Advertisment

കാലുപിടുത്തക്കാരെക്കൊണ്ട് രാഹുല്‍ പ്രസിഡന്‍റാകണമെന്ന പ്രമേയം പാസാക്കുന്നവർ കഴിഞ്ഞ രണ്ടു വട്ടവും ഒന്നിനൊന്ന് മികച്ച ഭൂരിപക്ഷത്തിൽ മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന് മറക്കരുത്. തരൂരിന് എന്താണ് അയോഗ്യത ? രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ താന്‍ മത്സരിക്കുമെന്നാണ് തരൂരിന്‍റെ പ്രഖ്യാപനം. അതിൽപ്പരം എന്താണ് ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്തത ? കോണ്‍ഗ്രസ് പ്രസിഡന്‍റായും പ്രധാനമന്ത്രിയായും ഉയര്‍ത്തിക്കാട്ടാൻ ഇന്നുള്ള ഏക മേൽവിലാസക്കാരൻ തരൂരാണ്. കോൺഗ്രസിന്റെ ആ പഴയ ദുഷ്പേരും മാറും - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഒരു മലയാളി പ്രസിഡന്‍റേ ഉണ്ടായിട്ടുള്ളു. ചേറ്റൂര്‍ ശങ്കരന്‍ നായര്‍. പ്രസിദ്ധമായ അമരാവതി സമ്മേളനത്തില്‍ വച്ച് 1897 ലാണ് അദ്ദേഹത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്നത്. അഭിഭാഷകനായിരുന്ന അദ്ദേഹം (1857 ജൂലൈ 11 - 1937 ഏപ്രില്‍ 24) 'ഗാന്ധിയും അരാജകത്വവും' എന്ന പുസ്തകമെഴുതി 1922 ല്‍ പ്രസിദ്ധീകരിച്ചു.

ഇപ്പോള്‍ മറ്റൊരു ഗ്രന്ഥകാരന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റാകാന്‍ തയ്യാറെടുക്കുന്നു. ഡോ. ശശി തരൂര്‍ എന്ന മലയാളി. ജി 23 ല്‍ ഉള്‍പ്പെട്ടു എന്നത് അദ്ദേഹത്തിന്‍റെ അയോഗ്യതയാകുന്നില്ല.


എന്നും ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്തത തരൂര്‍ നിലനിര്‍ത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ താന്‍ മത്സരിക്കുമെന്നാണ് തരൂരിന്‍റെ പ്രഖ്യാപനം.


എതിരാളിയായി ഗാന്ധി ഭക്തര്‍ സോണിയയുടെയും രാഹുലിന്‍റെയും പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ രംഗത്തിറക്കുമെന്ന വാര്‍ത്ത വന്നു കഴിഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്‍റാകാന്‍ മാത്രമല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനും തരൂര്‍ പരമയോഗ്യനാണ്. അങ്ങനെയാണു ചെയ്യേണ്ടതും. സോണിയയുടെ അനുമതിയോടെയാണ് തരൂര്‍ മത്സരിക്കുന്നത്.

ഏഴാംകൂലികളെയും പാര്‍ശ്വവര്‍ത്തികളെയും മാത്രമേ കോണ്‍ഗ്രസ് പ്രസിഡന്‍റായും പ്രധാനമന്ത്രിയായും ഉയര്‍ത്തിക്കാട്ടൂ എന്ന ദുഷ്പേരു നീക്കാന്‍ ഗാന്ധി കുടുംബത്തിനു ലഭിക്കുന്ന അസുലഭ സന്ദര്‍ഭമാണ്.

കെ.സി വേണുഗോപാലിനെ സോണിയ ഡല്‍ഹിക്കു വിളിപ്പിച്ചെന്നും വാര്‍ത്ത വന്നു. നല്ലത്. ഏകകണ്ഠമായി സോണിയയുടെ സ്ഥാനാര്‍ത്ഥിയായി തരൂര്‍ തെരഞ്ഞെടുക്കപ്പെടട്ടെ. കോണ്‍ഗ്രസിനു പുതിയ ഊര്‍ജം ലഭിക്കട്ടെ.


കാലുപിടുത്തക്കാരെക്കൊണ്ട് സംസ്ഥാനങ്ങളില്‍ രാഹുല്‍ പ്രസിഡന്‍റാകണമെന്ന പ്രമേയം പാസാക്കുന്ന നാടകം അവസാനിപ്പിക്കുക കൂടി ചെയ്യണം. ആളെ ഇറക്കി എ.ഐ.സി.സി ആസ്ഥാനത്ത് പ്രകടനവും ഉപവാസവുമെന്ന സ്ഥിരം ചവിട്ടുനാടകവും വേണ്ട.


ഒക്കെ പണം കൊടുത്ത് ആളെ ഇറക്കുന്നതാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. പണ്ട് ടി.എം ജേക്കബിന്‍റെ പാര്‍ട്ടി പ്രകടനത്തില്‍ തമിഴില്‍ മുദ്രാവാക്യം വിളിച്ചതായി കേട്ടിട്ടുണ്ട്.

publive-image

കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ അടുത്ത കാലത്തെ പരിപാടി. കൈയ്യിലിരുന്ന പഞ്ചാബിനെ എ.എ.പിക്കു കൊണ്ടു കൊടുത്തു. മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിനെ താഴെയിറക്കി വേസ്റ്റ് പേപ്പറിന്‍റെ പോലും വിലയില്ലാത്ത ചരണ്‍ജിത് ഛന്നിയെ മുഖ്യമന്ത്രിയാക്കിയത് സീറ്റുകള്‍ വാരിക്കോരിയെടുക്കാനായിരുന്നു.

117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു ലഭിച്ചത് 18 സീറ്റ്. ഛന്നി രണ്ടിടത്തും തോറ്റ് കരുത്തു കാട്ടി. എ.എ.പി 92 സീറ്റ് നേടി അധികാരത്തിലെത്തി. ഒടുവിലിതാ സിങ്ങ് ബി.ജെ.പി പാളയത്തിലുമെത്തി.

ആന്ധ്രയാണ് സോണിയയും കൂട്ടരും കളഞ്ഞുകുളിച്ച മറ്റൊരു സംസ്ഥാനം. അച്ഛന്‍ വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയോ പാര്‍ട്ടി നേതാവോ ആകുന്നതിനെ സോണിയ എതിര്‍ത്തു.

സ്വന്തം മകനെ തലപ്പത്തൊക്കെ ഇരുത്തി പരാജയമെന്ന് തെളിയിക്കുന്നതിനിടെയാണ് ഈ കടുംകൈ. 2019 ഏപ്രില്‍ 11 നു നടന്ന തെരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 151 സീറ്റ് നേടി ഒറ്റക്കധികാരം പിടിച്ചു. തെലുങ്കുദേശത്തിലെ ചന്ദ്രബാബു നായിഡുവിന് 23 സീറ്റു മാത്രം കിട്ടി. 175 അംഗ സഭയിലാണിത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒറ്റ സീറ്റു പോലും കിട്ടിയില്ല.


ജഗന്‍ മോഹന്‍ റെഡ്ഡി തെരഞ്ഞെടുപ്പിനു മുമ്പ് സോണിയ ഗാന്ധിയെ കാണാന്‍ ദിവസങ്ങളോളം ഡല്‍ഹിയില്‍ കാത്തു കിടന്നത് അന്നു വാര്‍ത്തയായിരുന്നു. അങ്ങനെ ഓരോ സംസ്ഥാനവും കാലുനക്കികളുടെ മുന്നില്‍ കാഴ്ചവച്ച് കളഞ്ഞു കുളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്.


publive-image

സോണിയ ജീവിതത്തിലെടുത്ത നല്ല ഒരു തീരുമാനം മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കി ഒഴിഞ്ഞു നിന്നതാണ്. അതിനു മുമ്പ് പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റാകാന്‍ പലകുറി ശ്രമിച്ചതാണ്.

തിരുപ്പതി എ.ഐ.സി.സി സമ്മേളനത്തില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ (1992 ഏപ്രില്‍) എന്‍റെ കൈയ്യില്‍ നിന്നാണ് അന്ന് സോണിയാ ഗാന്ധിയുടെ സെക്രട്ടറി വി. ജോര്‍ജിന് ഫാക്സ് ചെയ്യാനുള്ള എല്ലാ രേഖകളും ആന്ധ്ര മലയാളി കോണ്‍ഗ്രസ് നേതാവ് ഡോ. മോഹന്‍ വാങ്ങിയത്. അന്നത്തെ ഉപജാപ സംഘത്തിലെ ഒരംഗമായിരുന്നു ഡോ. മോഹന്‍ എന്ന പട്ടാഴിക്കാരന്‍.


തെരഞ്ഞെടുപ്പുകളില്‍ ജയിച്ചാല്‍ അടുത്ത ടേം. തോറ്റാല്‍ നേതൃമാറ്റം. അങ്ങനെ കസേരപോയവരില്‍ പി.വി നരസിംഹ റാവു, കെ. കരുണാകരന്‍, എ.കെ ആന്‍റണി ഒക്കെ പെടില്ലേ ? പിന്നെന്തേ രാഹുലിന് പ്രത്യേകത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റു തുന്നംപാടി. അതിനാല്‍ രാഹുല്‍ കര്‍ട്ടനു പിന്നിലേക്കു മാറണം. അമ്മയേപ്പോലെ പിന്‍സീറ്റ് ഡ്രൈവിംഗ് ആകാമല്ലോ.


വീണ്ടും ശശി തരൂരിലേക്ക്. സുനന്ദ പുഷ്കര്‍ മരിച്ചപ്പോള്‍ കോടതികയറിയിട്ടും ശശിയെ തിരുവനന്തപുരത്തുകാര്‍ മാത്രമല്ല ലോകം തന്നെ സ്വീകരിച്ചു. എവിടെയും ശശി തരൂരാണ് താരം.

publive-image

എന്‍റെ മകളുടെ വിവാഹത്തിനെത്തിയ ശശി തരൂരിന്‍റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ തള്ളിക്കൂടിയവര്‍ ചെറുപ്പക്കാരായിരുന്നു. വിദ്യാര്‍ത്ഥികള്‍. അവരാണ് ഇന്ത്യ ഇനി ആരു നയിക്കണമെന്നു തീരുമാനിക്കേണ്ടത്.

കേരളത്തിലെ കോണ്‍ഗ്രസിന് പണ്ടേ ശശി തരൂരിനെ കണ്ടുകൂടാ. മന്‍മോഹന്‍ സിംഗിന്‍റെ സ്ഥാനാര്‍ത്ഥിയായിരുന്നു തരൂര്‍. സിംഗ് പറഞ്ഞതുകൊണ്ടു സോണിയ അംഗീകരിച്ചെന്നേയുള്ളു.

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആദ്യം തിരുവനന്തപുരത്തെത്തിയപ്പോള്‍ (2009 മെയ് ലായിരുന്നു അത് ) കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവ് തരൂരിനെതിരെ ഒരു ചെയ്ത്തു ചെയ്തു.

ഇന്ദിരാഗാന്ധിക്കെതിരെ തരൂര്‍ പുസ്തകങ്ങളിലെഴുതിയ ലേഖന ഭാഗങ്ങള്‍ ശേഖരിച്ച് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു എനിക്കു തന്നു. എന്‍റെ പേരില്‍ ഞാനത് പത്രത്തില്‍ അച്ചടിച്ചു. ( അതിന്‍റെ കലിപ്പ് ആ കാലത്ത് ‍ഡല്‍ഹിയില്‍ വച്ച് ചീഫ് എഡിറ്ററോട് അദ്ദേഹം കാണിക്കുകയും ചെയ്തു ).

ഇതൊക്കെയായിട്ടും ടിക്കറ്റില്‍ നിന്നോ വിജയത്തില്‍ നിന്നോ തരൂരിനെ വെട്ടിനിരത്താനായില്ല. കോണ്‍ഗ്രസ് നേതാക്കള്‍ മൊത്തമായും ചില്ലറയായും കാലുവാരിയിട്ടും.

തരൂര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റാവട്ടെ. അത് നല്ല ലക്ഷണമായിരിക്കും അവര്‍ക്ക്.

Advertisment