Advertisment

ഉമ്മന്‍ചാണ്ടി മലയാളികളുടെ പൊതു സ്വത്താണ്; പുതുപ്പള്ളിക്കാരുടെ മാത്രമല്ല കേരളത്തിന്‍റെയാകെ സ്വകാര്യ അഹങ്കാരമല്ലേ കുഞ്ഞൂഞ്ഞ്? കോടിയേരിയുടെ വീട്ടില്‍ ബിനീഷിന്‍റെ കൈപിടിച്ചു പടികള്‍ കയറുന്ന ഉമ്മന്‍ചാണ്ടിയെ കണ്ടപ്പോള്‍ വേദനയാണു തോന്നിയത്; കേരളമാകെ ഓടിനടന്ന ഇത്ര ജനകീയനായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല! പോക്കറ്റിലെ ചെറു ബുക്കിലെഴുതുന്ന പരിപാടികള്‍ക്കൊക്കെ കൃത്യമായെത്തുന്ന അദ്ദേഹം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കൊക്കെ അത്ഭുതമാണ്‌; ഉഷാറായി ഓടിനടക്കുന്ന പഴയ ഒ.സിയെ നമുക്കു വേണം-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
jayasreee
New Update

publive-image

Advertisment

ഉമ്മന്‍ ചാണ്ടിയുടെ ഉടമസ്ഥത ആര്‍ക്കാണ് ? മറിയാമ്മക്കോ ചാണ്ടിക്കോ അച്ചുവിനോ ഒന്നുമല്ല. കേരളത്തിനു തന്നെ. കാരണം അദ്ദേഹം മലയാളികളുടെ പൊതു സ്വത്താണ്. എ ഗ്രൂപ്പുകാരുടെയോ കൂടെയുള്ള കുട കമ്പികളുടെയോ സ്വകാര്യ സ്വത്തല്ല ഉമ്മന്‍ ചാണ്ടി. കുറേ നാളായി അദ്ദേഹത്തിന് വയ്യാതായിട്ട്. പുറത്തു കേട്ടതൊക്കെ നാണിപ്പിക്കുന്ന കാര്യങ്ങളാണ്. വീട്ടുകാര്‍ ചികിത്സ നിഷേധിക്കുന്നു എന്നുവരെ കേട്ടു. പെന്തകോസ്റ്റല്‍ വിശ്വാസിയായി മാറിയ ഭാര്യ നല്ല ചികിത്സക്കെതിരെ നില്‍ക്കുന്നുവെന്നും പാട്ടും പ്രാര്‍ത്ഥനയുമായി കഴിയുകയാണെന്നും കിംവദന്ദികള്‍ പരന്നു. അതിന്‍റെ സത്യാവസ്ഥ അറിയില്ല.


ഒരു കാര്യം സത്യമാണ്. നാള്‍ക്കുനാള്‍ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ശബ്ദം നേര്‍ത്തുവന്നു. ഭാരം കുറഞ്ഞു. സ്വതവേ മെലിഞ്ഞ ശരീരം കടുതല്‍ മെലിഞ്ഞു.


ഉമ്മന്‍ ചാണ്ടിയെക്കൊണ്ടു നേട്ടമുണ്ടാക്കിയവരൊന്നും വേണ്ടത്ര താല്‍പര്യമെടുത്തില്ല. അങ്ങനെ അനാദരിക്കപ്പെടേണ്ടവനാണോ അദ്ദേഹം ? പുതുപ്പള്ളിക്കാരുടെ മാത്രമല്ല കേരളത്തിന്‍റെയാകെ സ്വകാര്യ അഹങ്കാരമല്ലേ കുഞ്ഞൂഞ്ഞ്. കെട്ടിയെഴുന്നള്ളിച്ചു ഇവരൊക്കെ എത്ര വിജയങ്ങള്‍ കൊയ്തതാണ് ?

മക്കള്‍ക്കു പണമുണ്ടാക്കിയെന്ന ആക്ഷേപമൊന്നും ഉമ്മന്‍ ചാണ്ടിയെ കുറിച്ചേറെ കേട്ടിട്ടില്ല. എ ഗ്രൂപ്പുകാര്‍ ആണല്ലോ നേട്ടമുണ്ടാക്കിയതത്രയും. പിന്നെ എ.കെ. ആന്‍റണിയും. ആന്‍റണിയെങ്കിലും മുന്‍കൈയ്യെടുക്കുമെന്ന് ചിന്തിച്ചവര്‍ക്കു തെറ്റിയോ ? അതോ അദ്ദേഹം മുന്‍കൈയ്യെടുത്തിട്ടും നടക്കാതെ പോയതാണോ ?

കോടിയേരിയുടെ വീട്ടില്‍ ബിനീഷിന്‍റെ കൈപിടിച്ചു പടികള്‍ കയറുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ (ഫോട്ടോയില്‍) വേദനയാണു തോന്നിയത്.


കേരളമാകെ ഓടിനടന്ന ഇത്ര ജനകീയനായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എ.കെ ആന്‍റണി ഒട്ടും ജനകീയനായിരുന്നില്ല. കരുണാകരന്‍ ഉഗ്ര പ്രതാപിയായിരുന്നു. ഈച്ച പോലും അനങ്ങില്ല. അവര്‍ക്കൊക്കെ അപവാദമായി രാവും പകലും ഓടിനടന്ന ഉമ്മന്‍ ചാണ്ടി സൃഷ്ടിച്ച പദ്ധതികള്‍ നോക്കൂ. ജനക്കൂട്ടത്തിനിടയില്‍ നിന്നും എപ്പോഴാണ് അദ്ദേഹം വികസന പദ്ധതികളെക്കുറിച്ച് ചിന്തിച്ചതെന്നാരും അത്ഭുതപ്പെട്ടു പോകും ?


കക്കൂസില്‍ വരെ അനുയായികള്‍ കയറുന്നതിന് അനുമതി നല്‍കുന്ന നേതാവ് വേറെ ആരാണ് ? ഓരോരുത്തരുടെ മുഖത്തു നോക്കി മൂലയിലേക്ക് പേര്‍ വിളിച്ചു കൂട്ടിക്കൊണ്ടുപോയി കാര്യം നടത്തി തരുന്നത് വേറെ ആരാണ് ? പോക്കറ്റിലെ ചെറു ബുക്കിലെഴുതുന്ന പരിപാടികള്‍ക്കൊക്കെ കൃത്യമായെത്തുന്ന ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കൊക്കെ നല്‍കുന്നത് അത്ഭുതമല്ലാതെ മറ്റെന്താണ് ?

സമയത്തിനെത്തില്ല എന്നതു വേറെ കാര്യം. ഓടിയെത്തേണ്ടേ ? അത്രക്കാണ് ഏല്‍ക്കുന്ന പരിപാടികള്‍. മാത്യുവും ആര്‍.കെയും ജോപ്പനുമൊക്കെ കൂടെ ഓടി തളര്‍ന്നവര്‍. പക്ഷേ അവര്‍ക്കും മേലേ ഓടുന്ന ഈ ഓട്ടക്കാരന്‍ ആരോടെങ്കിലും കയര്‍ത്തിട്ടുണ്ടോ ? അറിയില്ല. ദേഷ്യപ്പെട്ടിട്ടുണ്ടോ ? അതും അറിയില്ല. ആരോടും നോ പറയാനറിയാത്ത ഉമ്മന്‍ ചാണ്ടിക്കു ഗ്രൂപ്പ് വിട്ടൊരു കളി ഇല്ലായിരുന്നു എന്ന ഐ ഗ്രൂപ്പ് ആരോപണത്തെ മഹത്വമായി കാണാനാണ് എനിക്കിഷ്ടം. കാരണം അത് തന്നെ മുഖമുദ്രയാക്കി മാറ്റുകയായിരുന്നല്ലോ ഉമ്മന്‍ ചാണ്ടി. അതു മറച്ചുവച്ചിട്ടില്ല. കരുണാകരനെ ഭരണത്തില്‍ നിന്നിറക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്വയം ആ കസേരയില്‍ അന്നു കയറി ഇരിക്കാന്‍ പോയില്ല.

എ.കെ ആന്‍റണിയെ അവരോധിക്കാനാണ് ശ്രമിച്ചത്. ആന്‍റണി, അധികാരമോഹിയെന്ന് തന്നെ എ ഗ്രൂപ്പുകാര്‍ വിളിച്ചുകളിയാക്കിയെന്നാരോപിച്ചപ്പോള്‍ ഗ്രൂപ്പിനു വേണ്ടി ഖേദം പ്രകടിപ്പിക്കാനും ഉമ്മന്‍ ചാണ്ടിയേ ഉണ്ടായിരുന്നുള്ളു.


മിമിക്രിക്കാരുടെ ഇഷ്ടവിഭവമാകുമ്പോഴും പുഞ്ചിരിച്ചുകൊണ്ടേ നില്‍ക്കൂ. കോട്ടയം നസീറൊക്കെ കീറി ഒട്ടിക്കുമ്പോഴും ഒ.സി.ക്ക് പരിഭവമില്ല.


ഒടുവില്‍ അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി വിദേശത്തേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചത് നന്നായി. വീട്ടുകാരും കുത്തുവാക്കുകളില്‍ നിന്നു രക്ഷപെട്ടു. അദ്ദേഹത്തെ അറിയുന്നവരുടെ ഉള്ളില്‍ ഈ ധാരണ ബലപ്പെട്ടിരുന്നു. ചികിത്സ തടയുന്നത് അന്ധവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് പരസ്പരം പലരും പറയുകയും പ്രമുഖര്‍ പോലും പഴിക്കുകയും ചെയ്തിരുന്നു. ആരേയും വേദനിപ്പിക്കേണ്ടന്നു കരുതി പുറത്തു പറഞ്ഞില്ല എന്നേയുള്ളു.

ഉഷാറായി ഓടിനടക്കുന്ന മുറി നിറയെ അനുയായികളെ കയറ്റുന്ന കാറിന്‍റെ ഡിക്കിയില്‍ വരെ ഗ്രൂപ്പുകാരെ നിറക്കുന്ന പഴയ ഒ.സി.യെ നമുക്കു മടക്കിവേണം. മാര്‍ക്സിസ്റ്റുകാര്‍ പോലും അതാഗ്രഹിക്കുന്നുണ്ടാവണം.

Advertisment