Advertisment

വധശ്രമവും പോക്സോയും പോലീസ് പ്രതികാരത്തിനുപയോഗിക്കുന്ന 2 സ്ഥിരം അസംസ്കൃത വിഭവങ്ങൾ. വഞ്ചിയൂര്‍ പോലീസ് പോക്സോ പ്രതിയാക്കി 10 വർഷം കളഞ്ഞ മുരുകൻ എന്ന ഓട്ടോ ഡ്രൈവറുടെ കഥ സിനിമയെ വെല്ലുന്നത്. പോലീസ് കോടതിയില്‍ സമര്‍പ്പിക്കുന്ന റിമാന്‍ഡു റിപ്പോര്‍ട്ടു വായിച്ചാല്‍ ഏതു പ്രതിയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ അളിയനാണെന്ന് തോന്നിപ്പോകും. ഇതു വായിച്ചും വായിക്കാതെയും റിമാന്‍ഡഡ് എന്നെഴുതുന്ന മജിസ്ട്രേറ്റുമാരാണ് കൂടുതലും. പിന്നെ റോഡ് കീഴടക്കുന്ന കമാനങ്ങളും - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ആരു ഭരിച്ചാലും പോലീസ് നന്നാകുമെന്നു തോന്നുന്നില്ല. ഭരണം രാഷ്ട്രീയക്കാര്‍ കൈയ്യിലെടുത്തതോടെ ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്കു പുറത്ത് എന്നതാണ് കാക്കിക്കാരുടെ അവസ്ഥ. അങ്ങനെയുള്ള രണ്ട് അവസ്ഥകളേക്കുറിച്ച് - അനങ്ങാപ്പാറയും അതിക്രമവും - എഴുതാതിരിക്കാന്‍ വയ്യാ..

കേരളത്തില്‍ പൊതുവെ ഇടുങ്ങിയവയാണ് റോഡുകള്‍. ആ റോഡുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈയ്യടക്കാറുണ്ട്. അതിന്‍റെ ദുരിതം ചെറുതല്ല.

രാഹുല്‍ ഗാന്ധിക്കു പിറകില്‍ ജോഡോ യാത്രയിലെ 60 കണ്ടയ്നറുകള്‍ ക്യൂവായി പോകുമ്പോള്‍ എത്ര മണിക്കൂറാണ് ജനം റോ‍ഡില്‍ കുരുങ്ങിപ്പോകുന്നതെന്നോര്‍ക്കാതിരിക്കാം. അവര്‍ ഭാവിയില്‍ നമ്മെ ഭരിക്കേണ്ടവരല്ലേ.


പക്ഷെ ക്ലബ്ബുകാര്‍ നാട്ടില്‍പുറങ്ങളില്‍ ഷൈന്‍ ചെയ്യാന്‍ വെക്കുന്ന കമാനങ്ങള്‍ ആളെ കൊല്ലികളായാലോ ! കുറ്റക്കാര്‍ക്കെതിരെ കേസുപോലും എടുക്കാതെ പോലീസ് അനങ്ങാപ്പാറയായാലോ ?


publive-image

നെയ്യാറ്റിന്‍കര - പൂവാര്‍ റോഡില്‍ ഓലത്താനി കവിത ജംഗ്ഷനു സമീപം നവകേരള ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്‍റെ കമാനം നിര്‍മ്മിച്ച നെല്ലിമൂട് സ്വദേശി മണിയനാണ് ആരുടെയും അനുമതി ഇല്ലാതെ നിര്‍മ്മിച്ചത്.

ഇരുമ്പു കമ്പികളായിരുന്നു കമാനത്തില്‍. അഴിച്ചിറക്കുന്നതിനിടെ അതുവഴി യാത്രചെയ്ത പൊഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ലേഖ (44) മകള്‍ വിശ്വഭാരതി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിനി അനുഷ (15) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ലേഖയുടെ കീഴ്ച്ചുണ്ട് മുറുഞ്ഞു തൂങ്ങിയിരുന്നു. ഇരുമ്പു പൈപ്പു വീണു കഴുത്തിനും തലക്കും ഗുരുതര മുറിവുകളുണ്ടായി. അനുഷ്കയുടെ മൂക്കാണു മുറിഞ്ഞത്. അപകടത്തിന്‍റെ മറവില്‍ കമാനക്കാര്‍ അതും പൊളിച്ചു കടന്നുകളഞ്ഞു.

സെപ്തംബര്‍ 11 നായിരുന്നു സംഭവം. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലുമായിരുന്നു ചികിത്സ.


വഴിനടക്കുന്നവന്‍ പട്ടിയെ എറിഞ്ഞാല്‍ ഓടിച്ചിട്ടു എറിഞ്ഞവനെ പിടിക്കുന്ന പോലീസ് അനങ്ങിയില്ല. ചട്ടപ്പടി 14 ന് പരാതി എഴുതികിട്ടിയപ്പോഴാണ് കേസെടുത്തത്. പക്ഷെ പ്രതികളില്ല. ഇതെന്തു പോലീസ് ? ഇതാണ് നെയ്യാറ്റിന്‍കരയിലെ അനങ്ങാപ്പാറ പോലീസ്.


publive-image

എന്നാല്‍ മുരുകനെന്ന ഓട്ടോഡ്രൈവറുടെ കാര്യത്തില്‍ എത്ര ഉഷാറായാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നോ. സി.ഐ.ടി.യുക്കാരനായിട്ടും പിണറായി പോലീസ് മുരുകനോട് കരുണ കാട്ടിയില്ല. ഓട്ടോറിക്ഷക്കാര്‍ പോലീസ് സ്റ്റേഷനില്‍ പേര് എഴുതി ഇടണമത്രെ.

അതിനെത്തിയ മുരുകന്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷനുള്ളിലെ നിലവിളി കേട്ടു. രണ്ടു വിദ്യാര്‍ത്ഥികളെ പോലീസ് ഇടിക്കുന്നു. പോലീസ് വണ്ടിക്കു സൈഡു കൊടുക്കാത്തതിനായിരുന്നു ഇടി. ഇടിക്കാര്യം മുരുകന്‍ പോലീസ് കമ്മീഷണറാഫീസില്‍ വിളിച്ചു പറഞ്ഞു. രണ്ടു പോലീസുകാര്‍ പിന്നീടെത്തി വിവരവും ശേഖരിച്ചു.


ഇതിനിടെ മുരുകന്‍റെ ഓട്ടോയും ഒരു വിദ്യാര്‍ത്ഥിയുടെ സൈക്കിളുമായി ഉരസി. ഇതിനെ പോക്സോ കേസാക്കി തമ്പാനൂര്‍ പോലീസ് കേസെടുത്തു. അറസ്റ്റ്, ജയില്‍. പോക്സോ കേസല്ല തങ്ങള്‍ നല്‍കിയതെന്ന് വിദ്യാര്‍ത്ഥി തന്നെ പറഞ്ഞതോടെ വെറുതെ വിട്ടു. മുരുകന്‍ പത്രസമ്മേളനം വിളിച്ചു പോലീസിനെതിരെ പരാതി പറഞ്ഞു.


അടുത്തത് വഞ്ചിയൂര്‍ പോലീസിന്‍റെ ഊഴമായിരുന്നു. പെറ്റിക്കേസുണ്ടെന്നു പറഞ്ഞാണ് മുരുകനെ വിളിപ്പിച്ചത്. അവിടെത്തിയപ്പോള്‍ കഥ മാറി. അവിടെയും പോക്സോ തന്നെ.

തുടക്കത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പം നിന്നു. രണ്ടാമത്തെ പോക്സോ കൂടിയായപ്പോള്‍ ആരും നോക്കിയില്ല. ജാമ്യക്കാരെ കിട്ടിയില്ല. മാസങ്ങള്‍ ജയിലില്‍ കിടന്നു. കേസ് പോക്സോ ആയതിനാല്‍ ഭാര്യയും മകളും അപമാനിക്കപ്പെട്ടു. മാസങ്ങള്‍ക്കു ശേഷം രണ്ടു സുഹൃത്തുക്കള്‍ ജാമ്യത്തിലിറക്കി.


ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ രാത്രി ഉറക്കം. ക്ഷേത്രക്കുളത്തില്‍ കുളി. പോക്സോ കേസ് പ്രതിയെന്നറിഞ്ഞതോടെ കിടക്കാനിടമില്ലാതായി. കടത്തിണ്ണകളില്‍ ആരും കയറ്റാതെയായി. രാത്രി ബസില്‍ നാഗര്‍കോവിലിലേക്ക്. പിന്നെ മടക്കം. അതായിരുന്നു രാത്രി ഉറക്കത്തിന്‍റെ അഭയകേന്ദ്രങ്ങള്‍.


വര്‍ഷങ്ങളുടെ വിചാരണ. എസ്.ഐ പറഞ്ഞിട്ടാണ് കള്ളസാക്ഷി പറഞ്ഞതെന്ന് വര്‍ഷങ്ങളോളം പോലീസ് സ്റ്റേഷന്‍ ശുചീകരിക്കുന്ന സ്ത്രീ കോടതിയില്‍ പറഞ്ഞു.

തെളിവായി ഹാജരാക്കിയ അടിവസ്ത്രങ്ങള്‍ തെരുവില്‍ നിന്നു വാങ്ങിയതാണെന്നും തെളിഞ്ഞു. മുരുകനെ വെറുതെ വിട്ട കോടതി പോലീസിനെ നിശിതമായി വിമര്‍ശിച്ചു. പക്ഷെ നഷ്ടപ്പെട്ട 10 വര്‍ഷങ്ങള്‍ മുരുകന് ആരു തിരിച്ചു നല്‍കും ?


വധശ്രമവും പോക്സോയും പ്രതികാരത്തിനുപയോഗിക്കാവുന്ന അസംസ്കൃത വിഭവങ്ങളാണെന്ന് പോലീസിന് നന്നായറിയാം. മുമ്പൊക്കെ വഴിയരികില്‍ കിടന്നുറങ്ങുന്ന പാവങ്ങളെ പിടിച്ചുകൊണ്ടുപോയി തെളിവില്ലാതെ കിടക്കുന്ന കേസെല്ലാം തലയില്‍ കെട്ടിവച്ച് മേനി നടിക്കുന്ന പതിവ് പോലീസിനുണ്ടായിരുന്നു. അതിപ്പോഴും ഉണ്ടോ എന്നറിയില്ല. പക്ഷേ അതിനേക്കാള്‍ പ്രതികാരത്തിന് ഫലപ്രദമാണ് പോക്സോ.


അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുമ്പോള്‍ സമര്‍പ്പിക്കുന്ന റിമാന്‍ഡു റിപ്പോര്‍ട്ടു വായിച്ചാല്‍ ഏതു പ്രതിയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ അളിയനാണെന്ന് തോന്നിപ്പോകും. ഇതു വായിച്ചും വായിക്കാതെയും റിമാന്‍ഡഡ് എന്നെഴുതുന്ന മജിസ്ട്രേറ്റുമാരാണ് കൂടുതലും. അതാണത്രെ നിയമം.

കാക്കിക്കുള്ളില്‍ കഴുകന്‍മാരായാല്‍ പ്രജകള്‍ എന്തുചെയ്യും ? പത്തു വര്‍ഷത്തിനു ശേഷം നഷ്ടപ്പെട്ട മാനം തിരിച്ചു പിടിക്കാന്‍ ഒരു മാനനഷ്ട കേസാണ് പോംവഴി. അതിന്‍റെ വിധി വരുമ്പോഴേക്കും പരാതിക്കാരന്‍റെ പുക കണ്ടു കഴിഞ്ഞിരിക്കും.

അല്ലെങ്കില്‍ സ്വാധീനം വേണം. ഒന്നുകില്‍ സി.പി.എം അല്ലെങ്കില്‍ ബി.ജെ.പി. ഇരു കൂട്ടരും പ്രജകളെ സംരക്ഷിച്ചുകൊള്ളും. കോണ്‍ഗ്രസ് അത്രപോരാ.

പണ്ടൊക്കെ കോണ്‍ഗ്രസിന് വിലയുണ്ടായിരുന്നു. ഇപ്പോള്‍ വിലയിടിഞ്ഞിരിക്കുകയാണ്. രാഹുലിന്‍റെ കൂടെ കുറെ നടന്നു കഴിയുമ്പോള്‍ ഇവിടുത്തെ നേതാക്കളുടെ ദുര്‍മേദസൊക്കെ കുറഞ്ഞ് ഉഷാറാകുമായിരിക്കും. ഇതിലൊന്നും പെടാത്ത പ്രജയാണെങ്കില്‍ അവന്‍റെ കാര്യം കട്ടപ്പൊക.


പട്ടി കടിക്കാന്‍ വന്നാല്‍ നിന്നു കടികൊള്ളുക. തല്ലാന്‍ വന്നാല്‍ നിന്നു തല്ലുകൊള്ളുക. നിലവിളികേട്ടാല്‍ കാതു പൊത്തി നടന്നു കൊള്ളുക.


അപരിചിതരായ മൈനര്‍ പിള്ളേരുടെ ഭാഗത്തേക്കു നോക്കുക പോലുമരുത്. എങ്കില്‍ ഒരുവിധം കഷ്ടിച്ചു ജീവിച്ചുപോകാം.

Advertisment