു ശല്യം ചെയ്ത മുതിര്‍ന്ന ആണ്‍കുട്ടികളെയും കൊണ്ട് രണ്ടു പോലീസ് വണ്ടികള്‍ അടുത്ത ദിവസം സ്കൂളിലെത്തി. ഉപദ്രവിച്ചവര്‍ മയക്കുമരുന്നിനടിമപ്പെട്ടവര്‍.

മറ്റൊരു പോലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു അടുത്ത വിളി. പ്ലസ് ടുവിന്‌ പഠിക്കുന്ന പെണ്‍കുട്ടിയെ അനാശാസ്യത്തിനു പിടിച്ചു. അവര്‍ 19 പെണ്‍കുട്ടികളുടെ പേര്‍ പറഞ്ഞു. മയക്കുമരുന്നുപയോഗിക്കുന്നവര്‍. അതു ലഭിക്കാന്‍ ഇരയാകാന്‍ സമ്മതിച്ചുകൊടുക്കുന്നവര്‍. മരുന്നു നല്‍കുന്നവരോടൊപ്പം കറങ്ങാന്‍ പോകുന്നവര്‍. നല്ല കുട്ടികളും പെട്ടുപോകുന്നു. കേരളത്തിന് ഈ ദുരന്തത്തില്‍ നിന്നു മോചനമില്ല. വെള്ളമൊഴുകിപോയിട്ടു ചിറകെട്ടുകയാണ് നമ്മള്‍.


വേദനയോടെ അധ്യാപിക വരച്ചുകാട്ടിയത് നമ്മുടെ സ്കൂളുകളുടെ നേര്‍ ചിത്രമാണ്. പരിഹാരമെന്ത് ? നമ്മുടെ പ്രാണനായ കുഞ്ഞുങ്ങളെ അവിശ്വസിക്കുക. ദിവസവും ബാഗുകള്‍ പരിശോധിക്കുക.


എം.ഡി.എം.എയാണിപ്പോഴത്തെ താരം. ഒ.സി.ബി പേപ്പര്‍ കണ്ടാല്‍ അപകടമെന്നറിയുക. ഒരു വശം കറുത്ത പേപ്പറാണത്. അതു ചുരുട്ടിയാണു കുട്ടികള്‍ കഞ്ചാവു വലിക്കുന്നത്. ഐബോറിക് എന്ന കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നു കണ്ടാല്‍ പിടികൂടുക. മയക്കുമരുന്നു കഴിക്കുമ്പോള്‍ ചുവക്കുന്ന കണ്ണ് വെളുപ്പിക്കുന്നതിനുള്ള മരുന്നാണിത്. സുറുമ എഴുതുമ്പോഴും ശ്രദ്ധിക്കുക - കണ്ണിന്‍റെ ചുവന്ന നിറം മാറ്റാനും സുറുമയെഴുതണം.

കോടിക്കണക്കിനു രൂപയുടെ എം.ഡി.എം.എയാണ് കേരളത്തില്‍ നിന്ന് ഓരോ മാസവും പിടിക്കുന്നത്. നഗരങ്ങളില്‍ നിന്നിപ്പോള്‍ ഗ്രാമങ്ങളിലേക്ക് ഇവ ചേക്കേറിയിരിക്കുന്നു. പന്തളം പോലെയുള്ള സ്ഥലത്ത് നിന്ന് കോടികളുടെ മയക്കുമരുന്നു പിടിച്ചതിന്‍റെ അര്‍ത്ഥം പിന്നെന്താണ് ?


മെത്തലീന്‍ ഡയോക്സി മെത് ആംഫ്റ്റമൈന്‍ (എംഡിഎംഎ) ആണിപ്പോള്‍ സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്നത്. കുറ്റവാളികളെ പിടികൂടിയാല്‍ കനത്ത ശിക്ഷ കിട്ടും. പക്ഷേ ഉപയോഗിച്ചു തകര്‍ന്ന കുഞ്ഞുങ്ങളുടെ ജീവിതങ്ങളെ രക്ഷിക്കാന്‍ ഒരു നിയമത്തിനുമാവില്ല.


1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്റ്റ്, 1988 ലെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്കിംഗ് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് ആക്റ്റ് എന്നിവയാണ് നമ്മുടെ നിയമങ്ങള്‍.

എം.ഡി.എം.എ തലച്ചോറിലെ സെറോട്രോണ്‍ തലത്തെ ബാധിക്കുന്നു. സെറോട്രോണ്‍ ഒരു ന്യൂറോ ട്രാൻസ്മിറ്റർ ആണ്. വികാരങ്ങളെ മാറ്റിമറിക്കുന്നു. സ്വന്തമായി ഒരു സാമ്രാജ്യം സൃഷ്ടിക്കപ്പെടുന്നു. രണ്ടു മൂന്നു ദിവസം ലഹരി തുടരുന്നു. മണമില്ല. സാധാരണ പരിശോധനയില്‍ പിടിക്കാനാവില്ല. രക്ഷാകര്‍ത്താക്കളെ കബളിപ്പിച്ച് ലഹരിയുടെ ലോകത്ത് ആറാടാം. പുസ്തകത്തില്‍ കണ്ണു നട്ടുകൊണ്ട് മറ്റൊരു സാമ്രാജ്യത്തില്‍ വിരാജിക്കാം.


1913 ല്‍ ഭക്ഷണമായി വില്‍ക്കാന്‍ ജര്‍മ്മനിയില്‍ പേറ്റന്‍റ് നേടിയതാണീ സാധനം. 1953 ല്‍ അമേരിക്കന്‍ സൈന്യം നിണനീരായി (സെറം) ആയി ഉപയോഗിച്ചത്രെ. എന്തായാലും 1985 ല്‍ ഇത് മയക്കുമരുന്നന്‍റെ പട്ടികയില്‍പെടുത്തി നിരോധിച്ചു.


എം.ഡി.എം.എ ആദ്യമായി ഉപയോഗിച്ച മനുഷ്യന്‍ പല കീടനാശിനികള്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഷുള്‍ഗിന്‍ ആണെന്ന് എം.ഡി.എം.എയുടെ ചരിത്രം തെരഞ്ഞാല്‍ കണ്ടെത്താം. എന്തായാലും ജര്‍മ്മനിയും അമേരിക്കയും ഷുല്‍ഗിനും കൂടി ലോകത്തിനു നല്‍കിയ ഒന്നൊന്നര പണിയായിപ്പോയി എം.ഡി.എം.എ.

ഇതുവരെ മദ്യപാനത്തിനെതിരായിരുന്നു നമ്മുടെ ബോധവല്‍ക്കരണം. ഇനി മയക്കുമരുന്നില്‍പ്പെടാതിരിക്കാന്‍ കുട്ടികളെ കള്ളു കുടിപ്പിച്ചു പഠിപ്പിക്കൂ എന്നു ചിന്തിക്കേണ്ട കാലം വരുമോ, എന്തോ ? കഞ്ചാവും കറുപ്പുമൊക്കെ പിന്‍നിരയിലേക്കു മാറിക്കഴിഞ്ഞു. ബ്രൗണ്‍ഷുഗര്‍ നമ്മുടെ കുട്ടികള്‍ക്കു മുതലാവില്ല. അതൊക്കെ പണക്കാരുടെ പിള്ളേര്‍ക്കു പറഞ്ഞിട്ടുള്ളതാണ്. അവിടെയാണ് എം.ഡി.എം.എ.യുടെ കടന്നു വരവ്. വന്‍ തുക വേണ്ട. പക്ഷേ അതിനുള്ള പണം ഇല്ലാതെവരുമ്പോള്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്കാരായി മാറുന്നു. അഥവാ, മാഫിയകള്‍ അവരെ അങ്ങിനെ മാറ്റുന്നു. പെണ്‍കുട്ടികളാണെങ്കില്‍ അനാശാസ്യം.


അഡിക്ടായി കഴിഞ്ഞാല്‍ സാധാരണഗതിയില്‍ മോചനമില്ല എന്നതാണിതിന്‍റെ അപകടം. ഒടുവില്‍ ജയിലിലോ ആത്മഹത്യയിലോ ചെന്നവസാനിക്കും. തുടക്കത്തില്‍ കണ്ടെത്തിയാല്‍ നമുക്ക് ഒരുകൈ നോക്കാം. ഇതിനാണ് അധ്യാപകര്‍ പറയുന്നത് 'നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ അവിശ്വസിക്കൂ' എന്ന്.


കോവി‍ഡ് കാലത്ത് നീര്‍ഘനാള്‍ മദ്യഷാപ്പുകള്‍ അടച്ചിട്ടതാണോ കുട്ടികള്‍ മയക്കുമരുന്നിന്‍റെ ലോകത്തേക്കു കൂട്ടമായി കടന്നതെന്നറിയില്ല. സ്ഥിതിവിവര കണക്കും ഇല്ല. പക്ഷേ വല്ലപ്പോഴും പാത്തും പതുങ്ങിയും ബിയര്‍ അടിച്ചിരുന്നവരാണിപ്പോള്‍ എം.ഡി.എം.എ. അന്വേഷിച്ചിറങ്ങുന്നത് !

തുറന്നുപറച്ചിലിന് ആ അധ്യാപികയോടു നന്ദി പറയണം. കാരണം സ്കൂളിന്‍റെ സല്‍പ്പേരോര്‍ത്ത് സാധാരണ അധ്യാപകര്‍ ഇതൊന്നും പുറത്ത് പറയാറില്ല. എയ്‌ഡഡ്‌ സ്കൂളാണെങ്കില്‍ രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ കൂട്ടത്തോടെ സ്കൂള്‍ മാറ്റിക്കളയും. ഡിവിഷന്‍ ഫാളിന്‍റെ ഇര അധ്യാപകരാണല്ലോ. അണ്‍ എയ്‌ഡഡാണെങ്കില്‍ പണിപോയിക്കിട്ടും. സ്കൂളിന്‍റെ സല്‍പേരു തകര്‍ത്തതിന്. തൊഴുത്തു മാറ്റിക്കെട്ടലാണിതെന്ന് നമ്മുടെ രക്ഷകര്‍ത്താക്കളെന്ന മണ്ടന്‍മാര്‍ക്കറിയില്ലല്ലോ. തൊഴുത്തു മാറ്റിക്കെട്ടിയ എത്ര പശുക്കളാണ് കൂടുതല്‍ പാല്‍ തരുന്നത് ? ആരും അതൊന്നും ചിന്തിക്കാറില്ല.

ഇതു വായിച്ചാരും വേവലാതിപ്പെടേണ്ട. വീട്ടില്‍ പോയി കുട്ടികളുടെ ബാഗു പരിശോധിച്ചാല്‍ മതി. ദിവസവും. അവരും രക്ഷപെടും; നിങ്ങളും; നമ്മളും.

Advertisment