Advertisment

പണ്ടത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അധികം വിദേശയാത്ര നടത്താത്തവരായിരുന്നു; കാരണം ദാരിദ്ര്യം കണ്ട് ശീലിച്ച കണ്ണുകള്‍ക്ക് വികസനം കുത്തകകളുടെ പ്രതിരൂപമായിരുന്നു! കാലം മാറി, കമ്മ്യൂണിസ്റ്റുകാര്‍ യഥേഷ്ടം വിദേശ സന്ദര്‍ശനവും തുടങ്ങി; അപ്പോഴാണ് പിന്തിരിപ്പന്‍മാര്‍ പിണറായിയുടെയും മന്ത്രിമാരുടെയും യൂറോപ്പ് സന്ദര്‍ശനത്തെ എതിര്‍ക്കുന്നത്; അവര്‍ അവിടുത്തെ സൗകര്യങ്ങള്‍ അനുഭവിക്കട്ടെ ! വെറുതെയിരിക്കുന്ന മന്ത്രിമാരെകൂടി കൊണ്ടുപോകണമായിരുന്നു; അവരും വികസനം പഠിക്കട്ടെ-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ഒരിക്കല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ എന്നോടു ചോദിച്ചു: "നീ ഈയിടെ സിംഗപ്പൂരില്‍ പോയെന്നറിഞ്ഞല്ലോ."

മറുപടി: "പോയിരുന്നല്ലോ"

ഇ.കെ നായനാര്‍: "നീ അവിടുത്തെ വിമാനത്താവളം കണ്ടോ. എന്തു ഗംഭീരം. അതുപോലൊന്നു നമുക്കു കണ്ണൂരില്‍ വെക്കണം."

അധികം വിദേശയാത്ര നടത്താത്തവരായിരുന്നു പണ്ടത്തെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍. ഇവിടുത്തെ ദാരിദ്ര്യവും കഷ്ടപ്പാടുകളും മാത്രം കണ്ടു ശീലിച്ച കണ്ണുകള്‍ക്ക് വികസനം കുത്തകകളുടെ പ്രതിരൂപമായിരുന്നു. അതിനൊരു മാറ്റം വന്നത് അവര്‍ വിദേശ രാജ്യങ്ങള്‍ കണ്ടു തുടങ്ങിയതോടെയാണ്. അന്നൊക്കെ അമേരിക്കയിലോ ജര്‍മ്മനിയിലോ ഇംഗ്ലണ്ടിലോ പോയാല്‍ അവിടുത്തെ മലയാളികള്‍ പറയും: "നമ്മുടെ കേരളത്തിലെ ഭരണാധികാരികളെ ഇവിടമൊക്കെ ഒന്നു കാണിക്കണം."


യുഡിഎഫുകാര്‍ക്ക് പാര്‍ട്ടി നയതന്ത്രങ്ങളില്ലാതിരുന്നതിനാല്‍ അന്നും അവര്‍ അവസരങ്ങള്‍ സൃഷ്ടിച്ചും അല്ലാതെയും വിദേശത്തു ചുറ്റിയടിക്കുമായിരുന്നു. അതല്ലല്ലോ കമ്മ്യൂണിസ്റ്റ് രീതി.


അതുകൊണ്ടാണ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദേശീയ പാത വികസനം മുരടിക്കാന്‍ കാരണം. അന്തര്‍ദേശീയ നിലവാരത്തിലുള്ള ദേശീയപാതയുടെ മധ്യത്തില്‍ കുറെ സ്ഥലം ഇടണം. അവിടെ പൂക്കള്‍ വച്ചു പിടിപ്പിക്കും. അതേക്കുറിച്ചന്നു വി.എസ് പരിഹസിച്ചതിങ്ങനെ: "ദേശീയ പാതയുടെ മധ്യത്തില്‍ പൂന്തോട്ടം നിര്‍മ്മിക്കണമെന്നത്രെ, പൂന്തോട്ടം..."

വിദേശം കണ്ടിട്ടില്ലാത്ത ഭരണാധികാരിയായ വി.എസ് അങ്ങിനെ പറഞ്ഞില്ലെങ്കിലാണ് അത്ഭുതം. ആദ്യമായി ഡല്‍ഹി കണ്ട എ. കണാരന്‍ എം.എല്‍.എ കേരള ഹൗസില്‍ വച്ച് എന്നോടു പറഞ്ഞു : "ഈ കുത്തകകളുടെ പണമൊക്കെ പിടിച്ചെടുത്ത് പാവങ്ങള്‍ക്കു വിതരണം ചെയ്യണം. എങ്കിലേ പട്ടിണി മാറൂ."

ഇതായിരുന്നു അന്നത്തെ കമ്മ്യൂണിസം. കാലം മാറി, കഥ മാറി. കമ്മ്യൂണിസ്റ്റുകാര്‍ വിദേശങ്ങളില്‍ യഥേഷ്ടം സന്ദര്‍ശിക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് ഗള്‍ഫിലെങ്കിലും പോകാത്ത സി.പി.എം കാര്‍ സമ്മേളനങ്ങളില്‍ ഉണ്ടോ എന്ന് സംശയം.


മധുര മനോജ്ഞ ചൈനയാണെങ്കില്‍ ജപ്പാനെയും അമേരിക്കയെയും കടത്തിവെട്ടിയിരിക്കുകയാണ് കച്ചവടത്തില്‍. അവിടെ കമ്മ്യൂണിസം ഭരിക്കുന്നതിനുള്ള (ഏകാധിപത്യ) ഒരേര്‍പ്പാടാണ്. അതാകുമ്പോള്‍ ഒറ്റകക്ഷി മതി. നേതൃത്വത്തെ വിമര്‍ശിച്ചാല്‍ തൂക്കാം. ആരും ചോദിക്കില്ല. ജനാധിപത്യമാണെങ്കില്‍ കോടതിയെന്ന 'ശല്യം' ഉണ്ടാകുമല്ലോ. മാധ്യമങ്ങള്‍ എന്ന ഉപദ്രവങ്ങള്‍ വേറെ.


അപ്പോഴാണ് ഇവിടുത്തെ പിന്തിരിപ്പന്‍മാര്‍ പിണറായിയും മന്ത്രിമാരും യൂറോപ്പ് സന്ദര്‍ശിക്കുന്നതിനെതിരെ കലിതുള്ളുന്നത്. അവിടങ്ങളില്‍ പോയി ആ റോഡുകള്‍ കാണട്ടെ. കെട്ടിടങ്ങള്‍ കാണട്ടെ. പുതിയ സാങ്കേതിക വിദ്യകള്‍ അനുഭവിക്കട്ടെ. എല്ലാം ഇവിടെ നടപ്പാകണമെന്നില്ല. നെതര്‍ലന്‍റിലെ 'റൂം ഫോര്‍ റിവര്‍' എവിടെയെന്നു ചോദിച്ചു ചിലര്‍ പുഛിക്കുന്നുണ്ട്. അതൊക്കെ വന്നോളും. പിണറായി മനസിലാക്കാത്ത കാര്യങ്ങള്‍ പി. രാജീവും വീണാ ജോര്‍ജും മനസിലാക്കിക്കൊള്ളും. അവരല്ലേ നമ്മുടെ ഭാവി ഇനി കരുപ്പിടിപ്പിക്കേണ്ടത്.

publive-image

അവര്‍ വികസനത്തിന്‍റെ പുതിയ ആവേഗങ്ങള്‍ അനുഭവിക്കട്ടെ. ബൂര്‍ഷ്വാ സാമ്പത്തിക ഘടനയുടെ വികസനപരമായ പരിപ്രേഷ്യത്തിന് ബദല്‍ സൃഷ്ടിക്കുക എന്ന കമ്മ്യൂണിസ്റ്റ് ശാസ്ത്രീയ ധാരയില്‍ ഊന്നിയുള്ള തൊഴിലാളി വര്‍ഗ ചിന്ത ഘടനാപരമായി എങ്ങിനെ പുരോഗമന മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് കാലാതിവര്‍ത്തിയായി നടപ്പാക്കുന്നതിനുള്ള പ്രായോഗികവും അപ്രായോഗികവുമായ ചിന്താപദ്ധതികളെ വേര്‍ത്തിരിച്ചെടുത്ത് നടപ്പാക്കുന്നതിനുള്ള ബൗദ്ധിക സ്വാംശീകരണം നടത്താന്‍ പി. രാജീവിനു കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെ വെറുതെയിരിക്കുന്ന കുറെ മന്ത്രിമാരെകൂടി കൊണ്ടുപോകണമായിരുന്നു. അവരും അവിടുത്തെ വികസനത്തെ കാണട്ടെ. പഠിക്കട്ടെ.


എം.എ ബേബിയെപ്പോലെയാണെങ്കില്‍ പോയിട്ടു കാര്യമില്ല. ക്യൂബയും വിയറ്റ്നാമുമൊക്കെ ഇപ്പോഴും പട്ടിണിയിലാ. റഷ്യയില്‍ നിന്നായിരുന്നു മുതലാളിത്ത രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ വേശ്യകളെ ഇറക്കുമതി ചെയ്തിരുന്നത്. അടുത്ത കാലം വരെ.


അതിനാല്‍ സത്യസന്ധമായി നാം പിണറായിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെ പിന്തുണക്കുകയാണു വേണ്ടത്.

ഇനി അഡ‍്വ. എ. ജയശങ്കര്‍ ശൈലിയില്‍ ഈ വിദേശയാത്രയെ ആക്ഷേപഹാസ്യപരമായി ഒന്നു വിലയിരുത്തിയാലോ. ഈ യാത്ര കാലിയായ ഖജനാവിന് ക്ഷതമല്ല ആശ്വാസമാണ് ഏല്‍പ്പിക്കുക. എങ്ങിനയെന്നല്ലേ ?

ആറു ദിവസം മുഖ്യമന്ത്രി കേരളത്തിലാകെ പര്യടനം നടത്തുന്നുവെന്നു വിചാരിക്കുക. ഒരു ദിവസം 44 വാഹനങ്ങള്‍. അതില്‍ അരലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ വാങ്ങുന്ന ഉദ്യോഗസ്ഥര്‍. ഒരു വണ്ടിക്കും അതിലെ ഉദ്യോഗസ്ഥര്‍ക്കും ചെലവ് (ഒരു ദിവസം) 30000 രൂപ എന്നിരിക്കട്ടെ. വണ്ടി വാടക 15000 (ഡീസല്‍ ഉള്‍പ്പെടെ) 4 ഉദ്യോഗസ്ഥര്‍. ഒരാള്‍ക്ക് 3750 രൂപ ശമ്പളവും ചെലവും. 44 വണ്ടിക്ക് പതിമൂന്ന് ലക്ഷത്തി ഇരുപതിനായിരം. കൂടാതെ സെക്യൂരിറ്റിക്ക് 500 പോലീസുകാര്‍. അന്നവര്‍ വേറെ പണി ചെയ്യില്ല. ശരാശരി 1500 രൂപ ശമ്പളം (പ്രതിദിനം) ഏഴ് ലക്ഷത്തി അന്‍പതിനായിരം രൂപ. ആകെ ചെലവ് (പ്രതിദിനം) ഇരുപത് ലക്ഷത്തി എഴുപതിനായിരം രൂപ.


ആറു ദിവസത്തേക്കാവുമ്പോള്‍ ഒരു കോടി ഇരുപത്തി നാല് ലക്ഷത്തി ഇരുപതിനായിരം രൂപ. എങ്ങനെ നോക്കിയാലും പിണറായിയും മന്ത്രിമാരും പോയി വരുമ്പോള്‍ ഇത്രയും ചെലവാകില്ല. എത്ര രൂപയാണ് ഖജനാവിനു നേട്ടം.


ഇതു വായിച്ചപ്പോള്‍ ഇവരൊക്കെ സ്ഥിരമായി വിദേശത്തു നിന്നോട്ടെ, ഖജനാവു രക്ഷപെടുമല്ലോ എന്നു ചിന്തിക്കരുത്. അത് പിന്തിരിപ്പന്‍ ചിന്തയാണ്. ജയശങ്കര്‍ പിന്തിരിപ്പനല്ല.

ഘട്ടം ഘട്ടമായി ചെറുപ്പക്കാരായ എം.എല്‍.എമാരെ കക്ഷിനോക്കാതെ വിദേശത്ത് അയക്കണം. വികസിത രാജ്യങ്ങളിലേക്ക്. പട്ടിണി രാജ്യങ്ങളില്‍ ചെന്ന് ഇനിയും കമ്മ്യൂണിസം പഠിക്കേണ്ട ഗതികേടവര്‍ക്കില്ല. ഇവിടം ഇപ്പോള്‍ വികസിത രാജ്യങ്ങളുടെ ഇന്‍ഡക്സിലാണു കിടക്കുന്നത്.

ഇനിയും വികസിക്കണം അതാണല്ലോ നമ്മുടെ ലക്ഷ്യം. അതിന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുന്‍കൈയ്യെടുക്കണം. സഹായത്തിന് ശശി തരൂരിനെയും കൂട്ടിക്കോ. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കഴിയുന്നതോടെ തരൂരിന്‍റെ തെരക്കൊഴിയും. ഇഷ്ടം പോലെ സമയം കിട്ടുകയും ചെയ്യും.

Advertisment