Advertisment

ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് കാനത്തിന്‌ ഒരു തവണ കൂടി സെക്രട്ടറിയാകാം, പക്ഷേ ശക്തി തെളിയിക്കാന്‍ കെ.ഇ. ഇസ്മയില്‍ വിഭാഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൂടായ്കയില്ല; പ്രായപരിധിവച്ച് ഇസ്മയിലിനെ സംസ്ഥാന നേതൃത്വത്തില്‍ നിന്നു തട്ടാനാണ് കാനം വിഭാഗത്തിന്‍റെ ശ്രമം, അതു ഫലിക്കുമെന്നു വന്നാല്‍ കെ.ഇ. വെറുതെ ഇരിക്കില്ല, വെളിയത്തിന്‍റെ കാലത്ത് സര്‍വപ്രതാപിയായി തിളങ്ങിയ നേതാവല്ലേ! എന്തായാലും സി.പി.ഐയിലും വിഭാഗീയത മറനീക്കി പുറത്തു വന്ന സ്ഥിതിക്ക് സംസ്ഥാന സമ്മേളനം കൊഴുക്കും- നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

സി.പി.എമ്മിലെ ഗ്രൂപ്പിസത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അത് പൊട്ടിയൊലിച്ചത് 1998 ല്‍ പാലക്കാട് സംസ്ഥാന സമ്മേളനത്തോടെയാണ്. സി.ഐ.ടി.യു ലോബിയും വി.എസ്. അച്യുതാനന്ദന്‍ ഗ്രൂപ്പും അന്നു നേര്‍ക്കുനേര്‍ പടവെട്ടി. 1954 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആവിര്‍ഭവിച്ച ഗ്രൂപ്പിസം 1964 ല്‍ പിളര്‍പ്പിലാണ് അവസാനിച്ചത്. അന്ന് കോണ്‍ഗ്രസിനോടുള്ള സമീപനമായിരുന്നു തര്‍ക്കവിഷയം പ്രധാനമായും. 1968 ല്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തോടെ കൂടുതല്‍ കേഡര്‍മാരെ ആകര്‍ഷിച്ച് സി.പി.എം. ശക്തിയാര്‍ജിച്ചു. പിളര്‍പ്പിന്‍റെ തുടക്കത്തില്‍ അറച്ചു നിന്ന ഇ.എം.എസ് സി.പി.എമ്മിലേക്കു ചേക്കേറിയതോടെയായിരുന്നു അത്.

16 -ാമത് സി.പി.എം. സമ്മേളനം പാലക്കാട്ടു നടന്നപ്പോള്‍ സംസ്ഥാന സമിതിയിലേക്കു 537 പ്രതിനിധികള്‍ വോട്ടു ചെയ്തു. 10 മണിക്കൂര്‍ നീണ്ട വോട്ടെടുപ്പില്‍ വി.എസിന്‍റെ പാനലാണ് വിജയിച്ചത്. എം.എം. ലോറന്‍സും വി.ബി. ചെറിയാനും കെ.എന്‍. രവീന്ദ്രനാഥുമൊക്കെ തോറ്റത് ചരിത്രം. അന്ന് ഇ.എം.എസിന് 525 വോട്ടു ലഭിച്ചപ്പോള്‍ ഇ.കെ. നായനാര്‍ക്ക് 528 വോട്ടു കിട്ടിയതും ചരിത്രം.


പിന്നീട്, അന്ന് വി.എസിനൊപ്പമുണ്ടായിരുന്ന പിണറായി, കോടിയേരി, എം.എ ബേബി വിഭാഗം ഒന്നിച്ചു നിന്ന് വി.എസിനെ മലര്‍ത്തിയടിച്ചതോടെയാണ് വിഭാഗീയത ഇല്ലാതായത്.


ഈ വഴിക്ക് സി.പി.ഐ.യും നീങ്ങുകയാണെന്നു വേണം കരുതാന്‍. കേരളത്തിലെ പാര്‍ട്ടി ഏറെനാളായി കാനം രാജേന്ദ്രന്‍റെ കൈകളിലാണ്. ഭരണത്തിലേറില്ലെന്നു പ്രതിജ്ഞചെയ്ത കാനം ചെറുപ്പക്കാര്‍ക്ക് ആദര്‍ശ പുരുഷനുമാണ്.

കാനം നേരത്തേ സെക്രട്ടറി ആകേണ്ടതായിരുന്നു. കേന്ദ്രം സി. ദിവാകരന്‍റെ പേര്‍ നിര്‍ദേശിച്ചപ്പോള്‍ കേരളത്തിലെ ഭൂരിപക്ഷവും കാനത്തിനൊപ്പമായിരുന്നു അന്ന്. അനുരഞ്ജന സ്ഥാനാര്‍ത്ഥിയായി പന്ന്യന്‍ രവീന്ദ്രന്‍ വന്നു. സ്വതവേ ശാന്തനും 'അടി തട' അറിയാത്തവനുമായ പന്ന്യന് ഏറെക്കാലം പിടിച്ചുനില്‍ക്കാനായില്ല. അങ്ങനെ സെക്രട്ടറിയായ കാനം കഴിഞ്ഞ രണ്ടു തവണയും സെക്രട്ടറി സ്ഥാനത്തു തുടര്‍ന്നു. ഇക്കുറി ഒരു തവണകൂടി സെക്രട്ടറിയാവാം, ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും.

കാനം - കെ. ഇ ഗ്രൂപ്പുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്. കാനത്തിന്‍റെ തട്ടകത്തില്‍ കോട്ടയത്ത് കെ.ഇ. വിഭാഗം കരുത്തു കാട്ടി. ഇടുക്കിയില്‍ കാനത്തെ തോല്‍പ്പിച്ചു മറുവിഭാഗം വിജയിച്ചതോടെ തോറ്റ ഇ.എസ്. ബിജിമോള്‍ ആദ്യമായി പരസ്യ വെടിപൊട്ടിച്ചു കഴിഞ്ഞു.


ഇതുവരെ ഉള്‍പാര്‍ട്ടി പ്രശ്നമായി കിടന്ന ഗ്രൂപ്പിസത്തെ വലിച്ചു പുറത്തുവിട്ടത് ബിജിമോളാണ്. അതില്‍ അവരെ അഭിനന്ദിക്കാം. ലോക കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ മൂടോടെ വെട്ടിക്കളഞ്ഞ ഗോര്‍ബച്ചേവ് മരിച്ചതിനൊപ്പമെന്നത് വിധിയുടെ വിളയാട്ടം.


തിരുമേനിമാരുടെ മുമ്പില്‍ മുട്ടുമടക്കില്ലെന്നാണ് ബിജിമോള്‍ പ്രഖ്യാപിച്ചത്. ഇനി സി.പി.ഐയിലെ തിരുമേനി ആരെന്നതാണ് പ്രശ്നം. ഇസ്മയിലിനൊപ്പം നമ്പൂതിരി പ്രശസ്തരാരുമില്ല. ഉള്ളത് വി.എസ്. സുനില്‍ കുമാര്‍, കെ. പ്രകാശ് ബാബു, സി. ദിവാകരന്‍ തുടങ്ങിയവരാണ്. കാനത്തിന്‍റെ വലം കൈ മന്ത്രിമാരായ കെ. രാജനും പി. പ്രസാദുമാണ്. ഇടുക്കിയിലെ കെ.കെ. ശിവരാമനാകട്ടെ കെ.ഇ. ഗ്രൂപ്പാണെങ്കിലും നമ്പൂതിരിയല്ല. അപ്പോള്‍ പ്രയോഗം ആലങ്കാരികമാണെന്നര്‍ത്ഥം.

സി.പി.ഐ.യില്‍ ആകെ പുരുഷാധിപത്യമെന്നാണ് ബിജിമോളുടെ ഇപ്പോഴത്തെ തിരിച്ചറിവ്. (ഏതു പാര്‍ട്ടിയിലാണ് അതില്ലാത്തതെന്ന ചോദ്യം ഉത്തരമില്ലാതവിടെ കിടക്കട്ടെ). ഇടുക്കി തെരഞ്ഞെടുപ്പില്‍ 7 വോട്ടുകള്‍ക്കാണ് ബിജിമോള്‍ തോറ്റത്. 43 വോട്ടു നേടി കെ.ഇ - ശിവരാമന്‍ ഗ്രൂപ്പില്‍പെട്ട കെ. സലിം കുമാര്‍ വിജയിച്ചു.

വനിതയായ തന്നെ ജില്ലാ സെക്രട്ടറിയാക്കണമെന്നു പന്ന്യന്‍ രവീന്ദ്രന്‍ പല തവണ നിര്‍ദ്ദേശിച്ചിട്ടും തന്നെ അട്ടിമറിച്ചെന്നാണ് ബിജിമോളുടെ പരാതി. വനിതയായതുകൊണ്ടു മാത്രം ജില്ലാ സെക്രട്ടറിയാകാനാവില്ലെന്ന് ശിവരാമന്‍ തിരിച്ചടിച്ചു. കാനം വിഭാഗത്തിലെ ശക്തന്‍ മന്ത്രി പി. പ്രസാദാകട്ടെ വനിതാ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ആവശ്യത്തിനുണ്ടെന്നും വനിതകള്‍ അവഗണിക്കപ്പെടുന്നില്ലെന്നും ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനും നോക്കി.

കാനത്തിന്‍റെ നഷ്ടം കൊല്ലം ജില്ലയാണ്. പാര്‍ട്ടിയുടെ രാജ്യത്തെ ഏറ്റവും വലിയ ജില്ലാ ഘടകമാണ് കൊല്ലം. അവിടെ കാനം വിരുദ്ധര്‍ക്കാണ് ഭുരിപക്ഷം. പി.എസ്. സുപാല്‍ കാനം പക്ഷത്തേക്കു ചരിഞ്ഞപ്പോഴാണ് സെക്രട്ടറിയായതെന്ന് കേള്‍ക്കുന്നുണ്ട്. പക്ഷെ അല്ലാതെ തന്നെ സുപാല്‍ ജയിക്കുമായിരുന്നല്ലോ. കഴി‍ഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റയാളെ കാനം ഇടക്കാലത്ത് ജില്ലാ സെക്രട്ടറിയാക്കിയതാണ് കൊല്ലം കാനത്തിനു നഷ്ടപ്പെടാന്‍ കാരണം.

ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് കാനത്തിന് ഒരു തവണ കൂടി സെക്രട്ടറിയാകാം. പക്ഷേ ശക്തി തെളിയിക്കാന്‍ കെ.ഇ. വിഭാഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൂടായ്കയില്ല. സി.പി.ഐ.യില്‍ കാരാട്ട് - യെച്ചൂരിമാരില്ല. ആകെയുള്ളത് രാജയും ആനിയുമാണ്. ആനിയെ ഇവിടുത്തെ നേതാക്കള്‍ക്കു കണ്ടുകൂടാ.


ഇടക്കിടെ അവര്‍ ഡല്‍ഹിയില്‍ പൊട്ടിക്കുന്ന വെടിക്ക് സി.പി.എമ്മിനോട് മറുപടി പറ‍ഞ്ഞു വിയര്‍ക്കുന്നത് (ഉഭയകക്ഷി ചര്‍ച്ചയില്‍) ഇവിടുത്തെ നേതാക്കളാണ്.


ദുര്‍ബലനായ ജനറല്‍ സെക്രട്ടറിയായാണ് ഡി. രാജയെ പാര്‍ട്ടിക്കാര്‍ പോലും കരുതുന്നത്. ഇവിടുത്തെ നേതാക്കളെ രാജ മൈന്‍ഡ് ചെയ്യാറില്ല. ബിനോയ് വിശ്വത്തെ പോലും അവഗണിക്കുന്നു എന്ന പരാതി കേരള നേതൃത്വത്തിനുണ്ട്. ഭാര്യയുടെ പരദൂഷണം കേട്ടിട്ടാണിതൊക്കെയെന്ന് അടക്കം പറയുന്നവരും കുറവല്ല.


പ്രായപരിധിവച്ച് ഇസ്മായിലിനെ സംസ്ഥാന നേതൃത്വത്തില്‍ നിന്നു തട്ടാനാണ് കാനം വിഭാഗത്തിന്‍റെ ശ്രമം.


അതു ഫലിക്കുമെന്നു വന്നാല്‍ കെ.ഇ. വെറുതെ ഇരിക്കില്ല. വെളിയം ഭാര്‍ഗവന്‍റെ കാലത്ത് സര്‍വപ്രതാപിയായി തിളങ്ങിയ നേതാവല്ലേ. പാര്‍ട്ടിക്കാര്‍ക്കും പ്രിയങ്കരന്‍. അപേക്ഷകളില്‍ ഉത്തരവിട്ട് അപേക്ഷകനു നല്‍കുന്ന ആദ്യ റവന്യൂ മന്ത്രി. ഇപ്പോള്‍ അണികള്‍ക്കു സെക്രട്ടറിയറ്റില്‍ കയറണമെങ്കില്‍ നൂറു വിളിക്കണം. മന്ത്രിമാരില്‍ പലരും അണികളെ മൈന്‍ഡുചെയ്യാറുമില്ല. ഭരണത്തിന്‍റെ കൊ ഓര്‍ഡിനേഷന്‍ കെ. പ്രകാശ് ബാബുവിന്‍റെ പക്കലാണ്. പക്ഷേ കാനം അടുത്തകാലത്തായി പ്രകാശ് ബാബുവിന് മൂക്കുകയറും ഇട്ടുകഴിഞ്ഞതായാണ് അണികള്‍ പറയുന്നത്.

എന്തായാലും സി.പി.ഐയിലും വിഭാഗീയത മറനീക്കി പുറത്തു വന്ന സ്ഥിതിക്ക് സംസ്ഥാന സമ്മേളനം കൊഴുക്കും, കളറാവും, സംശയമില്ല.

Advertisment