Advertisment

അര്‍ഹതപ്പെട്ട ഭൂമി നഷ്ടപ്പെട്ടവരില്‍ നഞ്ചമ്മ ഉള്‍പ്പെടെ നിരവധി ആദിവാസികള്‍; വിശപ്പാണ്, ഭൂമിയാണ് അവരുടെ പ്രശ്നം; തട്ടിയെടുക്കപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ അവര്‍ക്കറിയില്ല; മുറുക്കരുതെന്ന് നാം അവരോട് പറയും, വിശപ്പകറ്റാന്‍ മുറുക്കി ചവച്ച് ഇറക്കുന്ന നീരിനുള്ള മാന്ത്രിക വിദ്യ അവര്‍ക്കല്ലേ അറിയൂ! നവജാത ശിശുവിന്‍റെ ഇന്ത്യന്‍ ശരാശരി ഭാരം രണ്ടര കിലോ, അട്ടപ്പാടി ശിശുവിന്‍റേത് ഒരു കിലോ; അവര്‍ക്കു ഗര്‍ഭകാല ശുശ്രൂഷ അറിയില്ല; അവരെയാണ് നാം ചട്ടങ്ങള്‍ പഠിപ്പിക്കുന്നത്-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

New Update

publive-image

Advertisment

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡു നേടിയത് ഇക്കുറി അട്ടപ്പാടിയിലെ ആദിവാസി നാട്ടു പാട്ടുകാരി നഞ്ചമ്മയാണ്. അഗളി നക്കുപതി തിരിവ് ഈരിലെ നഞ്ചമ്മ. 'അയ്യപ്പനും കോശിയും' എന്ന കച്ചവട സിനിമയെ ജനകീയമാക്കിയതില്‍ നഞ്ചമ്മക്കു നിര്‍ണായക പങ്കുണ്ട്. കച്ചവടം അല്ലെങ്കിലും അങ്ങനെയാണല്ലോ.

നഞ്ചമ്മ വെറും ആദിവാസിയാണ്. നഞ്ചമ്മയുടെ ഭര്‍ത്താവ് നഞ്ചപ്പന്‍. നഞ്ചപ്പന്‍റെ അച്ഛന്‍റെ ഭൂമിയിലാണിപ്പോള്‍ അഗളിയില്‍ ഒരു പുതിയ പെട്രോള്‍ പമ്പ് പണിതുകൊണ്ടിരിക്കുന്നത്. തട്ടിയെടുക്കപ്പെട്ട ഭൂമിയിലാണത്. അധികൃതര്‍ക്കറിയാം. ആരും ഒന്നും ചെയ്യുന്നില്ലന്നു മാത്രം.

ഗൂളിക്കടവ് പെട്രോള്‍ പമ്പിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു നഞ്ചപ്പന്‍റെ അച്ഛന്‍. അയാള്‍ 2013 ല്‍ മരിച്ചു. ഭൂമി നഞ്ചപ്പനും നഞ്ചമ്മക്കും അര്‍ഹതപ്പെട്ടത്. തട്ടിയെടുത്ത വിരുതന്‍മാര്‍ ഉടമസ്ഥാവകാശം ഒരു തമിഴന്‍റെ പേരിലാക്കി.

കള്ള പ്രമാണം. അയാളുടെ മകനായി അടുത്ത അവകാശി. അയാളില്‍ നിന്ന് മറ്റൊരു അട്ടപ്പാടികാരന്‍ ഭൂമി വാങ്ങി. ഇതാണു രേഖകള്‍. കള്ള രേഖകള്‍. കാരണം. 2013 ല്‍ മരിച്ച നഞ്ചപ്പന്‍റെ അച്ഛനെ 2019 ല്‍ പ്രതിയാക്കി പോലീസ് കേസെടുത്തു. 2019 ലും അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനായിരുന്നു ഈ കള്ള നാടകം.


അട്ടപ്പാടിയില്‍ അരങ്ങേറുന്ന കള്ള നാടകങ്ങളാണിത്. ആദിവാസി ഭൂമി കൈയ്യേറിയാല്‍ ജാമ്യമില്ലാത്ത കുറ്റമാണ്. ആദ്യം കൈയ്യേറിയവനാണ് പ്രതി. ഇവിടെ പ്രതി നഞ്ചപ്പന്‍റെ മരിച്ചുപോയ അച്ഛനാണ്. അങ്ങനെ മരിച്ചവരെ പ്രതിയാക്കുക എന്ന സ്ഥിരം ഏര്‍പ്പാടാണ് അട്ടപ്പാടിയില്‍. ജീവിച്ചിരിക്കുന്നവര്‍ രക്ഷപെടുമല്ലോ.


വില്ലേജ് ഓഫീസുകള്‍ അഴിമതിയുടെ ഈറ്റില്ലങ്ങളാണ്. ഒടുവിലെ കൈയ്യേറ്റക്കാരനാണ് കരം തീര്‍ത്ത രസീത് ലഭിച്ചത്. അതും വ്യാജ ചീട്ട്; നല്‍കിയത് ഒരു വില്ലേജ് അസിസ്റ്റന്‍റ്. മുകളില്‍ വില്ലേജ് ഓഫീസര്‍. ആദിവാസി സ്ത്രീ. ഇയാള്‍ പറഞ്ഞതനുസരിച്ചാണ് പൊട്ടിയായ ആദിവാസി വില്ലേജ് ഓഫീസര്‍ കരം തീര്‍ത്ത രസീത് നല്‍കിയത്. കേസായപ്പോള്‍ അവന്‍ അവളെയങ്ങു കെട്ടി. ഒത്തുതീര്‍പ്പായി. ഭൂമി നഷ്ടപ്പെട്ടവര്‍ക്കു നഷ്ടം.

നഞ്ചമ്മക്കു മലയാളവും തമിഴും കലര്‍ന്ന മണിപ്രവാളമേ അറിയൂ. ഭൂമി പ്രശ്നം അവര്‍ എല്ലാ മന്ത്രിമാരോടും പറഞ്ഞു. കെട്ടിയൊരുക്കി കൊണ്ടിരുത്തി പാട്ടുപാടിച്ചതല്ലാതെ ആരും ഒന്നും ചെയ്തില്ല. മുര്‍മ്മു പോലും. കാരണം നഞ്ചമ്മ പറഞ്ഞത് അവര്‍ക്കോ അവര്‍ പറഞ്ഞത് നഞ്ചമ്മക്കോ മനസിലായിക്കാണില്ല.

publive-image

കഴിഞ്ഞ ദിവസവും അട്ടപ്പാടിയില്‍ ഒരു നവജാത ശിശു മരിച്ചു. കാരണം അമ്മക്ക് പോഷകാംശമില്ലാതെയായി. ഗൂഡല്ലൂരിലാണ്. കുറച്ചു മുമ്പ് സ്വര്‍ണഗദയിലും മരിച്ചു. 14 വര്‍ഷമായി ഈ മരണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കോട്ടത്തറയില്‍ ഒരു നല്ല ആശുപത്രിയുണ്ടാക്കി സഹായിക്കാന്‍ മന്ത്രിയായിരുന്ന പി.കെ. ശ്രീമതിയും തുടര്‍ന്ന് ഷൈലജ ടീച്ചറും ശ്രമിച്ചതാണ്. ആകെ അപവാദം. ബാക്കിയൊക്കെ സ്വാഹ...

യു.ഡി.എഫ് ഭരണകാലത്ത് ശിശു മരണം നടന്നപ്പോള്‍ ഡോ. ബി. ഇക്ബാലും ഡോ. ജയശ്രീയും (നടി കനിമൊഴിയുടെ അമ്മ അഥവാ മൈത്രേയന്‍റെ ഭാര്യ) വംശഹത്യയായി വിലയിരുത്തി. അതു സത്യം. പക്ഷെ എല്‍.ഡി.എഫ് ഭരണകാലത്ത് ഇതേപോലെ മരണം സംഭവിച്ചപ്പോല്‍ അവര്‍ മുങ്ങിക്കളഞ്ഞു. അമ്മമാര്‍ക്കു പാലു കൊടുക്കാനറിയാത്തതുകൊണ്ടു സംഭവിക്കുന്ന മരണങ്ങളായാണ് എല്‍.ഡി.എഫ് മരണങ്ങളെ ഇക്ബാലും കൂട്ടരും വിലയിരുത്തിയത്.


ഒരു കാര്യം ഓര്‍ക്കണം. നവജാത ശിശുവിന്‍റെ ഇന്ത്യന്‍ ശരാശരി ഭാരം രണ്ടര കിലോ. അട്ടപ്പാടി ശിശുവിന്‍റേത് ഒരു കിലോ. അവര്‍ക്കു ഗര്‍ഭകാല ശുശ്രൂഷ അറിയില്ല. ഗര്‍ഭിണിയാണെന്നറിയാന്‍ മാസങ്ങളെടുക്കും. കുഞ്ഞിന്‍റെ തല പുറത്തു വരാന്‍ തുടങ്ങുമ്പോഴേ പ്രസവിക്കാന്‍ തുടങ്ങുന്നു എന്നവര്‍ക്കറിയൂ.


അവരെയാണ് നാം ചട്ടങ്ങള്‍ പഠിപ്പിക്കുന്നത്. വിവാഹ പ്രായം പോലും അവര്‍ക്കറിയില്ല. അതിന്‍റെ പേരില്‍ എത്ര ആണ്‍കുട്ടികള്‍ ജയിലിലുണ്ടെന്ന് അന്വേഷിക്കൂ. നൂറുകണക്കിനാണ്.

കോട്ടത്തറ ആശുപത്രിയില്‍ ശ്രീമതി ടീച്ചര്‍ എല്ലാ യന്ത്രസാമഗ്രികളും ഒരുക്കി. പക്ഷേ പ്രവര്‍ത്തിപ്പിക്കാനാളില്ല. ഡോക്ടര്‍മാരില്ല. കാശില്ലാത്തവര്‍ക്കഭയം 65 കി.മീ. അകലെയുള്ള പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രി. അട്ടപ്പാടി ആദിവാസികള്‍ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അവര്‍ക്ക് നല്‍കിയത് 8 കോടി. പോരാ എന്നവര്‍. ഉടന്‍ 6 കോടികൂടി നല്‍കും. അങ്ങനെ പൂട്ടിന്‍റെ വക്കിലെത്തിയ ഇ.എം.എസ് ആശുപത്രി രക്ഷപെട്ടു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണ് അതിന്‍റെ നടത്തിപ്പിന്‍റെ ഉന്നതന്‍.

publive-image

30 കി.മീ. ദൂരമുള്ള മണ്ണാര്‍ക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എല്ലാ വിദഗ്ദ്ധ ഡോക്ടര്‍മാരുമുണ്ട്. അത് വികസിപ്പിക്കാതെയാണ് ഇ.എം.എസ് സ്വകാര്യ ആശുപത്രിക്ക് കോടികള്‍ നല്‍കിയത്. ട്രൈബല്‍ വാര്‍ഡ് പോലുമില്ല അവിടെ. പെരിന്തല്‍മണ്ണ എത്തുമ്പോഴേക്കും രോഗി വടിയായിരിക്കും. പെരിന്തല്‍മണ്ണയില്‍ (പകുതി ദൂരത്തില്‍) എം.ഇ.എസ് മെഡിക്കല്‍ കോളജും അല്‍ഷിഫയുമൊക്കെ ഉള്ളിടത്താണ് ഇ.എം.എസിന് പേരുദോഷം വരുത്താനുള്ള ഈ ഏര്‍പ്പാട്.

കത്തി കച്ചവടക്കാരാണ് ഇ.എം.എസ് ആശുപത്രിക്കാര്‍. പാവങ്ങള്‍ കൊണ്ടുവന്ന 500 രൂപ ഭക്ഷണത്തിനു തന്നെ ചെലവാകും. അതു തീരുമ്പോള്‍ കൂട്ടിരിപ്പുകാര്‍ മുങ്ങും. ഭക്ഷണം കിട്ടാതാകുമ്പോള്‍ രോഗിയും. അവര്‍ക്ക് ആനുകൂല്യങ്ങളുടെ അര്‍ഹത ആരും പറയാറില്ല. ബില്ലെഴുതി എടുത്ത് കള്ളക്കണക്കുണ്ടാക്കി ഇ.എം.എസ് ആശുപത്രി നേട്ടം കൊയ്യും.


ഈയിടെ ഇ.എം.എസില്‍ ചികിത്സക്കെത്തിയ കിഡ്നി രോഗിയായ ആദിവാസി മരിച്ചു. കാരണം ഒരു മാസം കഴിഞ്ഞു വരാനാണത്രെ രോഗിയോടു പറഞ്ഞത്.


വിശപ്പാണ്, ഭൂമിയാണ് ആദിവാസിയുടെ പ്രശ്നം. ഭൂമി തട്ടിയെടുക്കപ്പെട്ടു. വീണ്ടെടുക്കാനറിയില്ല. മുറുക്കരുതെന്ന് നാം അവരോട് പറയും. വിശപ്പകറ്റാന്‍ മുറുക്കി ചവച്ച് ഇറക്കുന്ന നീരിനുള്ള മാന്ത്രിക വിദ്യ അവര്‍ക്കല്ലേ അറിയൂ.

ലജ്ജിക്കണം. കെ. രാധാകൃഷ്ണന്‍, വീണ ജോര്‍ജ് നിങ്ങളാണ്‌ ആദ്യം ലജ്ജിക്കേണ്ടത്. കാരണം നിങ്ങളാണ് ഇവരുടെ രക്ഷകര്‍.

Advertisment