Advertisment

ഒന്നാം തരം 'സ്റ്റേറ്റ്സ് മാന്‍' ശൈലിയിലാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ സംസാരിച്ചത്; വിദേശങ്ങളില്‍ പോയി ഭരണവും തന്ത്രജ്ഞതയും രാഷ്ട്രമീമാംസയും എന്തെന്നറിയാവുന്നവരുമായി കുറെ ദിവസം ചെലവഴിച്ചതിന്‍റെ ഗുണം; മന്ത്രിമാരും കരുതലോടെയാണ് സംസാരിച്ചത്‌; എ.കെ.ജി സെന്‍ററില്‍ പ്രായോഗിക ബുദ്ധിയുള്ള ആരോ പണി തുടങ്ങിയിട്ടുണ്ട്! ഇനി ചാനല്‍ ചര്‍ച്ചക്കാരായ മൂന്നാം നിരക്കാരെക്കൂടി ഒന്നു നിലക്കുനിര്‍ത്തണം; ഗവര്‍ണറും അയയണം, ദുരഭിമാനത്തിനുള്ള വേദിയല്ല കേരളമെന്നറിയണം- 'നിലപാടി'ല്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

New Update

publive-image

Advertisment

അനുനയത്തിന്‍റെ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ സംസാരിച്ചത്. അതേതായാലും നന്നായി. ഗവര്‍ണര്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഏജന്‍റാണെന്ന സി.പി.എം വാദം ശരിയെന്നു കരുതാം. അപ്പോള്‍ ആ ഏജന്‍റിന്‍റെ കെണിയില്‍ വീണ് ഉള്ള അധികാരം നഷ്ടപ്പെടുത്താതിരിക്കലാണല്ലോ വിവേകം. അടിക്കു തിരിച്ചടി എന്ന പിണറായി ശൈലി ഇക്കാര്യത്തില്‍ എടുത്തില്ല.


ഗോദയില്‍ കാണാം, ആ പരിപ്പ് വേവില്ല, ഇതു വേറെയാണ് പാര്‍ട്ടി തുടങ്ങിയ പതിവു പ്രയോഗങ്ങളും ഉണ്ടായില്ല. (ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ നടന്നതിന്‍റെ കേട് തീര്‍ന്നു വരുന്നതേയുള്ളു).


ഒന്നാം തരം 'സ്റ്റേറ്റ്സ് മാന്‍' ശൈലിയിലാണ് പിണറായി സംസാരിച്ചത്. വിദേശങ്ങളില്‍ പോയി ഭരണവും തന്ത്രജ്ഞതയും രാഷ്ട്രമീമാംസയും എന്തെന്നറിയാവുന്നവരുമായി കുറെ ദിവസം ചെലവഴിച്ചതിന്‍റെ ഗുണം. 'സം സര്‍ഗാ ഗുണാ:' എന്നാണല്ലോ. ഇനി ഇവിടെ വന്നു കൂതറകളോടൊപ്പം കഴിയുമ്പോള്‍ മാറാന്‍ കുറഞ്ഞത് ഒന്നു രണ്ടാഴ്ചയെടുക്കും.

മോഹന്‍ ലാലിനുമുണ്ട് ഈ പ്രശ്നം. പത്മരാജന്‍, അരവിന്ദന്‍ തുടങ്ങിയ മഹാരഥന്‍മാരോടൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങി കുറെ നാളത്തേക്കു ബുദ്ധിജീവിയായിരിക്കും. സംസാരത്തിലും ഇരിപ്പിലും ഭാവത്തിലുമൊക്കെ. ഷാജി കൈലാസ്, പ്രിയദര്‍ശന്‍, ജോഷി തുടങ്ങിയവരോടൊപ്പം കുറെനാള്‍ പ്രവര്‍ത്തിച്ചാലേ സ്വരം വെളിയില്‍ വരൂ. ഇതേക്കുറിച്ച് കെ.ബി ഗണേഷ് കുമാറിന്‍റെ ഒരു കമന്‍റുണ്ട്. ഭോഗി യോഗിയായാല്‍ രോഗിയാകും.

ഭരണഘടനയേയും സുപ്രീം കോടതി വിധികളെയും പിടിച്ചായിരുന്നു മുഖ്യന്‍റെ ന്യായവാദം. അതു നന്നായി. പക്ഷേ ഒരു പ്രശ്നമുണ്ട് വര്‍മ്മസാറേ. അങ്ങയുടെ തന്തയല്ലല്ലോ എന്‍റെ തന്ത എന്ന മട്ടില്‍ പറഞ്ഞാല്‍ പ്രശ്നമിതാണ്.

ഭരണഘടനയില്‍ ഗവര്‍ണറുടെ ചുമതലകള്‍ വിശദീകരിക്കുന്നത് 154 അനുഛേദത്തിലാണ്. അതില്‍ പറയുന്നതിങ്ങനെ:

1) The executive power of the State shall be vested in the Governor and shall be exercised by him either directly or through officers subordinate to him in accordance with this Constitution.

അനുഛേദം 163 ല്‍ പറയുന്നതിങ്ങനെ:

1) There shall be a council of Ministers with the chief Minister at the head to aid and advise the Governor in the exercise of his functions, except in so far as he is by or under this constitution required to exercise his functions or any of them in his discretion.

അതായത് മന്ത്രിസഭയ്ക്കു സഹായിക്കാനും ഉപദേശിക്കാനും (aid and advise) മാത്രമേ അധികാരമുള്ളു. വിവേചനാധികാരം ഗവര്‍ണര്‍ പ്രയോഗിക്കാമെന്ന് അനുഛേദം 163 (2) ല്‍ പറയുന്നുണ്ട്.

തുടര്‍ന്നാണ് രണ്ടു വിവേചനാധികാരങ്ങള്‍ ഗവര്‍ണര്‍ക്കു പ്രയോഗിക്കാമെന്നു പറയുന്നത്. ഒന്ന്: ഭരണഘടനാപരമായതല്ല മന്ത്രിസഭയുടെ ഉപദേശമെന്ന് ഗവര്‍ണര്‍ക്കു തോന്നിയാല്‍, രണ്ട്: മന്ത്രിസഭയുടെ ഉപദേശം അപ്പോഴത്തെ സാഹചര്യത്തില്‍ അനുചിതമെന്നു ഗവര്‍ണര്‍ക്കു തോന്നിയാല്‍.

ഇതറിയാഞ്ഞിട്ടല്ല മുഖ്യമന്ത്രി ഭരണഘടന ഉദ്ധരിച്ചത്. അദ്ദേഹത്തിന് അങ്ങനേ പറയാന്‍ കഴിയൂ. ഗവര്‍ണര്‍ തന്നില്‍ നിക്ഷിപ്തമായ അധികാരങ്ങളെല്ലാം എടുത്തു പ്രയോഗിക്കാന്‍ തുടങ്ങിയാല്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളം കുടിക്കും. കോടതികളെ അഭയംപ്രാപിക്കുകയേ നിവൃത്തിയുള്ളു.

രാഷ്ട്രപതിയേക്കാള്‍ അധികാരം ഗവര്‍ണര്‍ക്കുണ്ട് ഈ വിഷയത്തില്‍. രാഷ്ട്രപതിക്ക് പ്രധാനമന്ത്രിയെ പിരിച്ചു വിടാന്‍ മറ്റൊരാളെ നിയമിക്കണം, ലോക്സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പറയണം. എന്നാല്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച്‌ നിയമസഭ പിരിച്ചുവിടപ്പെട്ടാല്‍ ഗവര്‍ണര്‍ക്കു തന്നെ സംസ്ഥാനം ഭരിക്കാം. രാഷ്ട്രപതിക്ക് രാജ്യം ഭരിക്കാനാവില്ല. സാഹചര്യ വിവേചനാധികാരവും രാഷ്ട്രപതിക്കില്ല. ഗവര്‍ണര്‍ക്കുണ്ട്.


മന്ത്രിമാരൊക്കെ കരുതലോടെയാണ് ഗവര്‍ണര്‍ക്കെതിരെ സംസാരിച്ചത്. കസേര തെറിപ്പിച്ചുകളയുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ 'എന്നാല്‍ അതൊന്നു കാണണമല്ലോ' എന്ന മട്ടിലല്ല. അങ്ങനെ ചെയ്താല്‍ അതും ഭരണഘടനാ വിരുദ്ധമാകും എന്ന മട്ടില്‍ നിന്നതേയുള്ളു മന്ത്രി വി. ശിവന്‍കുട്ടി പോലും.


മന്ത്രി എം.ബി രാജേഷാകട്ടെ കടന്നു പറഞ്ഞതിന്‍റെ അപകടം മനസിലാക്കി ഉടന്‍ തന്നെ സ്വന്തം ഫേസ് ബുക്ക് പോസ്റ്റ് മുക്കിക്കളഞ്ഞു. എ.കെ.ജി സെന്‍ററില്‍ പ്രായോഗിക ബുദ്ധിയുള്ള ആരോ പണി തുടങ്ങിയിട്ടുണ്ട്. കൊടിയേരി പോയതോടെ ആ ഇടം ഒഴിഞ്ഞു കിടക്കുകയായിരുന്നല്ലോ.

ഇനി ചാനല്‍ ചര്‍ച്ചക്കാരായ മൂന്നാം നിരക്കാരെക്കൂടി ഒന്നു നിലക്കുനിര്‍ത്തിയാല്‍ മതി. ഇപ്പോഴും 'ഇന്ത്യന്‍ ടൈ' പുറപ്പുറത്തുതന്നെ എന്നു സ്ഥാപിക്കാന്‍ വല്ലതുമൊക്കെ വിളിച്ചു പറയും. അതെല്ലാം രാജ്ഭവനില്‍ റിക്കാര്‍ഡു ചെയ്യും.


മലയാളം മനസിലാകാത്ത ഖാനെ എരിവും പുളിയും ചേര്‍ത്ത്, അധിക ഉപ്പും കൈയ്പ്പും ചേര്‍ത്ത് വിവര്‍ത്തകര്‍ പറഞ്ഞു കൊടുക്കും. അപ്പോഴാണ് അവിടുത്തെ കുരു പൊട്ടുക.


ഇനി പരസ്പര ബഹുമാനത്തോടെ സംസാരിക്കുകയും ഗവര്‍ണറെ നോക്കുകുത്തിയാക്കാനുള്ള ശ്രമത്തില്‍ നിന്നു പിന്തിരിയുകയും ചെയ്യുക. സര്‍വകലാശാലകള്‍ ഗവര്‍ണര്‍ക്കു കൊടുത്തിട്ടു ലോകായുക്തയിലെ അപകടം ഒന്നു ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ ഖാന്‍ എന്നേ പത്തി മടക്കിയേനേ. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറെ നിയമിച്ച മോഡലില്‍. സ്വന്തം നാടിനേക്കാള്‍ പ്രധാനമല്ലേ സ്വന്തം കസേര, ഗവര്‍ണറും ഊരിയ വാളുറയിലിടണം. രക്തം കണ്ടേ പറ്റൂ എന്നു പറയാന്‍ അദ്ദേഹം രജപുത്രനല്ലല്ലോ.

Advertisment