Advertisment

ഷാരോണിനെ പല ആശുപത്രിയിലും ചികിത്സിച്ചത്രെ; എന്തുകൊണ്ട് ഷാരോണിനെ രക്ഷപെടുത്താന്‍ പ്രസ്തുത ചികിത്സകള്‍ക്കു കഴിഞ്ഞില്ല, അതും അന്വേഷിക്കേണ്ടേ ? ദുരൂഹത ഏറുന്നു! പ്രതി പോലീസ് കക്കൂസിലെ ക്ലീനിംഗ് ലോഷന്‍ കഴിച്ചത്രെ; വിഷം കൊടുത്തയാള്‍ക്ക് ലോഷന്‍ അപകടകരമല്ലെന്നറിയില്ലേ ? ഷാരോണിന്‍റെ അച്ഛന്‍ ചാനലുകളില്‍ ആരോപിച്ചതുപോലെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ഊരിപ്പോരാനുള്ള തന്ത്രമാണോ ? അന്തിചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കട്ടെ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

New Update

publive-image

Advertisment

സ്വന്തം കാമുകനെ വിഷം കൊടുത്തു കൊന്ന ഗ്രീഷ്മയാണിപ്പോള്‍ താരം. ന്യായാന്യായങ്ങള്‍ ചികയുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ടതു മാത്രം ഷാരോണിനു മിച്ചം.

അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. എത്ര ലാഘവത്തോടെയാണ് പ്രണയത്തെ ചെറുപ്പക്കാര്‍ കാണുന്നത് ? താലോലിക്കുന്നത് ? വിദേശത്തൊക്കെ പ്രണയം ആരംഭിക്കുന്നതിനു ശേഷം വിവാഹത്തിനിടയിലുള്ള സമയം ഡേറ്റിംഗ് നടത്തി ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ പാകപ്പെട്ടവരാണെന്നു പരസ്പരം ബോധ്യപ്പെട്ടതിനു ശേഷമാണ് വിവാഹം. ഡേറ്റിംഗെന്നാല്‍ വിവാഹം കഴിക്കാതെ കിടക്ക പങ്കിടാനുള്ള കുറുക്കുവഴിയാണെന്ന് നമ്മുടെ ചെറുപ്പക്കാര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നതു വേറെ കാര്യം.

പ്രണയം മുന്നേറുന്നതിനിടെ ഗ്രീഷ്മയുടെ വിവാഹം നിശ്ചയിക്കുന്നു. ഒരു പട്ടാളക്കാരന്‍. ആ പാവത്തിന്‍റെ അവസ്ഥയാണ് പരിതാപകരം. പ്രണയ ബന്ധങ്ങള്‍ ബ്രേക്കപ്പിലാവുക ഇന്നത്തെ കാലത്ത് പുതുമയുള്ള കാര്യമേയല്ല. ഇപ്പോഴത്തെ മലയാള സിനിമകളില്‍ രണ്ടു മൂന്നു ബ്രേക്കപ്പും തേപ്പും നടത്താത്ത കാമുകീ കാമുകന്‍മാരില്ല. ആരും മരം ചുറ്റി നടന്നു പാടി ഉരുകി ഉരുകി തീരാറില്ല. കടപ്പുറത്തു നടന്നു ജീവിതം ഹോമിക്കാറുമില്ല.


ഒന്നുകില്‍ സലാം പറഞ്ഞു പിരിയും. നല്ല സുഹൃത്തുക്കളായി പിരിയും. അല്ലെങ്കില്‍ ആസിഡൊഴിക്കും. കഴുത്തറക്കും. അതുമല്ലെങ്കില്‍ വിഷം കൊടുക്കും. വിഷത്തിനു പകരം കീടനാശിനിയായിപ്പോയെന്നേയുള്ളു.


കീടനാശിനി കുടിച്ച ഷാരോണിനെ പല ആശുപത്രിയിലും ചികിത്സിച്ചത്രെ. എന്തുകൊണ്ട് ഷാരോണിനെ രക്ഷപെടുത്താന്‍ പ്രസ്തുത ചികിത്സകള്‍ക്കു കഴിഞ്ഞില്ല. അതും അന്വേഷിക്കേണ്ടേ ? കീടനാശിനി കഴിച്ചാല്‍ കുറെ ദിവസത്തെ ചികിത്സയ്ക്കു ശേഷം മരിക്കുമോ ? ദുരൂഹത ഏറുന്നു. പോലീസിന് ഒരു ഗൂഢാലോചനകുറ്റം കൂടി ചാര്‍ത്താം. എല്‍ദോസ് മോഡലില്‍ വിരോധമുള്ളവരെ പ്രതികളാക്കാം. സാഹചര്യ തെളിവുകള്‍ മതിയല്ലോ. പ്രതി കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. അതുറപ്പാണോ എന്നറിയില്ല. പോലീസ് പറയുന്നതു വിശ്വസിക്കുകയേ നിവൃത്തിയുള്ളു. പ്രതി അവരുടെ കസ്റ്റഡിയിലാണല്ലോ. പ്രതി രണ്ടു ലഘു പാനീയ കുപ്പികള്‍ കൈയ്യില്‍ വച്ചിരിക്കുന്നതാണ് ശാസ്ത്രീയ തെളിവെങ്കില്‍ ഗ്രീഷ്മ ഊരിപ്പോരും. മരണമൊഴിയില്ലല്ലോ.

ഒടുവില്‍ പ്രതി പോലീസ് കക്കൂസിലെ ക്ലീനിംഗ് ലോഷന്‍ കഴിച്ചത്രെ. വിഷം കൊടുത്തയാള്‍ക്ക് ലോഷന്‍ അപകടകരമല്ലെന്നറിയില്ലേ ? ഷാരോണിന്‍റെ അച്ഛന്‍ ചാനലുകളില്‍ ആരോപിച്ചതുപോലെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ഊരിപ്പോരാനുള്ള തന്ത്രമാണോ ? അന്തിചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കട്ടെ.


ടി.വിക്കാര്‍ ഗ്രീഷ്മയുടെ പിറകേ ഓടി ഓടി തളര്‍ന്നു കാണും. തെളിവെടുപ്പെന്നു പറഞ്ഞു കെട്ടിയെഴുന്നള്ളിപ്പിക്കല്‍ എന്ന പ്രഹസനമാണ് ഇന്ത്യന്‍ തെളിവു നിയമത്തിലെ കോമഡി.


സംഭവം നടന്നയിടങ്ങളിലെല്ലാം - വാദിയും പ്രതിയും കൂടി കണ്ട സ്ഥലങ്ങളിലെല്ലാം - പ്രതിയെ കൊണ്ടു നടക്കണം. പ്രതി കാണിച്ചു കൊടുക്കും ഇവിടെ നിന്നാണ് കീടനാശിനി വാങ്ങിയത്, അവിടെ നിന്നാണ് കത്തി എടുത്തത്...

അങ്ങനെയൊക്കെ പറഞ്ഞതായി പോലീസ് എഴുതിവയ്ക്കും. അതൊക്കെ ന്യായാധിപന്‍മാര്‍ കണ്ണുമടച്ചു വിശ്വസിക്കും. അങ്ങിനെ പ്രതികള്‍ ശിക്ഷിക്കപ്പെടും. ഹൊ ! എന്തൊരു ഭാവന...

ജാമ്യം നിഷേധിക്കപ്പെടാന്‍ പോലീസ് എഴുതിവക്കുന്ന കള്ളത്തരങ്ങളേറെയുണ്ട്. എഴുന്നേറ്റു നടക്കാന്‍ വയ്യാത്ത പ്രതിപോലും ഉന്നതങ്ങളില്‍ സ്വാധീനമുള്ളവനാണെന്നും പുറത്തിറങ്ങിയാല്‍ തെളിവെല്ലാം തിന്നു തീര്‍ക്കുമെന്നുമൊക്കെ... മിക്ക പ്രതികള്‍ക്കും ഒരേ സാഹിത്യമാണ് ഉപയോഗിക്കുക. പേരും വിലാസവും മാത്രമേ മാറ്റൂ.

നരബലിക്കു ശേഷം മാധ്യമങ്ങള്‍ക്കു കിട്ടിയ ഒരു ചാകരയാണ് ഈ മരണം. പ്രതി യുവതിയും അതു കാണാന്‍ കൊള്ളാവുന്നവളുമാണെങ്കില്‍ ജനങ്ങള്‍ക്കും ആവേശം കൂടും. ചെങ്ങന്നൂരും കൂടത്തായിയുമൊക്കെ ഉദാഹരണങ്ങള്‍.

ഇവിടെയും അന്ധവിശ്വാസമുണ്ട്. പഠിക്കാന്‍ മിടുക്കിയായിരുന്ന പ്രതി ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന വിധിയുടെ കളിയില്‍ നിന്നും പട്ടാളക്കാരനെ രക്ഷിക്കാനാണ് ഷാരോണിനെ കൊന്നത്. എപ്പോഴും വിഷം നിറച്ച (അഥവാ കീടനാശിനി) ജ്യൂസ് കുപ്പികള്‍ കൊണ്ടു നടക്കുമായിരുന്നു. മുമ്പും ജ്യൂസ് കഴിപ്പിച്ചു. അയാള്‍ ആശുപത്രിയിലായി. എന്നിട്ടും അവനതൊന്നും മനസിലായില്ല. കാമുകനെ കൊല്ലാന്‍ ജ്യൂസുമായി ആഴ്ചകള്‍ പിറകേ നടന്ന യുവതിയായി പ്രതിയെ മാറ്റിയപ്പോള്‍ കഥക്കു കളറായി. ഇതൊക്കെ ശരിയോ എന്തോ ? പോലീസാണെങ്കില്‍ ബ്രീഫിംഗ് ചുമതല മരിച്ചയാളിന്‍റെ ബന്ധുക്കളെ ഏല്‍പ്പിച്ചു മുഖം രക്ഷിച്ചു.

സത്യാവസ്ഥ പുറത്തു വരണം. വാര്‍ത്തകള്‍ക്കൊരു ദിവസമേ ആയുസുള്ളു എന്ന ന്യായം വച്ച് അളന്നാലും ഇന്നത്തെ പത്രങ്ങളിലും ഇന്നലെ മുതല്‍ ചാനലുകളിലും വരുന്ന കഥകള്‍ 'കടന്ന കൈ'യായിപ്പോയി.

സെപ്തംബര്‍ 11 ന് അമേരിക്കയില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ട വിമാനാക്രമണത്തില്‍ മരിച്ച ഒരാളുടെ മൃതദേഹമെങ്കിലും അവിടുത്തെ മാധ്യമങ്ങള്‍ കാണിച്ചോ ? അവിടുത്തെ ആശാന്‍മാരും കാണിച്ചില്ല. കിട്ടിയിട്ടുവേണ്ടേ കാണിക്കാന്‍. അതു മുതലാളിത്ത ബൂര്‍ഷ്വാ മാധ്യമങ്ങള്‍. നമ്മുടേതു ജനകീയ മാധ്യമങ്ങള്‍. ഹ ഹ !

Advertisment